
കോട്ടയം: ഗാന്ധിനഗർ ഗവ. നഴ്സിംഗ് കോളേജിലെ ഹോസ്റ്റലിൽ റാഗിംഗിന്റെ പേരിൽ ജൂനിയർ വിദ്യാർത്ഥികളോട് പ്രതികൾ കാട്ടിയത് അതിക്രൂര പീഡനമെന്ന് കുറ്റപത്രം. വിദ്യാർത്ഥികൾ വേദനകൊണ്ട് പുളയുമ്പോൾ പ്രതികൾ അതിൽ ആനന്ദം കണ്ടെത്തി. ആതുരസേവന രംഗത്ത് മാതൃകയാകേണ്ടവരാണ് കൊടുംപീഡനം നടത്തിയത്. ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതിയിൽ ഗാന്ധിനഗർ പൊലീസ് കുറ്റപത്രം സമർപ്പിച്ചു.
സംഭവം നടന്ന് 45-ാം ദിവസമാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രതികൾ ആക്രമിക്കുന്നതിന്റെ മൊബൈൽ ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടും കുറ്റപത്രത്തിനൊപ്പമുണ്ട്.
പീഡനത്തിനിരയായ വിദ്യാർത്ഥികളുടെ രഹസ്യമൊഴിയും രേഖപ്പെടുത്തി. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാനായതിനാൽ പ്രതികളുടെ സ്വാഭാവിക ജ്യാമം തടയാൻ പൊലീസിന് കഴിഞ്ഞു.
സംഭവത്തിൽ അറസ്റ്റിലായ മലപ്പുറം മഞ്ചേരി കച്ചേരിപ്പടി റിജിൽജിത്ത്, വണ്ടൂർ കരുമാരപ്പറ്റ രാഹുൽ രാജ്, മൂന്നിലവ് കീരിപ്ലാക്കൽ സാമുവൽ, വയനാട് നടവയൽ ഞാവലത്ത് ജീവ, കോരുത്തോട് നെടങ്ങാട് വിവേക് എന്നിവർ റിമാൻഡിലാണ്. കേസിൽ 40 സാക്ഷികളും 32 രേഖകളുമാണുള്ളത്. ഫെബ്രുവരി 12നാണ് റാഗിംഗ് വിവരം പുറം ലോകമറിയുന്നത്. പീഡനത്തിരയായ കുട്ടികളിലൊരാളുടെ രക്ഷകർത്താവ് കോളേജ് അധികൃതർക്ക് പരാതി നൽകുകയായിരുന്നു.
പരമാവധി ശിക്ഷ ഉറപ്പാക്കണം
റാഗിംഗ് പുറത്ത് പറയാതിരിക്കാൻ ഇരകളെ പ്രതികൾ ഭീഷണിപ്പെടുത്തിയെന്നും കുറ്റപത്രത്തിലുണ്ട്. കേസിലെ അഞ്ച് പ്രതികൾക്കും പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെടുന്നു.
നവംബർ മുതൽ ക്രൂര റാഗിംഗ്
പ്രവേശന സമയത്തെ ആന്റി റാഗിംഗ് സത്യവാങ്മൂലം പ്രതികൾ ലംഘിച്ചു
മദ്യത്തിന് പണം നൽകാത്തതിന് വിദ്യാർത്ഥികളെ കട്ടിലിൽ കെട്ടിയിട്ട് കോമ്പസിന് പരിക്കേൽപ്പിച്ചു
ഒന്നാം വർഷ ക്ലാസ് ആരംഭിച്ച നവംബർ മുതൽ നടന്നത് ക്രൂര റാഗിംഗ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |