SignIn
Kerala Kaumudi Online
Thursday, 15 October 2026 2.00 AM IST

കേരളപ്പിറവി ദിനത്തിൽ ഇടുക്കിയിൽ ആദ്യ വിമാനം പറന്നിറങ്ങും

runway
വണ്ടിപ്പെരിയാർ സത്രത്തിൽ നിർമിച്ച എയർസ്ട്രിപ്പിന്റെ റൺവേ

 എൻ.സി.സിയുടെ എയർസ്ട്രിപ്പ് നിർമ്മാണം വണ്ടിപ്പെരിയാറിൽ

ഇടുക്കി: തടസങ്ങളെല്ലാം നീങ്ങിയാൽ കേരളപ്പിറവി ദിനത്തിൽ ഇടുക്കി ജില്ലയിൽ ആദ്യമായി വിമാനം പറന്നിറങ്ങും. എൻ.സി.സിയുടെ രാജ്യത്തെ തന്നെ ഏക എയർസ്ട്രിപ്പ് വണ്ടിപ്പെരിയാറിലെ സത്രം ഭാഗത്ത് പൂ‌ർത്തിയായി വരുന്നു. 15 സീറ്റുവരെയുള്ള ചെറുവിമാനങ്ങൾക്ക് ഇറങ്ങാവുന്ന എയർസ്ട്രിപ്പാണിത്. എൻ.സി.സിയുടെ രണ്ട് സീറ്റുള്ള വൈറസ് എസ്.ഡബ്ല്യു- 80 വിമാനമാകും ആദ്യം ഇവിടെ ഇറക്കുക. എൻ.സി.സി കേ‌ഡറ്റുകൾക്ക് സൗജന്യമായി ഫ്ലൈയിംഗ് പരിശീലനം നൽകുന്നതിനാണ് എയർസ്ട്രിപ്പ് സ്ഥാപിക്കുന്നതെങ്കിലും അടിയന്തര സാഹചര്യങ്ങളിൽ ജില്ലയ്ക്ക് ഇത് ഏറെ സഹായകരമാകും.

റവന്യു വകുപ്പ് അനുവദിച്ച 12 ഏക്കർ സ്ഥലത്ത് 2017 മേയ് 21നാണ് നിർമ്മാണം ആരംഭിച്ചത്. ആയിരം മീറ്ററിൽ 650 മീറ്റർ റൺവേയുടെ നിർമ്മാണം പൂ‌ർത്തിയായി. വിമാനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള ഹാംഗർ നിർമ്മിക്കാനുണ്ട്. വിമാനമിറക്കുന്നതിന് ഇക്കഴിഞ്ഞ ജൂൺ മൂന്നിന് കേന്ദ്ര സിവിൽ ഏവിയേഷൻ വകുപ്പ് അനുമതി നൽകിയിരുന്നു. സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് നിർമ്മാണം നടത്തുന്നത്. രാജ്യത്ത് ആദ്യമായാണ് പൊതുമരാമത്ത് വകുപ്പ് ഒരു എയർസ്ട്രിപ്പ് നിർമ്മിക്കുന്നത്. ഇതുവരെ നിർമ്മാണത്തിന് ചെലവായത് 13 കോടി രൂപയാണ്.

കൂടുതൽ നിർമ്മാണ പ്രവർത്തനങ്ങൾക്കായി 11.5 ഏക്കർ ഭൂമി കൂടി എൻ.സി.സി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ വനംവകുപ്പ് ഇതിന് തടസവാദം ഉന്നയിച്ചിരിക്കുകയാണ്. മന്ത്രിതലത്തിൽ ചർച്ച നടത്തി തടസങ്ങൾ നീക്കാൻ കഴിഞ്ഞദിവസം വാഴൂർ സോമൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.

രാജ്യത്ത് ആദ്യം

പ്രതിവർഷം ആയിരം എൻ.സി.സി കേ‌ഡറ്റുകൾക്ക് സൗജന്യമായി ഫ്ലൈയിംഗ് പരിശീലനം നൽകുന്ന ദേശീയ നിലവാരത്തിലുള്ള രാജ്യത്തെ ആദ്യ പരീശീലനകേന്ദ്രമാണ് ഇവിടെ സ്ഥാപിക്കുന്നത്. 200 കേഡറ്റുകളെ ഇടുക്കിയിൽ നിന്നുതന്നെ തിരഞ്ഞെടുക്കും.

ദുരന്തനിവാരണത്തിനും ഉപയോഗിക്കാം

പ്രളയകാലത്തും പെട്ടിമുടി ദുരന്തസമയത്തും വിമാനത്താവളമില്ലാത്തതിന്റെ വിഷമം ഇടുക്കി അനുഭവിച്ചതാണ്. എയർസ്ട്രിപ്പ് യാ‍ഥാർത്ഥ്യമായാൽ എയർഫോഴ്സ് വിമാനങ്ങളേയും വലിയ ഹെലികോപ്ടറുകളേയും അടിയന്തര സാഹചര്യങ്ങളിൽ ഇവിടെ ഇറക്കാനാകും. ഭാവിയിൽ വിമാനത്താവളമായി ഉയർത്തിയാൽ വലിയ വിമാനങ്ങൾക്ക് ലാൻഡ് ചെയ്യാം. എട്ട് കിലോമീറ്റർ മാത്രം അകലെയുള്ള ശബരിലയിൽ എത്തുന്ന അന്യസംസ്ഥാന തീർത്ഥാടകർക്കും സഹായകരമാവും. വാഗമൺ,​ തേക്കടി,​ മൂന്നാർ തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിലേക്ക് സഞ്ചാരികൾക്ക് എളുപ്പമെത്താനും കഴിയും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IDUKKI AIRSTRIP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA