SignIn
Kerala Kaumudi Online
Saturday, 19 September 2026 12.12 AM IST

അഞ്ച് കൊതുകുജന്യ രോഗങ്ങൾ പകരാൻ സാദ്ധ്യത, ജാഗ്രത വേണം, മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

s

തിരുവനന്തപുരം : ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി ഉൾപ്പെടെയുള്ള കൊതുകുജന്യ രോഗങ്ങൾ പടരുന്നതിന് കാരണമാകുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു. ഡെങ്കിപ്പനി,​ ചിക്കുൻഗുനിയ,​ മലേറിയ,​ ഫൈലേറിയസിസ്,​ സിക്ക തുടങ്ങിയ ഗുരുതര രോഗങ്ങൾ കൊതുകുവഴി പടരാൻ സാദ്ധ്യതയുണ്ട് അതിനാൽ കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നൽകണമെന്നും മന്ത്രി അറിയിച്ചു.

വീടിനകത്തും പുറത്തും വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുത്. കൊതുകുകടി ഏൽക്കാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കണമെന്നും മന്ത്രി നിർദ്ദേശം നൽകി. ഈഡിസ് ഊജിപ്റ്റി കൊതുകുകൾ പരത്തുന്ന ഡെങ്കുവൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് ഇത്തരം കൊതുകുകൾ മുട്ടയിട്ട് വളരുന്നത്. കൊതുകുവഴി മാത്രമേ ഡെങ്കിപ്പനി ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുകയുള്ളൂ.

രോഗ ലക്ഷണങ്ങള്‍

മുതിര്‍ന്നവരെയും കുട്ടികളെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ് ഡെങ്കിപ്പനി. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ സാധാരണ വൈറല്‍ പനിയില്‍ നിന്ന് വ്യത്യസ്തമല്ലാത്തതിനാല്‍ പലപ്പോഴും ഡെങ്കിപ്പനി തിരിച്ചറിയാന്‍ വൈകുന്നു. പെട്ടെന്നുള്ള കടുത്ത പനിയാണ് തുടക്കം. ആരംഭത്തില്‍ തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനം പുരട്ടല്‍, ഛര്‍ദി, ക്ഷീണം, തൊണ്ടവേദന, ചെറിയ ചുമ തുടങ്ങിയ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. ഈ രോഗലക്ഷണങ്ങള്‍ എല്ലാം തന്നെ സാധാരണ പനിയോട് സാമ്യമുള്ളവയാണ്. കണ്ണിനു പുറകിലെ വേദന ഡെങ്കിപ്പനിയുടെ പ്രത്യേകതയാണ്.രോഗം ഗുരുതരമാകാതെ ശ്രദ്ധിക്കണം

രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് പെട്ടെന്ന് കുറയാന്‍ സാധ്യതയുള്ളതിനാല്‍ ആരംഭത്തില്‍ തന്നെ വിദഗ്ധ ചികിത്സ ലഭ്യമാക്കേണ്ടതാണ്. ചെറിയ പനി വന്നാല്‍ പോലും ഡെങ്കിപ്പനിയുടെ ലക്ഷണമെന്നു തോന്നിയാല്‍ ധാരാളം പാനീയങ്ങള്‍ കുടിക്കാന്‍ കൊടുക്കുക. പനി കുറയുന്നതിനുള്ള മരുന്ന് കൊടുത്തതിന് ശേഷം എത്രയും പെട്ടെന്ന് ആശുപത്രിയില്‍ വിദഗ്ധ ചികിത്സ തേടുക. ഏത് പനിയും പകര്‍ച്ചപ്പനി ആകാമെന്നതിനാല്‍ സ്വയം ചികിത്സിക്കരുത്.

ഏറ്റവും പ്രധാനംകൊതുകില്‍ നിന്നും സംരക്ഷണം നേടുക എന്നതാണ് ഡെങ്കിപ്പനിയുടെ ഏറ്റവും വലിയ സംരക്ഷണ മാര്‍ഗം. അതിനാല്‍ വീട്, സ്ഥാപനങ്ങള്‍ തുടങ്ങിയ കെട്ടിടങ്ങളുടെ അകത്തും മേല്‍ക്കൂരകളിലും പരിസരത്തും വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വീട്ടിനുള്ളില്‍ പൂച്ചട്ടികള്‍ക്ക് താഴെ വെള്ളം കെട്ടിനില്‍ക്കുന്ന പാത്രങ്ങളിലും ഫ്രിഡ്ജിന് അടിയില്‍ വെള്ളം നില്‍ക്കുന്ന ട്രേയിലും കൊതുക് മുട്ടയിടാന്‍ സാധ്യതയുണ്ട്. ഇവ ആഴ്ചയില്‍ ഒരിക്കല്‍ എങ്കിലും വൃത്തിയാക്കുക. വെള്ളം ശേഖരിക്കുന്ന പാത്രങ്ങളും ടാങ്കുകളും അടച്ചു സൂക്ഷിക്കുക. പനിയുള്ളവര്‍ കൊതുകുകടി ഏല്‍ക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HEALTH, VEENA GEORGE, DENGUE, DENGUE FEVER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA