SignIn
Kerala Kaumudi Online
Sunday, 13 September 2026 7.26 PM IST

തട്ടിയെടുക്കല്ലേ, കേരളബാങ്കിലെ സംവരണം

bank

കണ്ണൂർ: കണ്ണൂർ ജില്ലാസഹകരണ ബാങ്ക് നിയമനങ്ങളിൽ, പ്രാഥമിക കാർഷിക വായ്പ സഹകരണസംഘങ്ങളിലെയും വനിതസഹകരണ സംഘങ്ങളിലെയും മറ്റ് സഹകരണ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് നൽകിയിരുന്ന അമ്പത് ശതമാനം സംവരണം നിഷേധിക്കുന്നതിനെതിരെ കടുത്ത പ്രതിഷേധം.

ജില്ലാബാങ്കുകൾ സംസ്ഥാന സഹകരണബാങ്കിൽ ലയിച്ച് കേരള ബാങ്കായപ്പോഴാണ് ഇത്തരം നിയമനങ്ങളിലെ സംവരണം 25 ശതമാനമായി കുറച്ച്, പ്രാഥമിക കാർഷിക വായ്പ സഹകരണ സംഘം ജീവനക്കാർക്കായി നിജപ്പെടുത്തിയത്.പ്രാഥമിക സംഘങ്ങൾ ഒഴികെയുള്ള പതിനായിരക്കണക്കിന് സഹകരണ സംഘങ്ങളുടെ കോടിക്കണക്കിന് രൂപയുടെ നിക്ഷേപവും ഓഹരി മൂലധനവും കേരള ബാങ്കിലുള്ളപ്പോഴാണ് ഈ സ്ഥാപനങ്ങളിലെ ജീവനക്കാരെ നിയമനങ്ങളിൽ നിന്ന് ഒഴിവാക്കിയത്.

കേരള ബാങ്കിലെ നിയമനങ്ങളിൽ 50 ശതമാനം സംവരണം നിലനിർത്തണമെന്നും മുഴുവൻ സഹകരണ സംഘങ്ങളിലെ ജീവനക്കാരെയും സംവരണത്തിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് കണ്ണൂർ റീജണൽ ഓഫീസിനു മുന്നിൽ 14 ന് ധർണാസമരം നടത്തുവാൻ കേരള കോഓപ്പറേറ്റീവ് വർക്കേഴ്സ് ഫെഡറേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.

സ്ഥലം മാറ്റത്തിലും നിയന്ത്രണം

കേരളബാങ്കായതോടെ സ്ഥലംമാറ്റത്തിൽ സംഘടനകളുടെ താത്പര്യങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിലും പ്രതിഷേധമുയരുന്നുണ്ട്. സ്ഥലംമാറ്റത്തിൽ അനാവശ്യമായി ഇടപെട്ടാൽ ജീവനക്കാരന്റെ സർവ്വീസ് ബുക്കിൽ രേഖപ്പെടുത്താൻ കരടുചട്ടത്തിൽ ശിപാർശയുണ്ട്. എന്തെങ്കിലും സ്വാധീനം ഉപയോഗിച്ച് സ്ഥലംമാറ്റം നേടാനോ സ്ഥലംമാറ്റം ഉത്തരവ് റദ്ദാക്കാനോ ശ്രമിച്ചാൽ അച്ചടക്കലംഘനമായി കണക്കാക്കുമെന്നും ഇതു സർവ്വീസ് ബുക്കിൽ രേഖപ്പെടുത്തുമെന്നുമാണ് ചട്ടത്തിലുള്ളത്. ജില്ലാ സഹകരണ ബാങ്കുകൾ ലയിച്ച് കേരള ബാങ്ക് രൂപീകരിച്ചതോടെ ജീവനക്കാർക്ക് ഇനി മുതൽ ജില്ലയ്ക്ക് പുറത്തേക്കും സ്ഥലംമാറ്റമുണ്ടാകും. നേരത്തെ അതതു ജില്ലകളിൽ ഒതുങ്ങിയിരുന്ന സ്ഥലംമാറ്റം സംസ്ഥാനതലത്തിൽ നടപ്പാക്കാനാണ് ശിപാർശ.

കാസർകോട് യൂണിറ്റിൽ ജോലി ചെയ്തിരുന്ന ജില്ലാബാങ്ക് എംപ്ളോയീസ് ഫെഡറേഷൻ നേതാക്കളായ രണ്ടുവനിതകളെ ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലംമാറ്റി. ബാങ്ക് ചെയർമാനും സി.ഇ.ഒയും വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുക്കാതെ സംഘടനയുടെ യോഗത്തിൽ പോയെന്നാണ് ബാങ്ക് നൽകുന്ന വിശദീകരണം. ഇതിനെതിരെ വാട്സ് ആപ് ഗ്രൂപ്പിൽ പ്രകോപനപരമായി വോയ്സ് സന്ദേശം പോസ്റ്റ് ചെയ്തതും വിവാദമായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, KERALABANK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL