SignIn
Kerala Kaumudi Online
Thursday, 19 February 2026 2.11 AM IST

എഐ ക്യാമറകൊണ്ട് ഇങ്ങനെയും ഗുണമുണ്ടായിരുന്നോ? പൊലീസ് സുല്ലിട്ടപ്പോൾ എഎംവി ബഡാ സ്റ്റാറായി

Increase Font Size Decrease Font Size Print Page
ai

കമ്പളക്കാട്: കമ്പളക്കാട് ടൗൺ പരിസരത്ത് നിർത്തിയിട്ടിരിക്കുന്ന വാഹനത്തിൽ നിന്നു ഹെൽമെറ്റ് മോഷ്ടിച്ചയാളെ വയനാട് ആർ.ടി.ഒ എൻഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥർ കണ്ടെത്തി. ഹെൽമറ്റ് ഉടമയായ യുവാവ് സി.സി ടി.വി ദൃശ്യ സഹിതം പൊലീസിനെ സമീപിച്ചെങ്കിലും രജിസ്‌ട്രേഷൻ നമ്പർ വ്യക്തമാകാത്തതിനാൽ അന്വേഷണം വഴിമുട്ടുകയായിരുന്നു.തുടർന്ന് പരാതിക്കാരൻ ആർ.ടി.ഒ എൻഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥരെ സമീപിക്കുകയായിരുന്നു.

തുടർന്ന് അസി.എം.വി.ഐമാരായ ടി.എ സുമേഷ്, കെ.സി സൗരഭ് എന്നിവർ സംഭവസ്ഥലത്തിന്റെ പരിസരത്തുള്ള എ.ഐ ക്യാമറ ചലാൻ ലിസ്റ്റുകൾ വിശദമായി പരിശോധിച്ച ശേഷം ഹെൽമറ്റില്ലാതെ വന്ന സ്‌കൂട്ടർ യാത്രികരെ തിരിച്ചറിയുകയായിരുന്നു.തുടർന്ന് വിവരങ്ങൾ പൊലീസിന് കൈമാറുകയും പ്രതിയെ പൊലീസ് കണ്ടെത്തി തുടർ നടപടി സ്വീകരിക്കുകയും ചെയ്തു. കോഴിക്കോട് സ്വദേശിയുടേതാണ് സ്‌കൂട്ടർ. അദ്ദേഹത്തിന്റെ കൂട്ടുകാരാണ് സ്‌കൂട്ടറുമായെത്തി മോഷണം നടത്തിയത്. വാഹനം സുഹൃത്തുക്കൾക്ക് കൊടുക്കുന്നവർ ശ്രദ്ധിക്കണമെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.

അതേസമയം,മോട്ടോർ വാഹന നിയമ ലംഘനത്തിന് എഐ ക്യാമറ വഴി പിഴയീടാക്കാൻ നോട്ടീസയക്കുന്നത് കെൽട്രോൺ നിറുത്തിവച്ചു. സർക്കാ‌ർ പണം നൽകാത്തതിനാലാണ് നോട്ടീസയക്കുന്നത് നിർത്തിയത്. തപാൽ നോട്ടീസിന് പകരം ഇ - ചെല്ലാൻ മാത്രമാണ് ഇപ്പോൾ അയക്കുന്നത്. ഇതുവരെ 339 കോടിയുടെ നിയമ ലംഘനങ്ങൾ കണ്ടെത്തിയതിൽ 62.5 കോടി മാത്രമാണ് ഖജനാവിലേക്ക് എത്തിയത്. ഇക്കഴിഞ്ഞ ജൂണ്‍ അ‍ഞ്ചിന് പിഴയീടാക്കാൻ തുടങ്ങിയപ്പോള്‍ പ്രതിമാസം നിയമലംഘനങ്ങള്‍ ഒന്നര ലക്ഷമായിരുന്നു. ഇപ്പോഴത് നാലര - അഞ്ച് ലക്ഷംവരെയായി.

പ്രതിവർഷം 25 ലക്ഷം നോട്ടീസയക്കുമെന്നായിരുന്നു കെൽട്രോണിന്റെ കരാർ. ഏപ്രിൽ ആയപ്പോഴേക്കും 25 ലക്ഷം കഴിഞ്ഞു. ഇനി നോട്ടീസയക്കണമെങ്കിൽ നോട്ടീസ് ഒന്നിന് 20 രൂപ വേണമെന്നാവശ്യപ്പെട്ട് കെൽട്രോൺ സർക്കാരിന് കത്ത് നൽകി. എന്നാൽ, സർക്കാർ ഇതിന് മറുപടി നൽകിയിട്ടില്ല. തുടർന്ന് പേപ്പർ വാങ്ങാൻ പോലും പണമില്ലെന്ന് ഗതാഗത കമ്മീഷണറെ അറിയിച്ച ശേഷം നോട്ടീസയക്കുന്നത് നിർത്തുകയായിരുന്നു. ഇപ്പോൾ നിയമലംഘനം കണ്ടെത്തി മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ അംഗീകരിച്ചാൽ മൊബൈലിലേക്ക് ഇ - ചെല്ലാൻ മാത്രം അയക്കും.

പക്ഷേ, മെസേജ് മാത്രം വന്നാൽ ആരും പിഴ അടക്കില്ല.പിഴ അടയ്‌ക്കാത്തവർക്കതിരെ കർശമായ നടപടികള്‍ തുടർന്നുണ്ടാകുമെന്ന മോട്ടോർ വാഹനവകുപ്പിന്റെ പ്രഖ്യാപനവും ഒന്നുമായില്ല. 339 കോടിയുടെ നിയമലംഘനങ്ങളാണ് ഇതേവരെ കണ്ടെത്തിയത്. എന്നാൽ നോട്ടീയച്ചിട്ടും നിയമലംഘകർ അടച്ചത് 62. 5 കോടി മാത്രമാണ്. ഏതാനും ആഴ്ചകളായി ഇ - ചെല്ലാൻ മാത്രം അയച്ച് തുടങ്ങിയതോടെ പിഴയിനത്തിലെ വരവും കുറഞ്ഞ‌ു.

TAGS: CASE DIARY, AICC, HELMET, THEFT, ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY