ചെറിയൊരു ഇടവേളയ്ക്ക് ശേഷം അഭിനയരംഗത്ത് വീണ്ടും സജീവമാകുകയാണ് നടി പ്രിയാമണി. മികച്ച സിനിമകളുടെ ഭാഗമാകുന്നതുപോലെ തന്നെ പുതിയൊരു മേഖലയിലും താരം തന്റെ സാന്നിദ്ധ്യമുറപ്പിച്ചു കഴിഞ്ഞു. 'ഫാമിലിമാൻ" എന്ന വെബ്സീരിസും അതിലെ സുചിത്രയും ചർച്ചയാകുമ്പോൾ പ്രിയയ്ക്കും പറയാൻ ഒരുപാട് വിശേഷങ്ങളുണ്ട്.
വെബ് സീരീസിലാണല്ലോ ഇപ്പോഴത്തെ ശ്രദ്ധ?
'ഫാമിലിമാൻ" മികച്ച അഭിപ്രായങ്ങൾ നേടിത്തരുന്നുണ്ട്. തമിഴ് പെണ്ണാണ് സുചിത്ര. കോളേജ് അദ്ധ്യാപികയാണ്. ഭർത്താവ് ശ്രീകാന്ത് ഇന്റലിജൻസ് ടീമിന്റെ പ്രധാനപ്പെട്ട ഒരു സ്പൈ ആണ്. ഓഫീഷ്യൽ കാര്യങ്ങൾക്കിടയിൽ അയാൾക്ക് കുടുംബ കാര്യങ്ങളിൽ ശ്രദ്ധിക്കാൻ കഴിയാതെ വരുന്നു. അദ്ദേഹം സ്ഥലത്ത് ഇല്ലാത്ത സമയത്തെല്ലാം ആ വീട് നോക്കുന്നതും കുട്ടികളുടെ കാര്യങ്ങൾ നോക്കുന്നതെല്ലാം സുചിത്രയാണ്. ഒരു ഘട്ടത്തിൽ അദ്ധ്യാപനം അവസാനിപ്പിച്ച് മറ്റൊരു മേഖലയിലേക്ക് കടക്കുകയാണ്. അത് അവരുടെ കുടുംബജീവിതത്തെ എങ്ങനെയാണ് ബാധിക്കുന്നതെന്നാണ് ഫാമിലിമാനിൽ പറയുന്നത്.
മനോജ് ബാജ്പേയ്ക്ക് ഒപ്പമുള്ള അനുഭവം?
അദ്ദേഹത്തെ പോലൊരു നടന്റെ കൂടെ അഭിനയിക്കാൻ സാധിച്ചത് ഭാഗ്യമായി കാണുന്നു. കൂടുതൽ സീസൺ 'ഫാമിലിമാൻ" സീരിസീന് ഇല്ലെങ്കിലും അദ്ദേഹത്തിനൊപ്പം സിനിമകൾ ചെയ്യാൻ സാധിക്കുമെന്ന പ്രതീക്ഷയുണ്ട്.
ഒ. ടി. ടി റിലീസിനെക്കുറിച്ച്?
ഇന്ത്യയിൽ തന്നെ ഏറ്റവും വലിയ സംഭവമായി മാറാൻ പോവുന്നതാണ് ഒ.ടി.ടി.ഓരോരുത്തരുടെ സമയവും കംഫോർട്ടും അനുസരിച്ച് നമുക്ക് സിനിമകളും സീരീസുകളും കാണാൻ സാധിക്കും. ലോക്ക്ഡൗൺ സമയത്ത് അത് കൂടുതൽ സഹായകമായി എന്ന് തന്നെ പറയാം. ചില സിനിമകൾ 70 എം.എം സ്ക്രീനിൽ കാണുന്നത് തന്നെയാണ് ഫീൽ. തിയേറ്റർ അനുഭവം എപ്പോഴും മികച്ചു നിൽക്കുന്നതാണ്. ഒരു സിനിമയുടെ സിനിമാറ്റിക് എഫക്ട്, അതിന്റെ ബാക്ക്ഗ്രൗണ്ട് സൗണ്ട്, അതെല്ലാം തിയേറ്ററിൽ നിന്ന് മാത്രമേ കിട്ടുകയുള്ളു. കൊവിഡ് സമയത്ത് ഒ .ടി ടി യിൽ സുരക്ഷിതമായി ഇരുന്നു സിനിമ കാണുക മാത്രമേ വഴിയുള്ളൂ.
വെബ് സീരിസിന്റെ ചിത്രീകരണം എങ്ങനെയാണ്?
വെബ് സീരിസിന് ഒരു ദിവസം ഏഴും എട്ടും സീനൊക്കെ എടുക്കും. കുറച്ചു ദിവസങ്ങൾകൊണ്ട് കൂടുതൽ സീനുകൾ എടുക്കേണ്ട അവസ്ഥ ഉണ്ടാവും. ഒരു ലൊക്കേഷനിൽ നിന്നുള്ള മുഴുവൻ സീനുകളും ഒരുമിച്ച് എടുക്കും. വെബ് സീരിസിന് കൂടുതലും ഉപയോഗിക്കുന്നത് സിങ്ക് സൗണ്ടാണ്. അതുകൊണ്ട് തന്നെ മൊത്തം നിശബ്ദതയായിരിക്കും സെറ്റിൽ. ചില ഡയലോഗുകൾക്ക് ഡബ്ബിങ് വേണമെന്ന് തോന്നുന്നത് മാത്രമേ പിന്നീട് എടുക്കാറുള്ളു.
പച്ചമ്മാളായി മാറിയപ്പോൾ?
അസുരന്റെ തെലുങ്ക് റീമേക്കിൽ മഞ്ജുചേച്ചിയുടെ വേഷം ഞാനാണ് ചെയ്യുന്നത്. തമിഴിൽ നിന്ന് തെലുങ്കിലേക്ക് എത്തുമ്പോൾ സിനിമയ്ക്കും അതിലെ ഓരോ കഥാപാത്രങ്ങൾക്കും വ്യത്യാസമുണ്ട്. ഞാൻ എന്റെ സ്റ്റൈലിലാണ് പച്ചമ്മളായി മാറിയത്. ഷൂട്ടിംഗ് കഴിഞ്ഞു ഇനി ഡബിംഗ് പൂർത്തിയാക്കാനുണ്ട്. എന്റെ പരമാവധി ആ കഥാപാത്രത്തിന് നൽകിയിട്ടുണ്ട്.
മലയാളത്തിലേക്ക് അധികം കാണുന്നില്ല?
'പതിനെട്ടാം പടി" യിലെ അതിഥി വേഷമാണ് ഏറ്റവുമൊടുവിൽ മലയാളത്തിൽ ചെയ്തത്. നല്ലൊരു കഥാപാത്രത്തിനായുള്ള കാത്തിരിപ്പിലാണ്. എന്നെ എക്സൈറ്റ് ചെയ്യുന്ന കഥാപാത്രം വന്നാൽ തീർച്ചയായും മലയാളത്തിൽ സിനിമ ചെയ്യും. തിരക്കഥയ്ക്ക് പ്രാധാന്യം നൽകുന്ന വ്യക്തിയാണ് ഞാൻ. പുതിയ വെബ് സീരീസുകളും സിനിമകളും പ്രഖ്യാപ്പിക്കാനുണ്ട്. അതെല്ലാം വഴിയേ അറിയിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |