SignIn
Kerala Kaumudi Online
Friday, 19 June 2026 4.53 PM IST

ക്രിമിനൽ കോടീശ്വരിയുടെ ആഡംബര ബാഗുകൾക്ക് 5 കോടി രൂപ

pic

ഹാനോയ്: വിയറ്റ്നാമിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയായ ശതകോടീശ്വരി ട്രൂംഗ് മൈ ലാന്റെ (69) ആഡംബര ബാഗ് കളക്ഷന് ലേലത്തിൽ ലഭിച്ചത് ഏകദേശം 5.05 കോടിയിലേറെ രൂപ ( 5,35,000 ഡോളർ). ലോകത്തെ ഏറ്റവും വിലയേറിയ ഹെർമെസ് ബിർകിൻ ബാഗുകളും ലേലം ചെയ്തവയിൽ ഉൾപ്പെടുന്നു.

റിയൽ എസ്റ്റേറ്റ് വ്യവസായ പ്രമുഖയായ ലാൻ 1200 കോടി ഡോളർ തട്ടിയെന്നാണ് കേസ്. കേസിൽ ലാൻ അറസ്റ്റിലായ ശേഷം അധികൃതർ പിടിച്ചെടുത്തതാണ് ഈ ബാഗുകൾ. ലാന്റെ ആഭരണങ്ങളും കാറുകളും ഭൂസ്വത്തുക്കളും അടക്കം പിടിച്ചെടുത്ത് വിൽക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട നഷ്ടപരിഹാരങ്ങൾക്ക് അടക്കം തുക വിനിയോഗിക്കും.

'വാൻ തിൻ ഫാറ്റ് " എന്ന റിയൽ എസ്റ്റേറ്റ് കമ്പനിയുടെ ഉടമയായിരുന്നു ലാൻ. 2024ൽ ഇവർക്ക് വിയറ്റ്നാമീസ് കോടതി വധശിക്ഷ വിധിച്ചെങ്കിലും കഴിഞ്ഞ വർഷമത് ജീവപര്യന്തമാക്കി കുറച്ചു.

രാജ്യത്തെ പകുതിയോളം റിയൽ എസ്റ്റേറ്റ് ഇടപാടുകളും ലാന്റെ കമ്പനിയാണ് നിയന്ത്രിച്ചിരുന്നത്. സൈഗോൾ കൊമേഴ്ഷ്യൽ ബാങ്കിൽ (എസ്.സി.ബി ) നിന്ന് ലാൻ 2012 - 2022 കാലയളവിലാണ് തുക തട്ടിയെടുത്തത്. ബാങ്കിനെ അനധികൃതമായി നിയന്ത്രിച്ച ഇവർ കൂട്ടാളികളുമായി ചേർന്ന് വായ്പകൾ നേടുകയും ബാങ്കിനെ നഷ്ടത്തിലാക്കുകയും ചെയ്തു. ഇതിന് സർക്കാർ ഉദ്യോഗസ്ഥർക്കടക്കം കൈക്കൂലി നൽകി.

ഏകദേശം 42,000 പേർ ലാന്റെ തട്ടിപ്പിനിരയായെന്നാണ് കണക്ക്. മുൻ സെൻട്രൽ ബാങ്ക് ഉദ്യോഗസ്ഥരും സർക്കാർ ഉദ്യോഗസ്ഥരും എസ്.സി.ബി എക്സിക്യൂട്ടീവുകളും അടക്കം 85 പേരും കേസിൽ പ്രതികളാണ്. ഇവർക്ക് ജീവപര്യന്തം അടക്കം ശിക്ഷകൾ വിധിച്ചിരുന്നു. 2022ലാണ് ലാൻ അറസ്റ്റിലായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360