SignIn
Kerala Kaumudi Online
Tuesday, 26 May 2026 5.19 AM IST

ലഹരിക്കെതിരെ സ്റ്റുഡന്റ് പൊലീസും ഇറങ്ങണം: മുഖ്യമന്ത്രി

de

തിരുവനന്തപുരം: ലഹരി വിരുദ്ധ ക്യാമ്പെയിന് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളെ ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് (എസ്.പി.സി) പദ്ധതി അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥർ ലഹരിക്കെതിരെയുള്ള സ്‌കൂൾതല പരിശീലകരാവണം. എസ്.പി.സി ശക്തിപ്പെടുത്തുന്നതിന് ആക്ഷൻപ്ലാനുണ്ടാക്കും. ഇതിലേക്ക് താത്പര്യമുള്ള കുട്ടികളെ അർഹതനോക്കി തിരഞ്ഞെടുക്കണം. പഠനത്തിലെ മികവ് മാത്രമാവരുത് മാനദണ്ഡം.

തീരദേശ, പിന്നാക്ക മേഖലകളിലെ സ്കൂളുകൾക്ക് പദ്ധതിയിൽ മുൻഗണന നൽകണം. തദ്ദേശ സ്ഥാപനങ്ങളുടെ തനത് വികസന ഫണ്ടുകളിൽ നിന്ന് എസ്.പി.സി പദ്ധതിയുള്ള സ്കൂളുകൾക്ക് പണം നൽകണം. എസ്.പി.സി ഔട്ട്‌ഡോർ മാന്വൽ പരിഷ്‌കരിക്കണം. പദ്ധതിയെ ശക്തിപ്പെടുത്താൻ നിയമം രൂപീകരിക്കണം. പരിശീലനത്തിന് പൊലീസിന്റെയും അദ്ധ്യാപകരുടെയും സേവനം ഉറപ്പാക്കും. പരിശീലന കലണ്ടർ തയ്യാറാക്കും.

കേഡറ്റുകൾക്ക് സാന്ത്വനപരിചരണം, പ്രഥമശുശ്രൂഷ എന്നിവയിൽ ഡോക്ടർമാരെ ഉപയോഗിച്ച് പരിശീലനം നൽകണം. വനംവകുപ്പിന്റെ സഹകരണത്തോടെ പ്രകൃതി പഠന ക്യാമ്പുകൾ തുടരണം. നിലവിൽ 1049സ്കൂളുകളിൽ എസ്.പി.സിയുണ്ട്. പൊതുമേഖലാസ്ഥാപനങ്ങൾ, ബാങ്കുകൾ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ എന്നിവയുടെ സി.എസ്.ആർ ഫണ്ടുപയോഗിച്ച് എല്ലാ സ്കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കണം.

മന്ത്രി കെ.എൻ ബാലഗോപാൽ, ചീഫ് സെക്രട്ടറി ഡോ. ശാരദാ മുരളീധരൻ, ആഭ്യന്തരവകുപ്പ് അഡി. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, പൊലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബ്, എ.ഡി.ജി.പിമാരായ മനോജ് എബ്രഹാം, പി. വിജയൻ, എസ്. ശ്രീജിത്ത്, ഡി.ഐ.ജി അജീതാ ബീഗം, പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്ജ്, ഡയറക്ടർ എസ്. ഷാനവാസ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA