SignIn
Kerala Kaumudi Online
Wednesday, 01 July 2026 1.40 PM IST

രണ്ടു വർഷം മുൻപേ അറിഞ്ഞു, ഇന്റലിജൻസ് റിപ്പോർട്ട് ഒതുക്കി

monson-mavunkal

തിരുവനന്തപുരം: മോൻസൺ മാവുങ്കൽ തട്ടിപ്പുകാരനാണെന്ന് രണ്ടുവർഷം മുൻപ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിട്ടും കേസെടുക്കാനോ അന്വേഷിക്കാനോ അന്നത്തെ പൊലീസ് മേധാവി ലോക് നാഥ് ബെഹ്റ തയ്യാറായില്ല. പകരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഡയറക്ടർക്ക് പേരിനൊരു കത്തയച്ചു. 2019മേയിൽ കൊച്ചിയിലെ വിവാഹചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ ബെഹ്റയും എ.ഡി.ജി.പി മനോജ് എബ്രഹാമും മോൻസണെ പരിചയപ്പെടുകയും പുരാവസ്തുക്കൾ കാണാൻ വീട്ടിൽ പോവുകയും ചെയ്തു. അന്നാണ് 'മോശയുടെ അംശവടി' കൈയിലേന്തി 'ടിപ്പുവിന്റെ സിംഹാസനത്തിൽ' ഇരുന്ന് ബെഹ്റ ചിത്രമെടുത്തത്. ഈ ചിത്രങ്ങൾ നിരവധി വാട്സ്ആപ് ഗ്രൂപ്പുകളിൽ മോൻസൺ പ്രചരിപ്പിച്ചതോടെ പൊലീസ് നേതൃത്വം പന്തികേട് മണത്തു.

തട്ടിപ്പുകാരനാണെന്ന് മനോജ് എബ്രഹാം സംശയമുന്നയിച്ചതിനെത്തുടർന്ന് 2019ൽ ബെഹ്റ ഇന്റലിജൻസ് അന്വേഷണത്തിന് നിർദ്ദേശിച്ചു. കാര്യമായ വരുമാന സ്രോതസില്ലാതെ കോടികളുടെ സമ്പാദ്യവും വൻ ഭൂസ്വത്തും മുന്തിയ കാറുകളും സ്വന്തമാക്കിയെന്നും തിരുവിതാംകൂർ രാജകുടുംബത്തിന്റേതെന്ന് അവകാശപ്പെടുന്ന സിംഹാസനമടക്കം വ്യാജമാണെന്നും ഇന്റലിജൻസ് കണ്ടെത്തി ബെഹ്റയെ അറിയിച്ചു. ഉന്നത ഉദ്യോഗസ്ഥരുമായുള്ള വഴിവിട്ട ബന്ധവും ഡോക്ടറാണെന്ന് അവകാശപ്പെടുന്ന മോൻസണിന് സ്കൂൾ വിദ്യാഭ്യാസം മാത്രമേയുള്ളൂവെന്നും ഇടപാടുകളെല്ലാം ദുരൂഹമാണെന്നും കണ്ടെത്തിയിരുന്നു. വർഷങ്ങൾക്ക് മുൻപ് കോസ്‌മെ​റ്റിക് ആശുപത്രി നടത്തിയിരുന്ന ഇയാൾക്ക് പുരാവസ്തുക്കൾ കൈകാര്യം ചെയ്യാനുള്ള ലൈസൻസില്ലെന്നും വൻ തട്ടിപ്പുകൾ നടക്കുന്നുണ്ടെന്നും ഇന്റലിജൻസ് അറിയിച്ചു. ക്രിമിനൽ കേസെടുക്കാമായിരുന്നിട്ടും ഒരു നടപടിയുമെടുത്തില്ല. ഇതിനിടയിലാണ് ആറരക്കോടിയുടെ തട്ടിപ്പ് കേസ് ഒതുക്കാൻ ഇല്ലാത്ത അധികാരം ഉപയോഗിച്ച് ഐ.ജി ഗുകുലോത്ത് ലക്ഷ്മൺ ഇടപെട്ടത്. ജില്ലാ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ തട്ടിപ്പ് കണ്ടെത്തി വാഹനങ്ങൾ പിടിച്ചെടുത്തിരുന്നു. പരാതി നൽകിയ യുവതിയെ എങ്ങനെ ഒതുക്കിയെന്ന് ചേർത്തല സി.ഐ അയാളെ വിളിച്ചറിയിക്കുന്ന ശബ്ദരേഖയും പുറത്തായിട്ടുണ്ട്.

പുരാവസ്തുക്കൾ വ്യാജമാണെന്നും സാമ്പത്തിക ഇടപാടുകൾ ദുരൂഹമാണെന്നും ചൂണ്ടിക്കാട്ടി 2020 ഫെബ്രുവരിയിലാണ് ഇ.ഡി ഡയറക്ടറായിരുന്ന സഞ്ജീവ് കുമാർ മിശ്രയ്ക്ക് ബെഹ്റ കത്തയച്ചത്. സമ്പത്തിന്റെ വിവരങ്ങളും നികുതി അടച്ചിട്ടുണ്ടോയെന്നും അന്വേഷിക്കണമെന്നായിരുന്നു ആവശ്യം. തുടർനടപടി ഉണ്ടായില്ല. ഇ.ഡി കേസെടുക്കാതിരുന്നാലും ക്രൈംബ്രാഞ്ചിന് അന്വേഷണം നടത്താമായിരുന്നു. അതുണ്ടായില്ല. മോൻസൺ അറസ്റ്രിലാവുകയും പൊലീസ് കൂട്ടുകെട്ട് പുറത്താവുകയും ചെയ്തതോടെ പൊലീസ് ആസ്ഥാനത്തു നിന്നാണ് ഇന്റലിജൻസ് റിപ്പോർട്ടടക്കം പുറത്തുവിട്ടത്. അടുത്തിടെ മോൻസൺ പൊലീസ് ആസ്ഥാനത്തെത്തി ഡി.ജി.പി അനിൽകാന്തിന് ഉപഹാരം സമർപ്പിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MONSON MAVUNKAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA