SignIn
Kerala Kaumudi Online
Tuesday, 29 September 2026 1.51 PM IST

അഗ്രഹാരത്തിലെ വെൽഡൺ പദ്മനാഭൻ!

thanu-padmanabhan

മടക്കം കേരളം അംഗീകരിച്ച സന്തോഷത്തോടെ

തിരുവനന്തപുരം: 1970കളുടെ തുടക്കം. കരമന അഗ്രഹാരത്തിലെ നാഗമയ്യ സ്‌ട്രീറ്റിൽ അന്നത്തെ കൗമരക്കാരനായ താണു പദ്മനാഭൻ കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നു. സ്ലിപ്പിൽ ക്യാച്ച് വിട്ട ഫീൽഡറെ മാറ്റി ക്യാപ്‌ടൻ താണുപദ്മനാഭൻ ജാഗ്രതോടെ നിൽക്കുന്നു. എന്നാൽ കൈയിലേക്ക് ബാറ്റ്സ്‌മാൻ അടിച്ചിട്ട പന്ത് പിടിക്കാൻ കഴിഞ്ഞില്ല. താൻ മാറ്റിയ ഫീൽഡർ പദ്മനാഭനെ നോക്കി കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു-'വെൽഡൺ പദ്മനാഭൻ...'

കഴിഞ്ഞ ബുധനാഴ്‌ച ആത്മാർത്ഥ സുഹൃത്തും സഹപാഠിയുമായിരുന്ന വിരമിച്ച ബാങ്ക് ഉദ്യോഗസ്ഥൻ എസ്.പദ്മനാഭനോട് അവസാനമായി ഫോണിൽ സംസാരിക്കുമ്പോൾ താണു പദ്മനാഭൻ പറഞ്ഞത് ആ ക്രിക്കറ്റ് കളിയെപ്പറ്റി ആയിരുന്നു. അന്ന് ആ ഫീൽഡറെ മാറ്റിയത് തെറ്റായിരുന്നുവെന്ന് പറഞ്ഞു. വലിയ ശാസ്‌ത്രജ്ഞനായപ്പോഴും അഗ്രഹാരത്തിലെ സുഹൃത്തുക്കൾക്ക് താണു പദ്മനാഭൻ വെൽഡൺ പദ്മനാഭൻ ആയിരുന്നു.

അഗ്രഹാരത്തിലെ വാടകവീട്ടിലായിരുന്നു താണു പദ്മനാഭന്റെ കുടുംബം. കരമനയിലെ സർക്കാർ ബോയ്‌സ് ഹൈസ്‌കൂളിൽ (ഇന്നത്തെ ഹയർസെക്കൻഡറി) ക്ലാസിൽ മികവ് കാട്ടിയ മൂന്നുപേരിൽ ഒരാളായിരുന്നു പദ്മനാഭൻ. ടോപ്പ് റാങ്ക് സ്ഥിരമായി നിലനിർത്താനായില്ല. കാരണം ഹിന്ദിയായിരുന്നു. ഹെഡ്‌മിസ്‌ട്രസ് നളിനി ശ്രീനിവാസനും ഫിസിക്‌സ് അദ്ധ്യാപകൻ നാരായണൻ നായരുമാണ് പദ്മനാഭന്റെയുളളിലെ പ്രതിഭയെ കണ്ടെത്തുന്നത്.

പ്രീഡിഗ്രിക്ക് തിരുവനന്തപുരം ആർട്‌സ് കോളേജിൽ എത്തി. പദ്‌മനാഭന്റെ കുടുംബം ഒന്നാം പുത്തൻ തെരുവിലേക്ക് മാറി. ഗണിതത്തിൽ തത്പരനായിരുന്ന പദ്മനാഭൻ ഫിസി‌കി്‌സിൽ കൂടുതൽ ശ്രദ്ധിക്കുന്നത് ഇക്കാലത്താണ്. 'ട്രിവാൻഡ്രം സയൻസ് സൊസൈറ്റിയിലും സജീവമായി. കൂടുംബത്തിന്റെ കഷ്‌ടതകൾക്കിടയിൽ നാഷണൽ സയൻസ് ടാലന്റ് സെർച്ച് പരീക്ഷ ജയിച്ച് സ‌്കോളർഷിപ്പ് നേടിയത് പദ്മനാഭന് ആശ്വാസമായി.

1974ൽ യൂണിവേഴ്‌സിറ്റി കോളേജിൽ ഫിസിക്‌സ് ബിരുദത്തിന് ചേർന്നു. ഗോൾഡ് മെഡലോടെയാണ് ബി.എസ്.സിയും എം.എസ്.സിയും ഒന്നാം റാങ്കോടെ പാസായത്. പിന്നീടാണ് രാജ്യം കണ്ട ഏറ്റവും മികച്ച ശാസ്‌ത്രജ്ഞരുടെ നിരയിലേക്ക് ജൈത്രയാത്ര ആരംഭിക്കുന്നത്.

മുംബയിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ ജൂനിയറായിരുന്ന തമിഴ്നാട് സ്വദേശി വസന്തിയുമായി പദ്‌മനാഭൻ പ്രണയത്തിലായി. 1983 മാർച്ചിലായിരുന്നു വിവാഹം. പദ്‌മനാഭൻ രചിച്ച എല്ലാ ശാസ്ത്രഗ്രന്ഥങ്ങളുടെയും പിന്നിൽ വസന്തിയുടെ സഹായമുണ്ടായിരുന്നു. ഇരുവരും ചേർന്ന് 'ദ ഡാൺ ഓഫ് സയൻസ്' എന്ന ഗ്രന്ഥവും പ്രസിദ്ധീകരിച്ചു. വസന്തി-പത്മനാഭൻ ദമ്പതികൾ ഏക മകൾക്ക് പേരിട്ടത് ഹംസവാഹിനി എന്നായിരുന്നു. പിന്നീട് ഹംസ എന്നാക്കി. മാതാപിതാക്കളെ പോലെ ഹംസയും അസ്‌ട്രോഫിസിക്‌സിൽ പി.എച്ച്.ഡി നേടി.

പദ്മശ്രീ ലഭിച്ച ശേഷം കരമന ബോയ്‌സ് ഹൈസ്‌കൂളിലേക്ക് 2018ൽ താണു പദ്മനാഭൻ എത്തിയിരുന്നു. വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. പഠിച്ച ക്ലാസ് മുറിയിൽ ഏറെ നേരം ചെലവിട്ടാണ് മടങ്ങിയത്.ലോകം മുഴുവൻ അംഗീകരിച്ചെങ്കിലും ജന്മനാട് എന്നെ അംഗീകരിച്ചില്ലെന്ന് താണു പദ്മനാഭൻ സ്വകാര്യ സംഭാഷണങ്ങളിൽ പറയാറുണ്ടായിരുന്നു. കഴിഞ്ഞ മാസം പതിനേഴിന് കേരള ശാസ്‌ത്ര പുരസ്‌കാരം ലഭിച്ചപ്പോൾ പദ്മശ്രീ ലഭിച്ചതിനെക്കാൾ സന്തോഷമായിരുന്നു അദ്ദേഹത്തിന് - കൂട്ടുകാരൻ വിതുമ്പലോടെ ഓർക്കുന്നു...

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THANU PADMANABHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA