SignIn
Kerala Kaumudi Online
Friday, 18 September 2026 7.23 PM IST

അന്യസംസ്ഥാന ലോട്ടറി കേരളത്തിന് തടയാം, ചട്ടത്തിന് ഹൈക്കോടതി അംഗീകാരം

jj

കൊച്ചി: അന്യസംസ്ഥാന ലോട്ടറികൾ കേരളത്തിൽ നിയമപരമായാണ് നടത്തുന്നെന്ന് ഉറപ്പാക്കുന്ന ചട്ടം രൂപീകരി​ക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതോടെ അന്യസംസ്ഥാന ലോട്ടറികളുടെ വില്പന നിയന്ത്രിക്കാനുള്ള അധികാരം സർക്കാരിനായി.

അന്യസംസ്ഥാന ലോട്ടറികളുടെ നടത്തിപ്പ് നിയന്ത്രിക്കുന്ന 2018ലെ കേരള പേപ്പർ ലോട്ടറി (റെഗുലേഷൻ) ഭേദഗതി ചട്ടത്തിലെ സെക്‌ഷൻ 4(4) ഒഴികെ മറ്റെല്ലാ വകുപ്പുകളും കോടതി ശരിവച്ചു. 2018ലെ ഭേദഗതിചട്ടം സിംഗിൾബെഞ്ച് റദ്ദാക്കിയതിനെതിരെ സർക്കാർ നൽകിയ അപ്പീലിൽ ജസ്റ്റിസ് എസ്.വി. ഭട്ടി, ജസ്റ്റിസ് ബെച്ചുകുര്യൻ തോമസ് എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചാണ് വിധി പറഞ്ഞത്.

1998ലെ കേന്ദ്ര ലോട്ടറി റെഗുലേഷൻ നിയമത്തിലെ സെക്‌ഷൻ 12 പ്രകാരം ചട്ടമുണ്ടാക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്നും ഇതനുസരിച്ച് അന്യസംസ്ഥാന ലോട്ടറികൾ നിയന്ത്രിക്കാൻ സർക്കാർ കൊണ്ടുവന്ന ഭേദഗതിചട്ടം നിയമപരമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

കേസിന്റെ വഴി

2018 ഏപ്രിൽ 28ന് സർക്കാർ കൊണ്ടുവന്ന ഭേദഗതി ചട്ടത്തിനെതിരെ നാഗാലാൻഡ് ലോട്ടറി വിതരണക്കാരായ ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവീസസ് ഹർജി നൽകിയിരുന്നു. അന്യസംസ്ഥാന ലോട്ടറി നടത്തിപ്പിൽ ക്രമക്കേട് കണ്ടെത്തിയാൽ തടയാൻ കേന്ദ്രസർക്കാരിനാണ് അധികാരമെന്നും കേരളം ലോട്ടറിഫ്രീ സോണായാൽ മാത്രമേ അന്യസംസ്ഥാന ലോട്ടറികളുടെ നടത്തിപ്പ് തടയാനാവൂവെന്നും വ്യക്തമാക്കി 2020 ഡിസംബർ 22ന് സിംഗിൾബെഞ്ച് ഭേദഗതിചട്ടം റദ്ദാക്കി. ഇതിനെതിരെയാണ് അപ്പീൽ നൽകിയത്.

ഡിവിഷൻബെഞ്ച്

പറഞ്ഞത്

കേന്ദ്ര നിയമമനുസരിച്ചാണ് അന്യസംസ്ഥാന ലോട്ടറി നടത്തുന്നതെന്ന് ഉറപ്പാക്കാൻ കേരളത്തിന് അധികാരമുണ്ട്. ഇവിടെ അന്യസംസ്ഥാന ലോട്ടറി നടത്തിപ്പ് നിയമപരമായാണോയെന്ന് പരിശോധിക്കാൻ ചട്ടമുണ്ടാക്കുന്നത് നിയമവിരുദ്ധമല്ല. ലോട്ടറി നടത്തി ജനങ്ങളെ ചൂഷണംചെയ്യുന്നത് തടയാനാവാതെ പോകുന്നത് അസംബന്ധമാണ്. ചൂഷണത്തി​ന് സർക്കാർ മൂകസാക്ഷിയായി നിലകൊള്ളണമെന്ന് പറയാനാവില്ല. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന് പൗരന്മാരുടെ താത്പര്യം സംരക്ഷിക്കാൻ നിയമപരമായി നടപടിയെടുക്കാൻ അധികാരമുണ്ട്. ഇതിനെ ലോട്ടറി നടത്തുന്ന അന്യസംസ്ഥാനത്തെ സർക്കാരിന്റെ അധികാരത്തിലുള്ള കടന്നുകയറ്റമായി കാണാനാവില്ല. സർക്കാർ സ്വേച്ഛാപരമായി പെരുമാറുന്നെന്ന് പരാതിയുണ്ടെങ്കിൽ ലോട്ടറി നടത്തുന്ന സംസ്ഥാനത്തിന് കോടതിയെ സമീപിക്കാം.

സെക്ഷൻ 4(4)

നിയമവിരുദ്ധം

അന്യസംസ്ഥാന ലോട്ടറിയടക്കമുള്ളവയുടെ കേരളത്തിലെ നടത്തിപ്പിനുള്ള അധികാരം നികുതിവകുപ്പ് സെക്രട്ടറിക്കോ സർക്കാർ ചുമതലപ്പെടുത്തുന്ന മറ്റേതെങ്കിലും അതോറിറ്റിക്കോ ആയിരിക്കുമെന്ന് ഇൗ സെക്ഷനിൽ പറയുന്നു. അന്യസംസ്ഥാന ലോട്ടറികളുടെ നടത്തിപ്പിനുള്ള അധികാരം അതത് സംസ്ഥാനങ്ങൾക്കാണ്. ഇവയുടെ നടത്തിപ്പിന് അതോറിറ്റിയെ കേരളം നിയോഗിക്കുന്നത് അത്തരം സംസ്ഥാനങ്ങളുടെ അധികാരത്തിലുള്ള കടന്നുകയറ്റമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA ACT AND LOTTERY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA