SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.02 PM IST

ദേശീയപാർട്ടിയുടെ മൂന്നരക്കോടി തട്ടിയ സംഭവം: ഏഴ് പേർ അറസ്റ്റിൽ

Increase Font Size Decrease Font Size Print Page
theft

തൃശൂർ: ദേശീയപാർട്ടി തിരഞ്ഞെടുപ്പിനായി എറണാകുളത്തേയ്ക്ക് അയച്ച മൂന്നരക്കോടി വാഹനാപകടമുണ്ടാക്കി തട്ടിയെടുത്ത കേസിൽ ഏഴ് പേർ അറസ്റ്റിൽ. ക്വട്ടേഷൻ സംഘാംഗങ്ങളും അവരുടെ സഹായികളുമാണ് ഇന്നലെ രാത്രിയോടെ അറസ്റ്റിലായത്.

വെള്ളിക്കുളങ്ങര കിഴക്കേ കോടാലി വെട്ടിയാട്ടിൽ ദീപക് (ശങ്കരൻ - 34), വേളൂക്കര ആപ്പിൾ ബസാർ വട്ടപ്പറമ്പിൽ അരീഷ് (28), വടക്കുംകര വെളയനാട് കോക്കാടൻ മാർട്ടിൻ ദേവസി (23), വടക്കുംകര പട്ടേപ്പാടം തരുപ്പീടികയിൽ ലെബീബ് (30), വടക്കുംകര വെളയനാട് കുട്ടിച്ചാൽപറമ്പിൽ അഭിജിത്ത് (അഭി–28), വെള്ളാങ്കല്ലൂർ വടക്കുംകര വെളയാനാട് തോപ്പിൽ ബാബു മുഹമ്മദാലി (വട്ട് ബാബു–39), വേളൂക്കര ഹാഷിൻ നഗർ വേലംപറമ്പിൽ അബു ഷാഹിദ് (25) എന്നിവരാണ് അറസ്റ്റിലായത്.

ഇവർ സ്ഥിരം കുഴൽപ്പണം തട്ടുന്ന സംഘത്തിലുള്ളവരാണെന്ന് പൊലീസ് പറയുന്നു. പ്രതികളെ ഉപയോഗിച്ച് തെളിവെടുപ്പ് നടത്തി.

കേസിലെ രാഷ്ട്രീയബന്ധം ഇവരെ ചോദ്യം ചെയ്യുന്നതിലൂടെയേ വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. ഒളിവിലായിരുന്ന പ്രതികളെ തിങ്കളാഴ്ച പുലർച്ചെ എറണാകുളം കാക്കനാട് നിന്നാണ് പിടികൂടിയത്. അഞ്ച് പേർ കൂടി പിടിയിലാകാനുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഏഴു പേർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരും രണ്ടു പേർ സഹായികളുമാണ്. പിടികൂടാനുള്ള മൂന്ന് പേരാണ് അപകടവും കവർച്ചയും ആസൂത്രണം ചെയ്തത്. രണ്ട് പേർ തലശേരി, കണ്ണൂർ സ്വദേശികളാണ്. തലശേരി സ്വദേശി ഇരിങ്ങാലക്കുടയിൽ വാടകയ്ക്ക് വീടെടുത്ത് താമസിക്കുകയാണ്. തൃശൂർ കോടാലി സ്വദേശിയെ സംഘം കൂടെക്കൂട്ടിയതാണ്. പദ്ധതി വിജയിച്ചതോടെ ഇയാൾക്ക് 10 ലക്ഷം നൽകിയെന്ന് പൊലീസ് പറഞ്ഞു.

ബാക്കി തുക കോഴിക്കോട്ട് വച്ച് വീതംവച്ചു. രാഷ്ട്രീയപാർട്ടി ഏതാണെന്ന് പൊലീസിന്റെ പ്രഥമവിവര റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല. തൃശൂർ എറണാകുളം ദേശീയപാതയിൽ പാലിയേക്കര ടോൾപ്ലാസയിൽ എത്തിയപ്പോൾ പണവുമായി പോയ കാർ നിറുത്തിയെങ്കിലും തൊട്ടു പിന്നിലുണ്ടായിരുന്ന ഗുണ്ടകൾ സഞ്ചരിച്ചിരുന്ന കാർ, ടോൾപ്ലാസയിലെ ബാരിയറിൽ തട്ടി പാഞ്ഞുപോയി. ഈ സി.സി.ടി.വി. ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് ഗുണ്ടാസംഘം വാഹനത്തെ പിന്തുടർന്നുവെന്ന് പൊലീസ് ഉറപ്പാക്കിയത്. തട്ടിക്കൊണ്ടുപോയ കാറും ഗുണ്ടകൾ വന്ന മൂന്നു കാറുകളിൽ ഒരു കാറും കണ്ടെത്തി.

കൊടകര ദേശീയപാതയിൽ കഴിഞ്ഞ ഏപ്രിൽ മൂന്നിന് പുലർച്ചെ നാലരയ്ക്കായിരുന്നു സംഭവം. മൂന്നരക്കോടി രൂപ കാറിൽ നിന്ന് നഷ്ടപ്പെട്ടതായാണ് വിവരം. പക്ഷേ, ഭൂമി ഇടപാടിനായി കൊണ്ടുവന്ന 25 ലക്ഷം തട്ടിയെടുത്തെന്നാണ് കോഴിക്കോട് സ്വദേശിയുടെ പരാതി. വിശദമായ അന്വേഷണത്തിലാണ് ദേശീയപാർട്ടി തിരഞ്ഞെടുപ്പിന് എത്തിച്ച കണക്കിൽപ്പെടാത്ത പണമാണെന്നും മൂന്നരക്കോടിയുണ്ടെന്നും വ്യക്തമായത്.

TAGS: THEFT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY