SignIn
Kerala Kaumudi Online
Tuesday, 26 May 2026 2.58 AM IST

കലാലയ മുത്തശ്ശിക്ക് ആദ്യ വനിതാ പ്രിൻസിപ്പൽ

ss

കോട്ടയം: ദക്ഷിണേന്ത്യയിലെ ആദ്യ കലാലയമായ കോട്ടയം സി.എം.എസ് കോളേജിന്റെ അമരത്ത് ഇനി വനിത. 208 വർഷം പഴക്കമുള്ള കോളേജിലെ ഇംഗ്ലീഷ് വിഭാഗം പ്രൊഫസറായ ഡോ. അഞ്ജു ശോശൻ ജോർജാണ് (42) 29-ാമത് പ്രിൻസിപ്പലായി സ്ഥാനമേറ്റത്. അഞ്ജുവിന്റെ പിതാവും ചരിത്രവിഭാഗം തലവനുമായിരുന്ന പ്രൊഫ. ജോർജ് കുര്യൻ നേരത്തെ വൈസ് പ്രിൻസിപ്പലായിരുന്നു. കഴിഞ്ഞ വർഷം ജൂൺ മുതൽ പ്രിൻസിപ്പൽ ഇൻ-ചാർജായിരുന്ന അഞ്ജു 1983ഇൽ തിരുവല്ലയാണ് ജനിച്ചത്. 2007ഇൽ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി. ജോലിയിൽ പ്രവേശിച്ചത്. ചെന്നൈ ക്രിസ്ത്യൻ കോളേജിൽ നിന്ന് ബിരുദവും,സ്റ്റെല്ല മേരീസ് കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. ഡോ.കാമരാജ് യൂണിവേഴ്സിറ്റിയിൽ നിന്ന് എം.ഫില്ലും,കേരള സർവകലാശാലയിൽ നിന്ന് ഓട്ടിസം സ്റ്റഡീസിൽ പി.എച്ച്.ഡിയും നേടി. കോളേജിലെ സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസ് സ്ഥാപക ഡയറക്ടറാണ്. മാതാവ് : പ്രൊഫ. ലൈസ വർക്കി മാവേലിക്കര ബിഷപ്പ് മൂർ കോളേജ് ഫിസിക്സ് വകുപ്പ് മേധാവിയായിരുന്നു. ഭർത്താവ്:ബിനു ജേക്കബ് കൊച്ചി ടാറ്റ കൺസൾട്ടൻസി സർവീസസിൽ സീനിയർ കൺസൾട്ടന്റ്. മക്കൾ : ജോഹാൻ ജേക്കബ് ബിനു,നേഹ മറിയം ബിനു. സി. എസ്.ഐ സഭയുടെ ഉടമസ്ഥതയിലുള്ളതാണ് കോളേജ്. ആദ്യത്തെ വനിതാ ബിഷപ്പായി ആന്ധ്രാ സ്വദേശി എഗ്ഗോണി പുഷ്പ ലളിതയെ നിയമിച്ച് ചരിത്രം സൃഷ്ടിച്ച സഭ മറ്റൊരു വനിതയെ സഭയുടെ അഭിമാനമായ കോളേജിന്റെ പ്രിൻസിപ്പലാക്കി വീണ്ടും കൈയടി നേടുകയാണ്.

''ഉചിതമായ സമയത്താണ് മാറ്റം. ഒരുവർഷം പ്രിൻസിപ്പൽ ഇൻ -ചാർജായി പ്രവർത്തിച്ചതിൽ അഭിമാനമുണ്ട്. വിദേശത്തേക്ക് പോകുന്ന കുട്ടികളുടെ ഒഴുക്ക് തടയാൻ നാലുവർഷ ബിരുദം ഏറ്റവും അനുയോജ്യമാണ്. കോളേജിനുള്ളിൽ ഇന്റേൺഷിപ്പുകൾക്കടക്കമുള്ള സൗകര്യം ഒരുക്കും.

-ഡോ. അഞ്ജു ശോശൻ ജോർജ്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PRINCIPLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA