തിരുവനന്തപുരം: സംസ്ഥാനത്തെ ജെൻസി ബൂത്തുകളിൽ ആകാംഷയോടെ വോട്ട് ചെയ്തശേഷം സെൽഫി എടുത്ത് മധുരം നുണഞ്ഞ് കന്നിവോട്ടർമാർ. 140 മണ്ഡലങ്ങളിലായി 140 ജെൻസി ബൂത്തുകളാണ് ഇലക്ഷൻ കമ്മിഷൻ ഒരുക്കിയിരുന്നത്. സാധാരണപോലെ എല്ലാ പ്രായത്തിലുമുള്ള വോട്ടർമാർക്കും ഇവിടെയും വോട്ടുചെയ്യാം. എന്നാൽ, കന്നി വോട്ടർമാർക്ക് സെൽഫി പോയിന്റുകളുൾപ്പെടയുള്ള കൗതുകങ്ങൾ ഒരുക്കിയിരുന്നു.
തലസ്ഥാനത്ത് 14 മണ്ഡലങ്ങളിലായി 14 യൂത്ത് ബൂത്തുകളാണ് പ്രത്യേകമായി സജ്ജീകരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് കവടിയാർ സാൽവേഷൻ ആർമിയിലെ പോളിംഗ് ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ അവിടെ എത്തിയ ജെൻസി വോട്ടേഴ്സുമായി സംവദിച്ചു. കന്നി വോട്ടർമാർക്ക് ഹൽവ ബോക്സും ജില്ലാക്കളക്ടറുടെ കൈപ്പടയിലുള്ള താങ്ക്സ് കാർഡും ലക്കി ഡ്രോ കൂപ്പണും സമ്മാനമായി നൽകി.കൂപ്പണിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ജില്ലാക്കളക്ടറുമായി സംസാരിക്കാൻ അവസരവും നൽകി. എന്റെ വോട്ട് എന്റെ അഭിമാനം എന്നാണ് ഹൽവ ബോക്സുകളിൽ കുറിച്ചിരുന്നത്.
ഹൽവ കിട്ടിയവരുണ്ടോ?
ജെൻസി ബൂത്തുകളിൽ ഹൽവ വിതരണം നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ഏറെ ബൂത്തുകളിലും ഹൽവ കിട്ടിയില്ല. വോട്ട് ചെയ്ത് മടങ്ങുമ്പോൾ ഹൽവ ചോദിച്ച കന്നിവോട്ടർമാരോട് വൈകിട്ട് 3 നു ശേഷവും ഹൽവ എത്തിയിട്ടില്ലെന്നും വിതരണം തുടങ്ങുന്നേ ഉള്ളൂവെന്നുമായിരുന്നു പോളിംഗ് ഉദ്യോഗസ്ഥരുടെ മറുപടി. വോട്ടെടുപ്പിൽ യൂത്തിന്റെ സജ്ജീവ പങ്കാളിത്തം ഉറപ്പാക്കുകയായിരുന്നു ജെൻസി ബൂത്തിന്റെ ലക്ഷ്യം.സംസ്ഥാനത്താകെ 4.66ലക്ഷം ജെൻസി വോട്ടർമാരാണുള്ളത്.
ഹൽവ ചോദിച്ചെങ്കിലും കിട്ടിയില്ല. കിട്ടുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു. ആദ്യ വോട്ടാണ്. നേതാവ് ജയിക്കണമെന്നുണ്ട്.
-വൈഷ്ണവി സജിവ്
ആദ്യത്തെ വോട്ടാണ്. എന്റെ സ്ഥാനാർത്ഥി ജയിക്കുമെന്ന് പ്രതീക്ഷയുണ്ട്.
-മെഹറുന്നീസ.ജെ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |