SignIn
Kerala Kaumudi Online
Friday, 18 September 2026 9.22 PM IST

ആയുഷ് ഷാജിക്ക് കണ്ണീരോടെ വിട

READ ENGLISH VERSION
ayush

ആലപ്പുഴ: കളർകോട് വാഹനാപകടത്തിൽ മരിച്ച മെഡിക്കൽ വിദ്യാർത്ഥി ആയുഷ് ഷാജിക്ക് (20) പിതാവിന്റെ കുട്ടനാട്ടിലെ കുടുംബവീടായ കാവാലം നെല്ലൂരിൽ കണ്ണീരോടെ വിട. ഇന്നലെ രാവിലെ പതിനൊന്നുമണിയോടെ എസ്.എൻ.ഡി.പി യോഗം 945 -ാം നമ്പർ കാവാലം ശാഖ ഭാരവാഹികളായ അശോകൻ, മോഹനൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ.

ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റുമോർട്ടത്തിനുശേഷം ചൊവ്വാഴ്ച കാവാലത്തെ വീട്ടിലെത്തിച്ച മൃതദേഹം,​ മെബൈൽ മോർച്ചറിയിൽ നിന്ന് സംസ്കാര ചടങ്ങുകൾക്കായി പുറത്തെടുത്തതോടെ വികാര നിർഭരമായ രംഗങ്ങൾക്കാണ് നാട് സാക്ഷിയായത്. ഡോക്ടറാകാനാഗ്രഹിച്ച മകനെ പഠനത്തിന്റെ തുടക്കത്തിൽ തന്നെ വിധി കവർന്നതിൽ തളർന്നുപോയ അമ്മ ഉഷാ ഷാജിയെയും സഹോദരി നിഷയെയും ബന്ധുക്കൾ താങ്ങിയെടുത്താണ് ആയുഷിന്റെ സമീപമെത്തിച്ചത്.

പിതാവ് ഷാജിയുടെ സഹോദരൻ സുരേഷും കുടുംബവും താമസിക്കുന്ന വീട്ടിലായിരുന്നു സംസ്കാരം. മെഡിക്കൽ കോളേജിലെ സഹപാഠികളും അദ്ധ്യാപകരും ജീവനക്കാരും നാട്ടുകാരും ഉൾപ്പെടെ വൻ ജനാവലി ആയുഷിനെ അവസാനമായി ഒരുനോക്കു കാണാനെത്തി. കുട്ടനാട് എം.എൽ.എ തോമസ് കെ. തോമസ് ഉൾപ്പെടെ രാഷ്ട്രീയ,​ സാമൂഹ്യ രംഗങ്ങളിലെ പ്രമുഖർ അന്തിമോപചാരമർപ്പിച്ചു.

ഇൻഡോറിൽ നഴ്സായ ഉഷയും ആശുപത്രിയിൽ അക്കൗണ്ടന്റായ ഷാജിയും മൂത്തമകൾ നിഷയും ഇന്നലെയാണ് നാട്ടിലെത്തിയത്. പ്ളസ്ടു വരെ ഇൻഡോറിൽ പഠനം നടത്തിയ ആയുഷ് എൻട്രൻസ് പരിശീലനകാലത്തും എം.ബി.ബി.എസിന് ചേർന്ന ശേഷവും അച്ഛന്റെ കാവാലത്തെ കുടുംബവീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA