SignIn
Kerala Kaumudi Online
Sunday, 14 June 2026 1.37 AM IST

വാഷിംഗ് മെഷീൻ ഉണ്ടെന്ന് കരുതി എന്തും അതിലിടല്ലേ; സൂക്ഷിച്ചില്ലെങ്കിൽ പണികിട്ടും

ai-image

കൈതിരുമ്മി അലക്കുക എന്നത് പലർക്കും തലവേദന പിടിച്ച പണിയാണ്. അതുകൊണ്ട് എളുപ്പത്തിന് വേണ്ടി കൈയിൽ കിട്ടുന്നതെല്ലാം വാഷിംഗ് മെഷീനിലേക്ക് വാരിയിടുന്നതാണ് ചിലരുടെ പതിവ്. എന്നാൽ നിങ്ങൾ അറിയാതെ ചെയ്യുന്ന പല കാര്യങ്ങളും വസ്ത്രങ്ങൾ നശിക്കുക മാത്രമല്ല ചിലപ്പോൾ മെഷീന്റെ ആയുസ് കുറയ്‌‌ക്കുകയും ചെയ്യും. പ്രമുഖ കൺസ്യൂമർ ഗ്രൂപ്പായ 'വിച്ച്' (WHICH) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം വാഷിംഗ് മെഷീനിൽ ഒരിക്കലും ഇടാൻ പാടില്ലാത്ത ചില സാധനങ്ങൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

ഇവ മെഷീനിൽ ഇടുന്നത് ഒഴിവാക്കാം;

അലങ്കാരപ്പണികളുള്ള വസ്ത്രങ്ങൾ മെഷീനിൽ ഇടരുത്. അവ മെഷീനിലിട്ടാൽ പശ ഇളകിപ്പോകാനും അലങ്കാര പണികൾ നഷ്ടപ്പെടാനും സാധ്യതയുണ്ട്. കൂടാതെ മെഷീൻ കറങ്ങുമ്പോൾ ഇതിൽ ഘടിപ്പിച്ചിരിക്കുന്ന മുത്തുകൾ പോലെയുള്ള അലങ്കാര വസ്തുക്കൾ മെഷീനിൽ പോറലുണ്ടാക്കുകയും ചെയ്യും. കോട്ടൺ സ്യൂട്ടുകളും ടൈകളും പോലെയുള്ളവ മെഷീനിലിട്ടാൽ അവ ചുരുങ്ങിപ്പോകാൻ സാധ്യതയുണ്ട്. അവയുടെ മനോഹമായ ആകൃതി ചിലപ്പോൾ ഇങ്ങനെ നനച്ചാൽ നശിച്ചുപോകും. ചില‌ർ തലയണകളും തുണിയും പഞ്ഞിയും കൊണ്ടുള്ള കളിപ്പാട്ടങ്ങൾ വാഷിംഗ് മെഷീനിലിട്ട് നനയ്ക്കാറുണ്ട്. ബ്രാൻഡഡ് കളിപ്പാട്ടങ്ങൾ കൈകൊണ്ട് കഴുകുന്നതായിരിക്കും സുരക്ഷിതം. തലയണകൾ മെഷീനിലിട്ടു കഴുകിയാൽ അത് കീറിപ്പോകും.

ലെതർ, വെൽവെറ്റ്, സ്യൂഡ്, റയോൺ എന്നിവ കൊണ്ടുള്ള പ്രത്യേക തുണിത്തരങ്ങൾ ഡ്രൈ ക്ലീൻ ചെയ്യാൻ മാത്രം നൽകുക. തീപിടിക്കാതിരിക്കാൻ പ്രത്യേക മരുന്ന് പുരട്ടിയ തരം യൂണിഫോം വസ്ത്രങ്ങൾ മെഷീനിലിട്ട് കഴുകരുത്. അങ്ങനെ ചെയ്താൽ അവയുടെ സുരക്ഷാ കവചം ഇല്ലാതായേക്കും. മെഷീനിലേക്ക് തുണിയിടുമ്പോൾ നിങ്ങളുടെ വസ്ത്രത്തിന്റെ പോക്കറ്റുകൾ പ്രത്യേകം പരിശോധിക്കണം. നാണയം, താക്കോൽ, ആഭരണങ്ങൾ എന്നിവ ഇല്ലെന്ന് ഉറപ്പുവരുത്തുക. മെഷീനിലെ ഡ്രെയിനേജ് സിസ്റ്റം ബ്ലോക്ക് ആക്കാനും മെഷീന്റെ ഗ്ലാസ് തകർക്കാനും ഇത് കാരണമാകും.


ധൈര്യമായിട്ട് നിങ്ങൾക്ക് മെഷീനിൽ കഴുകാവുന്നവ;

മെഷീനിൽ ഇടാൻ പാടില്ലെന്ന് നമ്മൾ കരുതുന്ന എന്നാൽ സുരക്ഷിതമായി അലക്കാവുന്ന ചിലതുമുണ്ട്. ഷവർ കർട്ടനുകൾ കൈകൊണ്ട് ഉരച്ചു കഴുകേണ്ടതില്ല, മെഷീനിലെ ഡെലിക്കേറ്റ് മോഡിൽ ഇവ കഴുകാവുന്നതാണ്. ഒപ്പം ഒന്നോ രണ്ടോ ടവലുകൾ കൂടി ഇട്ടാൽ മെഷീന്റെ ബാലൻസ് ശരിയായി കിട്ടും. ബാഗുകളും യോഗ മാറ്റുകളും ലേബൽ പരിശോധിച്ച ശേഷം മെഷീനിലിടാം. വളർത്തുമൃഗങ്ങളുടെ ബെൽറ്റുകളും മറ്റും മെഷീനിൽ കഴുകുന്നത് എളുപ്പമാണ്.

മോപ്പ് ഹെഡുകൾ, മൈക്രോ ഫൈബർ തുണികൾ തുടങ്ങിയ ക്ലീനിംഗ് തുണികൾ മെഷീനിൽ സുരക്ഷിതമായി കഴുകാൻ കഴിയുന്നവയാണ്. വസ്ത്രത്തങ്ങളിലെ ലേബൽ മാഞ്ഞുപോയിട്ടുണ്ടെങ്കിലോ അതിൽ പറയുന്ന കാര്യങ്ങൾ വ്യക്തമല്ലെങ്കിലോ, അവ മെഷീനിൽ ഇടാതിരിക്കുന്നതാണ് ഉചിതം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MYHOME, WASHING MACHINE, TIPS, LATESTNEWS, LIFESTYLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE