ന്യൂഡൽഹി: ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജൻസികളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും അന്താരാഷ്‌ട്ര തലത്തിലുള്ള അന്വേഷണങ്ങൾക്കും ലക്ഷ്യമിട്ട് സി.ബി.ഐ ആവിഷ്‌കരിച്ച 'ഭാരത് പോൾ' പോർട്ടലിന്റെ ഉദ്ഘാടനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിർവഹിച്ചു. വിദേശത്ത് ഇന്റർപോളിന്റെ സഹായം ആവശ്യമായ ഘട്ടങ്ങളിൽ ഭാരത്‌പോൾ സഹായകമാകും.
കുറ്റകൃത്യം ചെയ്ത ശേഷം ഇന്ത്യയിൽ നിന്ന് ഒളിച്ചോടുന്നവരെ പിടി കൂടി നിയമത്തിന് മുന്നിൽ കൊണ്ടു വരാനുള്ള സംവിധാനമാണ് ഭാരത്പോളെന്ന് അമിത് ഷാ പറഞ്ഞു. ആഗോള വെല്ലുവിളികൾ നിരീക്ഷിക്കുകയും ആന്തരിക സംവിധാനങ്ങൾ നവീകരിക്കുകയും ചെയ്യുന്നതിലേക്കുള്ള ചുവടുവയ്‌പാണിത്. മോദി സർക്കാർ കൊണ്ടു വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ ഒളിച്ചോടുന്നവർക്ക് വിചാരണ ഉറപ്പാക്കുന്നു. ഭാരത്പോളിന്റെ പ്രവർത്തനം, പുതിയ ക്രിമിനൽ നിയമങ്ങൾ എന്നിവയെക്കുറിച്ച് സംസ്ഥാന ഏജൻസികളെ പരിശീലിപ്പിക്കണമെന്ന് ഷാ സി.ബി.ഐയോട് അഭ്യർത്ഥിച്ചു.
പ്രവർത്തനം
ഇങ്ങനെ:
ഇന്ത്യൻ അന്വേഷണ ഏജൻസികളും ഇൻ്റർപോളിന് കീഴിലുള്ള 195 അംഗ രാജ്യങ്ങളും തമ്മിൽ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറുന്നതിനുള്ള കേന്ദ്രീകൃത സംവിധാനമാക്കും.
പ്രവർത്തനം സി.ബി.ഐ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ
സൈബർ-സാമ്പത്തിക ഓൺലൈൻ കുറ്റകൃത്യങ്ങൾ, ഭീകരവാദം, സംഘടിത കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന്, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കേസുകളിൽ അന്താരാഷ്‌ട്ര സഹായം.
അന്വേഷണങ്ങളുമായി ബന്ധപ്പെട്ട തൽസമയ വിവരങ്ങൾ പോർട്ടലിൽ ലഭ്യമാകും
ഇന്ത്യയിലും ലോകമെമ്പാടുമുള്ള കുറ്റവാളികളെ വേഗത്തിൽ കണ്ടെത്താനുള്ള റെഡ് കോർണർ അടക്കം നോട്ടീസുകൾ പുറപ്പെടുവിക്കാനുള്ള ഏകോപനം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |