SignIn
Kerala Kaumudi Online
Thursday, 25 June 2026 8.22 AM IST

വീഡിയോ കോളിൽ അമ്മയെ കണ്ടതും നിറചിരിയോടെ അബിഗേൽ, ആശ്വാസത്തിൽ ജോനാഥൻ; വീടിന് മുന്നിൽ നാട്ടുകാരുടെ ആഹ്ലാദപ്രകടനം

READ ENGLISH VERSION
abigail

കൊല്ലം: അബിഗേലിന്റെ വീട്ടിൽ ഇപ്പോൾ ആശ്വാസത്തിന്റെ അന്തരീക്ഷമാണ്. അൽപ്പസമയത്തിന് മുമ്പാണ് അബിഗേലുമായി അമ്മ സിജി വീഡിയോ കോളിലൂടെ സംസാരിച്ചത്. ആദ്യം വിഷമിച്ചിരുന്ന കുട്ടി അമ്മയെ കണ്ടതോടെ ചിരിച്ചു. അബിഗേലിന്റെ സഹോദരൻ ജോനാഥന്റെ മുഖത്തും വലിയ ആശ്വാസത്തിന്റെ പുഞ്ചിരി കാണാമായിരുന്നു. കുട്ടിയുടെ സന്തോഷം കണ്ടതോടെ സിജി ഫോൺ ഉയർത്തി വീട്ടിലുണ്ടായിരുന്ന ബന്ധുക്കൾക്കും നാട്ടുകാർക്കും മാദ്ധ്യമപ്രവർത്തകർക്കും കാണിച്ചുകൊടുത്തു. വീടിന് പുറത്ത് അബിഗേലിനെ തിരിച്ച് കിട്ടിയതിന്റെ ആഹ്ലാദപ്രകടനങ്ങൾ നടക്കുകയാണ്.

കൊല്ലം ആശ്രാമം മൈതനത്താണ് പ്രതികൾ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. എസ് എൻ കോളേജിലെ വിദ്യാർത്ഥികളാണ് അബിഗേലിനെ ആദ്യം കണ്ടത്. അപ്പോൾ ഒപ്പമൊരു സ്ത്രീ ഉണ്ടായിരുന്നു എന്നാണ് ഇവർ പറയുന്നത്. പ്രതികൾക്കായുള്ള തെരച്ചിൽ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. പണം ആവശ്യപ്പെട്ട് വന്ന ഫോണ്‍കോളിലും രേഖാചിത്രത്തിലും കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം. പള്ളിക്കല്‍ മേഖല കേന്ദ്രീകരിച്ച് വീടുകളടക്കം കയറി പൊലീസ് പരിശോധന നടത്തിയിരുന്നു.

പ്രതികളില്‍ ഒരാളുടെ രേഖാചിത്രവും പൊലീസ് പുറത്തുവിട്ടിരുന്നു. അതിനിടെ കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത് ഒരാള്‍ നോക്കി നില്‍ക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. ഇയാളെ കണ്ടെത്താനും പൊലീസ് അന്വേഷണം നടത്തിയിരുന്നു. പ്രതികളെ കണ്ടെത്തുന്നതിന് മുന്നോടിയായി ഇയാളെയും തിരിച്ചറിയേണ്ടതുണ്ട്.

കുട്ടിയെ കൊല്ലത്ത് നിന്ന് കാണാതായതിന് പിന്നാലെ തന്നെ പൊലീസ് കൊല്ലം-തിരുവനന്തപുരം ജില്ലകള്‍ കേന്ദ്രീകരിച്ച് പരിശോധന കര്‍ശനമാക്കിയിരുന്നു. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും വിവരം കൈമാറിയെങ്കിലും കൊല്ലം, തിരുവനന്തപുരം ജില്ലകള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

ഇന്നലെ രാത്രിയില്‍ പൊലീസിനൊപ്പം നാട്ടുകാരും കുട്ടിക്കായി തെരച്ചില്‍ നടത്തിയിരുന്നു. പൂയപ്പള്ളി കാറ്റാടിമുക്കിന് സമീപം ഓട്ടുമല റെജി ഭവനില്‍ റെജി ജോണിന്റെയും സിജിയുടെയും ഇളയ മകളാണ് അബിഗേല്‍. പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയിലെ ഡയാലിസിസ് ഇന്‍ചാര്‍ജ്ജാണ് റെജി. സിജി കൊട്ടിയം കിംസിലെ നഴ്‌സും. വ്യാജ നമ്പര്‍ വച്ച വെള്ള ഹോണ്ട കാറിലെത്തിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ABIGAIL, ABIGAIL SARA REJI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA