SignIn
Kerala Kaumudi Online
Monday, 14 September 2026 5.38 PM IST

കോൺഗ്രസ് തലപ്പത്ത് വൻ അഴിച്ചുപണിക്ക് സാദ്ധ്യത, കേരളത്തിലെ പ്രമുഖ നേതാവ് താക്കോൽ സ്ഥാനത്തെത്തുമെന്നും സൂചന

rahul-gandhi

തിരുവനന്തപുരം: ബ്ലോക്ക്, ജില്ലാ കോൺഗ്രസ് കമ്മിറ്റികളുടെയും കെ.പി.സി.സിയുടെയും പുന:സംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി കേരളത്തിന്റെ ചുമതലയുള്ള മൂന്ന് എ.ഐ.സി.സി സെക്രട്ടറിമാർ നാളെ മുതൽ നടത്താനിരുന്ന സംസ്ഥാന പര്യടനം നീട്ടിവച്ചു. നാല് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് എ.ഐ.സി.സി തലത്തിൽ ചില പുന:സംഘടനകൾക്ക് സാദ്ധ്യതയുള്ള പശ്ചാത്തലത്തിലാണ് യാത്ര മാറ്റുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ സംസ്ഥാനത്തെ പാർട്ടിക്കുള്ളിലെ പുന:സംഘടനാകാര്യത്തിൽ ദേശീയ നേതൃത്വം ഇടപെടുന്നതിനോട് ഇവിടത്തെ നേതാക്കൾക്കുള്ള വിയോജിപ്പും വരവ് മാറ്റി വയ്ക്കുന്നതിലുണ്ടായിട്ടുണ്ടെന്നാണ് സൂചന.

ഈ മാസം 31 വരെ മൂന്ന് മേഖലകളായി തിരിച്ച് എ.ഐ.സി.സി സെക്രട്ടറിമാരായ പി.വി. മോഹൻ, ഐവാൻ ഡിസൂസ, വിശ്വനാഥ് പെരുമാൾ എന്നിവർ പര്യടനം നടത്തി എം.എൽ.എമാർ, എം.പിമാർ, ജില്ലാ ഭാരവാഹികൾ, മണ്ഡലം പ്രസിഡന്റുമാർ, പോഷകസംഘടനാ ഭാരവാഹികൾ എന്നിവരുമായെല്ലാം സംവദിക്കാനായിരുന്നു തീരുമാനം. കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവുമടക്കമുള്ള മുതിർന്ന നേതാക്കളോടും സംസാരിച്ച ശേഷം ആഗസ്റ്റ് പതിനഞ്ചിനകം ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകാനും തീരുമാനിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ പുന:സംഘടനയിലേക്ക് നീങ്ങുമെന്നാണ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചത്. ഇതിലാണ് സംസ്ഥാനത്തെ എല്ലാ മുതിർന്ന നേതാക്കളും ഒന്നിച്ച് വിയോജിപ്പുമായി രംഗത്തെത്തിയത്. ഇതും സെക്രട്ടറിമാരുടെ യാത്ര മാറ്റിവയ്ക്കാൻ ഹൈക്കമാൻഡിനെ പ്രേരിപ്പിച്ചതായി സംശയിക്കുന്നു.

എന്നാൽ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, പഞ്ചാബ് സംസ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ എ.ഐ.സി.സിയിൽ ഉടൻ അഴിച്ചുപണി നടക്കുമെന്നതിനാൽ യാത്ര മാറ്റിവയ്ക്കുന്നുവെന്നാണ് ഹൈക്കമാൻഡ് വൃത്തങ്ങൾ അറിയിച്ചത്. ഇപ്പോൾ കേരളത്തിന്റെ ചുമതലയിലുള്ള മൂന്ന് സെക്രട്ടറിമാരിൽ ഒരാളെ ഗോവയുടെ ചുമതലയിലേക്ക് മാറ്റാനിടയുണ്ട്. ആഗസ്റ്റ് ആദ്യത്തോടെ അഴിച്ചുപണി പൂർത്തിയായ ശേഷമാകും കേരളത്തിലെ പുന:സംഘടന ചർച്ചകളിലേക്ക് നീങ്ങുക. എ.ഐ.സി.സിയിൽ അഴിച്ചുപണിയുണ്ടാകുമ്പോൾ കേരളത്തിൽ നിന്ന് രമേശ് ചെന്നിത്തലയ്ക്ക് ദേശീയതലത്തിൽ പാർട്ടി ചുമതല ലഭിച്ചേക്കുമെന്നും അറിയുന്നു. എ.ഐ.സി.സി ജനറൽസെക്രട്ടറിയായ ഉമ്മൻ ചാണ്ടി ആരോഗ്യപരമായ കാരണങ്ങളാൽ ഒഴിവായേക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CONGRESS, KERALA, RAHUL GANDHI, RAMESH CHENNITHALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA