SignIn
Kerala Kaumudi Online
Sunday, 14 June 2026 1.37 AM IST

കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യം; ചെലവ് തുച്ഛം, ധെെര്യമായി നട്ടോളൂ കെെനിറയെ സമ്പാദിക്കാം

cauliflower

നിരവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് കോളിഫ്ലവർ. സൾഫോറാഫെയ്ൻ എന്ന സസ്യ സംയുക്തത്തിന്റെ സാന്നിദ്ധ്യമുള്ളതിനാൽ ഇത് ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്. തലച്ചോറിന്റെ വികാസത്തിന് ആവശ്യമായ കോളിൻ കോളിഫ്ലവറിൽ ധാരാളം അടങ്ങിയിരിക്കുന്നു.

കോളിഫ്ലവർ സൾഫർ കൊണ്ട് സമ്പുഷ്ടമായതിനാൽ കുടലിന്റെ ആരോഗ്യത്തെ സഹായിക്കുകയും അണുബാധയ്ക്കെതിരായ പ്രതിരോധം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ശക്തമായ ആന്റിഓക്‌സിഡന്റ് എന്ന നിലയിൽ, ഗ്ലൂട്ടത്തയോൺ ശരീരത്തിലുടനീളം പ്രവർത്തിക്കുന്നു, കോശങ്ങളിലെ വീക്കത്തെ തടഞ്ഞ് സംരക്ഷിക്കുകയും ചെയ്യുന്നു. നാരുകൾ അടങ്ങിയിരിക്കുന്ന കോളിഫ്ലവർ ദഹന പ്രക്രിയയെ എളുപ്പത്തിലാക്കാൻ സഹായിക്കുന്നു. എന്നാൽ പിസിഒഡി പോലുള്ള അസുഖങ്ങൾ ഉള്ളവരോട് ഇത് അമിതമായി കഴിക്കരുതെന്ന് ഡോക്ടർമാർ പറയാറുണ്ട്.

കോളിഫ്ലവർ കൂടുതലും ആളുകൾ മാർക്കറ്റിൽ നിന്നാണ് വാങ്ങുന്നത്. എന്നാൽ കീടനാശിനി സാന്നിദ്ധ്യമുള്ള ഇവയിൽ ഗുണങ്ങൾ എല്ലാം പലപ്പോഴും നശിച്ചിരിക്കും. കോളിഫ്ലവർ വീട്ടിൽ തന്നെ കൃഷി ചെയ്യുന്നതാണ് നല്ലത്. തണുപ്പുക്കാലമായ ഒക്ടോബർ മുതൽ ജനുവരി വരെ കേരളത്തിൽ ഇത് കൃഷി ചെയ്യാം.

നടുന്ന രീതി

കോളിഫ്ലവർ വിത്തുകൾ നേരിട്ട് നടുന്നതിനെക്കാൾ ട്രേകളിലോ ചെറിയ ചട്ടികളിലോ പാകി 25 -30 ദിവസങ്ങൾക്ക് ശേഷം തെെ മാറ്റി നടുന്നതാണ് നല്ലത്. തെെ ഗ്രോബാഗിലോ മണ്ണിലോ നടാം. മണ്ണ്, മണൽ, ചാണകപ്പൊടി എന്നിവ തുല്യ അളവിൽ കലർത്തി വേണം അടിവളമായി നൽകാൻ. തെെകൾ തമ്മിൽ ചുരുങ്ങിയത് ഒന്നര അടി അകലം വേണം. വെെകുന്നേരങ്ങളിൽ തെെ നടുന്നതാണ് നല്ലത്. ഇത് വാടിപ്പോകാതിരിക്കാൻ സഹായിക്കും.

നനവുള്ള മണ്ണിൽ വേണം ചെടി നടാൻ. എന്നാൽ ചെടിയുടെ പൂവിൽ വെള്ളം കെട്ടിനിൽക്കാതെ ചുവട്ടിൽ മാത്രം വെള്ളം ഒഴിക്കാൻ ശ്രമിക്കുക. പൂവ് വിരിഞ്ഞ് തുടങ്ങുമ്പോൾ സൂര്യപ്രകാശം തട്ടി നിറം മാറാതിരിക്കാൻ ചുറ്റുമുള്ള വലിയ ഇലകൾ കൊണ്ട് പൂവിനെ പൊതിഞ്ഞുകെട്ടുക. ഇലകളിൽ പുഴുക്കളുടെ ശല്യം കണ്ടാൽ ഉടൻ വേപ്പെണ്ണ മിശ്രിതമോ കാന്താരി മുളക് ലായനിയോ തളിച്ചുകൊടുക്കുക.

ചെടി വളരുന്നതനുസരിച്ച് ചുവട്ടിൽ മണ്ണ് കൂട്ടികൊടുക്കുന്നത് വേരുകൾക്ക് ബലം നൽകാൻ സഹായിക്കും. ശരിയായ പരിചരണം നൽകിയാൽ 60 മുതൽ 90 വരെ ദിവസത്തിനുള്ളിൽ 600 -700 ഗ്രാം തൂക്കമുള്ള കോളിഫ്ലവർ വിളവെടുക്കാം. കിലോയ്ക്ക് 30 രൂപയ്ക്കും 40 രൂപയ്ക്കും ഇടയിലാണ് കേരളത്തിൽ കോളിഫ്ലവറിന് വില വരിക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AGRICULTURE, AGRICULTURE NEWS, CAULIFLOWER, INDIA, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE