SignIn
Kerala Kaumudi Online
Wednesday, 01 July 2026 2.48 PM IST

നഗരത്തിൽ അവിടിവിടെ കൂണുപോലെ പൊന്തും, ആരോഗ്യത്തിനും കേട്, ആശങ്കയിൽ അധികൃതർ

town

പാലാ: നഗരത്തിൽ തട്ടുകടകൾ വ്യാപകമായതോടെ ആശങ്ക പങ്കുവെച്ച് പാലാ നഗരസഭ അധികാരികൾ. കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ യോഗത്തിൽ ഭരണപ്രതിപക്ഷാംഗങ്ങൾ ഒരുപോലെ വ്യാപകമായ തട്ടുകടകൾക്കെതിരെ രംഗത്തുവന്നുവെന്നതാണ് ശ്രദ്ധേയം. പ്രതിപക്ഷത്തെ ആനി ബിജോയിയാണ് ഈ വിഷയം ആദ്യം കൗൺസിലിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്. തുടർന്ന് പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനിയും മുൻ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻകൂടിയായ ഭരണ പക്ഷത്തെ ബൈജു കൊല്ലംപറമ്പിലും ആശങ്ക രേഖപ്പെടുത്തി.

എല്ലാവിധ ലൈസൻസോടുംകൂടി നല്ല മുതൽമുടക്കിൽ ഹോട്ടലുകൾ പ്രവർത്തിക്കുമ്പോൾ യാതൊരു ലൈസൻസുമില്ലാതെ കൂണുപോലെ മുളച്ചുപൊന്തിയ തട്ടുകടകൾ ജനങ്ങളുടെ ആരോഗ്യത്തെ തന്നെ ദോഷകരമായി ബാധിച്ചേക്കാമെന്ന് ബൈജു കൊല്ലംപറമ്പിലും പ്രൊഫ. സതീശ് ചൊള്ളാനിയും പറഞ്ഞു. തട്ടുകടകൾ നിയന്ത്രിക്കുകയും അവയുടെ ഗുണനിലവാരം കർശനമായി പരിശോധിക്കുകയും വേണമെന്ന് കൗൺസിൽ യോഗത്തിൽ ആവശ്യമുയർന്നു.

ടൗണിലെ വിവിധ കേന്ദ്രങ്ങളിലായി അടുത്ത കാലത്ത് പത്തോളം തട്ടുകടകളാണ് മുളച്ച് പൊന്തിയത്. മുമ്പുണ്ടായിരുന്ന ചില തട്ടുകടകൾ ലാഭത്തിൽ മറിച്ചുവിറ്റ വിരുതൻമാരുമുണ്ട്. കിഴതടിയൂർ ബൈപാസിലും അരുണാപുരത്തും രാമപുരം റൂട്ടിലും മുരിക്കുംപുഴ വഴേമഠം ഭാഗത്തുമുള്ള ചില തട്ടുകടകളെക്കുറിച്ച് വ്യാപകമായ പരാതിയും ഉയർന്നിട്ടുണ്ട്.

വൃത്തിയായി ഭക്ഷണം പാകപ്പെടുത്തി വിതരണം ചെയ്യുന്നില്ലായെന്ന പരാതിയാണ് പ്രധാനമായും ഉയർന്നത്. പല തട്ടുകടകളും അന്യസംസ്ഥാന തൊഴിലാളികളാണ് നടത്തുന്നത്. ഇതാകട്ടെ യാതൊരു ലൈസൻസുമില്ലാതെയാണുതാനും.

ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥരോ മറ്റധികാരികളോ ഈ തട്ടുകടകളിൽ ഒരിക്കൽപ്പോലും പരിശോധന നടത്തിയിട്ടില്ലെന്നുള്ളതും വസ്തുതയാണ്.


വില തോന്നുംപടി

കൃത്യമായ വിലവിവരമോ വില ഏകീകരണമോ അത് പ്രദർശിപ്പിക്കുന്ന ബോർഡോ ഒരു തട്ടുകയിലുമില്ല. രാമപുരം റൂട്ടിൽ നാലുചക്രവണ്ടിയിൽ രൂപപ്പെടുത്തിയ ഒരു തട്ടുകടയിൽ എപ്പോഴും തിരക്കാണ്. ഇതാകട്ടെ തമിഴ്നാട്ടിൽ നിന്നുള്ള അന്യസംസ്ഥാന തൊഴിലാളികളാണ് നടത്തുന്നത്. രണ്ട് തുടം ചായയ്ക്ക് പത്ത് രൂപ വരെ ഈടാക്കുന്നു. ഒപ്പം പ്രവർത്തിക്കുന്ന ബജികടയിലും തരാതരം പോലെയാണ് വില. ഇതിനപ്പുറത്തായി ഒരു കരിക്ക് കടയും കരിമ്പിൻ ജ്യൂസ് കടയുമുണ്ട്. ഇതാകട്ടെ ബംഗാളി യുവാവാണ് നടത്തുന്നത്. കരിക്കിന് 40 രൂപാ മുതൽ 60 രൂപാ വരെ ആളുംതരവും കണ്ട് വാങ്ങിക്കുന്നു. കരിമ്പിൻജ്യൂസ് ഒരു ഗ്ലാസിന് 30 രൂപാ മുതൽ 50 രൂപാ വരെ ഈടാക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TOWN, FOOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA