
ആശാചക്രം സിനിമയിൽ സത്യന്റെ മകൾ. നിഴൽ സിനിമയിൽ കുഞ്ചാക്കോ ബോബന്റെ അമ്മ.നാലരപതിറ്റാണ്ട്. 250 ലധികം സിനിമകൾ. കഥാപാത്രം ഏതായാലും പ്രേക്ഷകർ തിരിച്ചറിഞ്ഞു പേര് പറയും. ശ്രീലത നമ്പൂതിരി.
പതിനെട്ടാം വയസിൽ 'വിരുതൻ ശങ്കു"സിനിമയിൽ നാല്പതുകാരനായ അടൂർ ഭാസിയുടെ നായികയായി അഭിനയിക്കാൻ അവസരം. ശ്രീലതയുടെ സ്വപ്നത്തിലെ നായകൻ പ്രേംനസീറും.കോമഡി അറിയാത്തതിനാൽ കരച്ചിലും ബഹളവുമായി. മദിരാശിയിൽനിന്ന് നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചപ്പോൾ വീണ്ടും അടൂർഭാസിയുടെ നായികയായി അഭിനയിക്കാൻ അവസരം. എന്നാൽ അപ്രതീക്ഷിതമായി എത്തിയ ആശാചക്രം ആദ്യ സിനിമയായി മാറുകയും ചെയ്തു. വിരുതൻ ശങ്കു ഉപേക്ഷിച്ചെങ്കിലും പിൽക്കാലത്ത് നൂറിലധികം സിനിമകളിൽ അടൂർഭാസിയുടെ നായികയായി. മലയാളത്തിലെ എക്കാലത്തെയും മികച്ച ഹാസ്യജോഡിയായി ഇരുവരും മാറിയതാണ് പിന്നത്തെ കഥ. ഒരുവർഷം 35 സിനിമകളിൽ വരെ ഒന്നിച്ചഭിനയിച്ചു. കോളിളക്കം സിനിമയിൽ അഭിനയിച്ചുമടങ്ങുമ്പോഴാണ് ജയന്റെ മരണം ശ്രീലത നമ്പൂതിരി അറിയുന്നത്. ആ സിനിമയോടെ അഭിനയം നിറുത്തി. 23 വർഷത്തിനുശേഷം മടങ്ങിവന്നപ്പോൾ ഗൃഹസദസാണ് കീഴടക്കിയത്. തിരുവനന്തപുരം ശാസ്തമംഗലത്തെ വീട്ടിൽ 'പാടാത്ത പൈങ്കിളി" സീരിയിലിലെ പ്രിയപ്പെട്ട എലിസബത്ത് അമ്മച്ചിയെ പോലെ ' എന്നതാ കൊച്ചേ, ഇത്രയും വൈകിയത് " എന്നു കുശലം ചോദിച്ച് സ്വീകരിക്കുമ്പോൾ പുറത്തു ഉച്ചവെയിൽ.
ബി. വസന്ത ഇനി ശ്രീലത
ഹരിപ്പാട് കരുവാറ്റ ആണ് നാട്. വീട്ടുകാരും നാട്ടുകാരും ഇപ്പോഴും വസന്ത എന്നാണ് വിളിക്കുക. നടിയും പിതൃസഹോദരിയുമായ കുമാരി തങ്കം സ്കൂളിൽ ചേർക്കുമ്പോൾ ശ്രീലത എന്നു പേരുമാറ്റി. ഹരിപ്പാട് ഗേൾസ് ഹൈസ്കൂളിലായിരുന്നു പഠനം.ആരോ തള്ളി വിട്ടതുപോലെയാണ് സിനിമയിലേക്ക് വന്നത്. അഭിനയത്തോട് താത്പര്യമില്ലായിരുന്നു.സംഗീതവും സ്പോർട്സുമായിരുന്നു ഇഷ്ടങ്ങൾ. സംസ്ഥാന തലത്തിൽ ലളിത സംഗീതത്തിനും ലോംഗ്ജംപിനും ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. പത്താംക്ളാസിൽ പഠിക്കുമ്പോഴാണ് കെ.പി.എ.സിയിൽ പാടാൻ വിളിക്കുന്നത്.പട്ടാളക്കാരനായായിരുന്നു അച്ഛൻ.അമ്മ സംഗീത അദ്ധ്യാപികയും. എന്നാൽ കുട്ടിക്കാലത്ത് പാട്ട് പഠിച്ചില്ല.സത്യൻ മാഷിന്റെ മരണശേഷമാണ് ആശാചക്രം റിലീസ് ചെയ് തത്. അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ കുറെ സിനിമയിൽ നായികയായി അഭിനയിക്കാമായിരുന്നെന്ന് തോന്നി. അപ്പോഴാണ് ആ ഉപദേശം...

ഹം തും ഏക് കമരേ മേം
നായികയായി അഭിനയിക്കാൻ പോയാൽ മൂന്നാലു സിനിമകൊണ്ട് തീരും. കോമഡി വേഷം ചെയ്താൽ കുറെ സിനിമകളിൽ അഭിനയിക്കാമെന്ന് ഭാസിയേട്ടൻ .നായികയാവാൻ കഴിയാതെ പോയതിൽ പിന്നീട് വിഷമം തോന്നിയില്ല. അതിനേക്കാൾ പ്രശസ്തി ലഭിച്ചു. അടൂർ ഭാസി എന്ന പ്രതിഭാധനനൊപ്പം അഭിനയിച്ചതിനാൽ പഴയ തലമുറ എന്നെ ഓർക്കുന്നു. അടൂർ ഭാസി - ശ്രീലത ജോഡി കൂട്ടുകെട്ട് എങ്ങനെ വന്നുവെന്ന് ഇപ്പോഴും അറിയില്ല.
അച്ചാരം അമ്മിണി ഓശാരം ഓമന, മദനോത്സവം, പഞ്ചമി, അയലത്തെ സുന്ദരി എന്നിവയാണ് ശ്രദ്ധേയ സിനിമകൾ.കോമഡി പറയാൻ അറിയാത്തതിനാൽ ആദ്യത്തെ പതിനഞ്ചു സിനിമയിൽ ബുദ്ധിമുട്ടി. ഭാസിയേട്ടൻ കൈയിൽ നിന്നു ഇട്ടു പറയുമ്പോൾ കൗണ്ടറടിക്കാൻ എനിക്ക് അറിയില്ല. അതിനു കുറെ വഴക്കു കേട്ടു. ആ വഴക്കു പറച്ചിൽ നല്ലതിനായിരുന്നെന്ന് പിന്നീട് അറിഞ്ഞു. 'പഠിച്ച കള്ളൻ" സിനിമയാണ് ഭാസിയേട്ടനൊപ്പം അഭിനയിച്ച് ആദ്യം റിലീസാവുന്നത് . ഹലോ ഡാർലിംഗ് സിനിമയിലെ ഹം തും ഏക് കമരേ മേം എന്ന ഗാനം ഇപ്പോഴും ഒാർക്കുന്നു. അച്ചാരം അമ്മിണി ഒാശാരം ഒാമന , ആദ്യപാഠം, രഘുവംശം എന്നീ സിനിമളിൽ ഭാസിയേട്ടന്റെ സംവിധാനത്തിൽ അഭിനയിക്കാൻ ഭാഗ്യം ലഭിച്ചു.ആ സമയത്ത് കോമഡി ചെയ്യാൻ ചെറുപ്പക്കാരികളായ നടിമാർ കുറവായിരുന്നു. പാതിരാവും പകൽ വെളിച്ചവും സിനിമയിൽ നസീർ സാറിന്റെ രണ്ടു നായികമാരിൽ ഒരാളായി അഭിനയിക്കാൻ കഴിഞ്ഞു. കമൽഹാസിന്റെ മറ്റൊരു സീതയിലും നായിക വേഷം. ജീവിതത്തിൽ നല്ല നായികയായി തിളങ്ങാൻ അപ്പോഴാണ് വിളി. ..
എന്റെ തിരു
ശ്രീകുമാരൻ തമ്പിയുടെ 'പാപത്തിന് മരണമില്ല " സിനിമയിൽ അഭിനയിക്കുമ്പോഴാണ് ഡോ. എം. കെ പരമേശ്വരൻ നമ്പൂതിരിയെ ( ഡോ. കാലടി നമ്പൂതിരി) പരിചയപ്പെടുന്നത്. അത് പ്രണയമായി മാറി. വിവാഹം കഴിക്കാൻ തീരുമാനിച്ചു.ബ്രാഹ്മണമതം സ്വീകരിക്കുകയും ചെയ്തു. ഡോ. നമ്പൂതിരിയെ ഭർത്താവായി ലഭിച്ചത് ഭാഗ്യമാണ്.കുന്നംകുളത്തെ കാലടി മനയും ആയുർവേദ ഫാക്ടറിയുടെ നടത്തിപ്പുമായിരുന്നു പിന്നത്തെ ലോകം.എല്ലാവരെയും നന്നായി പ്രോത്സാഹിപ്പിക്കുന്ന കലയെ സ്നേഹിക്കുന്ന വ്യക്തി .തിരുമേനി എന്ന വാക്ക് ലോപിച്ച് തിരു എന്ന് ഞാൻ വിളിച്ചു. ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ 23 വർഷങ്ങൾ. ഞങ്ങൾ തമ്മിൽ വഴക്കിടും. അടുത്ത നിമിഷം തമാശ പറയും. 2007ന് അപ്പുറം ജീവിച്ചിരിക്കില്ല എന്ന് ജാതകത്തിൽ പറഞ്ഞിട്ടുണ്ടായിരുന്നു . 2005 ൽ മരിച്ചു. മരണം മുന്നിൽ കണ്ടപോലെ എല്ലാം വേഗം ചെയ്തു തീർത്തു മടക്കം.നല്ല നായികയായി സിനിമയിൽ തിളങ്ങിയാൽ കുടുംബജീവിതത്തിൽ ഒരുപക്ഷേ പരാജയപ്പെടുമായിരുന്നു. എത്രയോ നായികമാർ മുന്നിലുണ്ട്. അന്നും ഇന്നും.വലിയ വേദനയായിരുന്നു ഡോക്ടറുടെ മരണം. അതിൽ നിന്നു മോചനം ആവശ്യമായി വന്നപ്പോഴാണ് അപ്രതീക്ഷിതമായ വിളി...
ഫോണിൽ
നോക്കിയിരിപ്പാ
സുരേഷ് ഗോപിയുടെ 'പതാക" സിനിമയിൽ അഭിനയിച്ചാണ് മടങ്ങിവരവ്. ആ വരവിൽ സീരിയൽ ചെയ്തു.സത്യൻ അന്തിക്കാടിന്റെ വിനോദയാത്രയിൽ നല്ല കഥാപാത്രമായിരുന്നു. ഇരുനൂറ്റിഅമ്പതിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടും ഇഷ്ടം തോന്നിയ കഥാപാത്രം ഒന്നോ രണ്ടോ സിനിമയിലെ ലഭിച്ചുള്ളൂ.ചിത്രീകരണം പുരോഗമിക്കുന്ന 'പന്ത്രണ്ട്" സിനിമയിൽ സ്രിന്ധയുടെ അമ്മ വേഷം. പുസ്തകം വായിക്കുന്നതുപോലെ ലൊക്കേഷനിൽ എല്ലാവരും ഫോണിൽ നോക്കിയിരിപ്പാണ്. അതുവഴി പോയാൽ 'ഹലോ ഹലോ" എന്നു കേൾക്കാം. സിനിമയും മാറി. സൗകര്യങ്ങൾ കൂടുമ്പോൾ ആളുകള് മാറും.ബ്ളാക്ക് ആൻഡ് വൈറ്റ് സിനിമയിൽ അമിതമായി മേക്കപ്പ് വേണം. അതും മാറി. ബന്ധങ്ങൾക്ക് വില നഷ്ടപ്പെട്ടു. ' സുഖമാണോ" എന്നു അന്വേഷിക്കാൻ പോലും ആളില്ലാത്ത അവസ്ഥ. അച്ഛനും അമ്മയും സിനിമയിൽ നിന്ന് അപ്രത്യക്ഷമായി. എപ്പോഴെങ്കിലും ഒരു സിനിമ കിട്ടും. സീരിയലിൽ മാത്രം അഭിനയിക്കുമ്പോൾ സിനിമ ചെയ്യാൻ ആഗ്രഹിക്കാറുണ്ട്. ആ ആഗ്രഹത്തിലാണ് ഇപ്പോഴത്തെ അഭിനയം. മമ്മുക്ക, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം എന്നിവർക്കൊപ്പവും അഭിനയിച്ചു. കഴിഞ്ഞ വർഷമായിരുന്നു സപ്തതി. ആരെയും അറിയിച്ചില്ല. എന്നാൽ മോഹൻലാൽ വിളിച്ചു.ആ വിളി കൂടി വന്നിരുന്നെങ്കിൽ ...

ചന്ദ്രികയിലലിയുന്നുചന്ദ്രകാന്തം
71 -ാം വയസിൽ വീണ്ടും പിന്നണി ഗായികയായി സിനിമയിൽ എത്താൻ ആഗ്രഹമുണ്ട്. പാട്ട് പാടുമ്പോൾ അന്ന് പ്രോത്സാഹിപ്പിക്കാൻ ആരുമില്ലായിരുന്നു. ഇന്ന് പാടിയാൽ ലോകം മുഴുവൻ അറിയും.അഭിനയിച്ച പന്ത്രണ്ട് സിനിമകളിൽ പാടിയിട്ടുണ്ട്.നൈറ്റ് ഡ്യൂട്ടി സിനിമയിൽ അറിയാമോ നിങ്ങൾ അറിയാമോ , അരക്കള്ളൻ മുക്കാൽ കള്ളനിൽ കാത്തില്ല പൂത്തില്ല തളിർത്തില്ല എന്ന ഗാനം ശ്രീവിദ്യയ്ക്കുവേണ്ടിയും പാടി.'ഭാര്യമാർ സൂക്ഷിക്കുക" സിനിമയിൽ ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം പാട്ടുസീനിൽ അഭിനയിക്കാൻ കഴിഞ്ഞു.മദ്രാസിൽ എത്തിയശേഷമാണ് ദക്ഷിണമൂർത്തി സ്വാമിയുടെ അടുത്ത് സംഗീതം പഠിക്കുന്നത്. കച്ചേരിക്കുവേണ്ടി പാട്ട് പഠിക്കാൻ സ്വാമി ഉപദേശിച്ചു.ഒരുപാട് കച്ചേരികൾ നടത്തി. 23 വർഷത്തിനുശേഷം 2006മുതൽ വീണ്ടും കച്ചേരികളിൽ സജീവമായി. സിനിമയിൽ അഭിനയിക്കുകയും സംഗീത കച്ചേരി നടത്തുകയും ചെയ്യുന്ന ഏക അഭിനേത്രി. മുൻപ് ശ്രീവിദ്യ ഉണ്ടായിരുന്നു.ഇപ്പോഴത്തെ വിളി ഇങ്ങനെ...
എലിസബത്ത് അമ്മച്ചി
സീരിയലിലാണ് മികച്ച കഥാപാത്രം ലഭിക്കുന്നത്. ഇരുപതിലധികം സീരിയലുകളിൽ അഭിനയിച്ചു. തുളസീദളം, കറുത്തമുത്ത്, ഹരിഛന്ദനം, കസ്തൂരിമാൻ എന്നീ സീരിയലുകൾ വലിയ സ്വീകാര്യത തന്നു. കറുത്തമുത്തിൽ കുന്നായ്മ കഥാപാത്രം, കസ്തൂരിമാനിൽ സ്നേഹസമ്പന്നയായ കഥാപാത്രം. ശബ്ദത്തിന്റെ പ്രത്യേകത കാരണം സീരിയൽ പ്രേക്ഷകർ എന്നെ ഒരു ദുഷ്ടയായി കാണുന്നു. എത്ര ദുഷ്ടയായകഥാപാത്രം അവതരിപ്പിച്ചാലും സപ്താഹങ്ങൾക്ക് തിരിതെളിക്കാൻ ക്ഷേത്രങ്ങളിൽ വിളിക്കുന്നു. കരുവാറ്റ ഗ്രാമത്തിൽ ജനിച്ച എന്നെ ലോകത്ത് എല്ലായിടത്തുമുള്ള മലയാളി തിരിച്ചറിയുന്നു എന്നത് ഭാഗ്യമല്ലേ.മകൻ വിശാഖ് ഫിസിയോതെറാപ്സ്റ്റിക്. മകൾ ഗംഗ ടെക്നോപാർക്കിൽ ഉദ്യോഗസ്ഥ. മരുമകൾ ഡോ. ഐശ്വര്യ. ചെറുമകൾ പ്രിയദത്ത.എലിസബത്ത് അമ്മച്ചി എന്നാണ് ചെറുമകളുടെയും വിളി.
വിവാഹം കഴിക്കണോയെന്ന് ഭാസിയേട്ടൻ
ഭാസിയേട്ടനും ഞാനും തമ്മിൽ പ്രണയമാണെന്നും വിവാഹം കഴിക്കുമെന്നും ആളുകൾ കരുതി. ഗോസിപ്പുകൾ വന്നപ്പോൾ സങ്കടം തോന്നി. അത് തമാശയായി കാണണമെന്നും പ്രശസ്തരായവരെപ്പറ്റി ഇത്തരം കഥകൾ ഉണ്ടാവുമെന്നും ഭാസിയേട്ടൻ. ഇത്ര അധികം സിനിമകളിൽ അഭിനയിച്ചതിന് കാരണം ഭാസിയേട്ടൻ നൽകിയ പ്രോത്സാഹനമാണ് . ഡോക്ടറും ഞാനും വിവാഹം കഴിക്കാൻ തീരുമാനിച്ച കാര്യം ഞങ്ങൾ രണ്ടുപേരുംകൂടി ഭാസിയേട്ടന്റെ വീട്ടിൽ പോയാണ് പറഞ്ഞത്. വിവാഹം വേണമോയെന്നും തീരുമാനം എടുക്കുന്നത് സൂക്ഷിച്ചാവണമെന്നും ഭാസിയേട്ടൻ പറഞ്ഞു. വിവാഹം കഴിഞ്ഞാൽ സിനിമയിലേക്ക് മടങ്ങിവരരുതെന്നും കച്ചേരി ഉപേക്ഷിക്കരുതെന്നും ഉപദേശിച്ചു. ഭാസിയേട്ടൻ മരിച്ച് ഇരുപത്തിയഞ്ചുവർഷം കഴിഞ്ഞ് പല കഥകളുമായി പലരും രംഗത്തുവന്നു. അദ്ദേഹം ജീവിച്ചിരുന്നപ്പോൾ അവർ എവിടെയായിരുന്നു. അന്ന് സംസാരിക്കാൻ ധൈര്യമില്ലായിരുന്നു. ഇവർക്ക് ഇങ്ങനെ പറയാൻ എന്ത് യോഗ്യതയാണുള്ളത്. മലർന്ന് കിടന്ന് തുപ്പുന്നു. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |