
തിരുവനന്തപുരം: കണ്ണൂർ എ.ഡി.എം നവീൻബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് നിയമസഭയിൽ നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതെ മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിലെ സണ്ണി ജോസഫിന്റേതായിരുന്നു ചോദ്യങ്ങൾ.
നവീൻബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല എന്ന് വിജിലൻസ് കണ്ടെത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇക്കാര്യത്തിൽ പ്രാഥമികാന്വേഷണം നടന്നു വരികയാണെന്നായിരുന്നു മറുപടി. വിജിലൻസിന്റെ അന്തിമ റിപ്പോർട്ട് എന്ന് സമർപ്പിക്കും എന്ന ചോദ്യത്തിനും ഇതേ മറുപടി തന്നെ.
പെട്രോൾ പമ്പ് ഉടമ ടി.വി.പ്രശാന്തൻ നവീൻബാബുവിനെതിരെ അഴിമതി ആരോപിച്ച് മുഖ്യമന്ത്രിക്ക് പരാതിനൽകിയോ എന്ന ചോദ്യത്തിന് മറുപടി നൽകിയില്ല. ബന്ധുക്കളുടെ സാന്നിദ്ധ്യമില്ലാതെ തിടുക്കപ്പെട്ട് നവീൻ ബാബുവിന്റെ ഇൻക്വസ്റ്റ് നടത്തിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് തിടുക്കപ്പെട്ട് നടത്തിയിട്ടില്ലെന്നായിരുന്നു മറുപടി. അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ ഇൻക്വസ്റ്റ് റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാനാകില്ലെന്നും അറിയിച്ചു.
പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തരുതെന്ന് നവീന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടും അവിടെതന്നെ നടത്തിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് പോസ്റ്റുമോർട്ടത്തിന് മുൻപ് ബന്ധുക്കൾ പൊലീസിനോട് അങ്ങനെയൊരു ആവശ്യം ഉന്നയിച്ചിരുന്നില്ല എന്നായിരുന്നു മറുപടി. അന്വേഷണ ഘട്ടത്തിലുള്ള കേസിൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാനാവില്ലെന്നും അറിയിച്ചു.
നവീന്റെ അടിവസ്ത്രത്തിൽ രക്തക്കറ ഉണ്ടായിരുന്നതായി ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ടോ, ഉണ്ടെങ്കിൽ നിഗമനങ്ങൾ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഉൾപ്പെടാത്തതിന്റെ കാരണം അന്വേഷണസംഘം പരിശോധിച്ചോ എന്ന ചോദ്യത്തിന് വിശദമായ അന്വേഷണം നടത്തി വരുന്നു എന്നായിരുന്നു മറുപടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |