SignIn
Kerala Kaumudi Online
Friday, 02 October 2026 7.16 PM IST

മെഡിക്കൽ കോളേജ് വികസനം ; ഒന്നാംഘട്ടം മാർച്ചിൽ പൂർത്തിയാകും: മന്ത്രി വീണാ ജോർജ്

medical-college

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ അടിസ്ഥാനസൗകര്യ വികസനത്തിനായുള്ള 58.38 കോടി രൂപയുടെ ഒന്നാംഘട്ട പദ്ധതി അടുത്ത മാർച്ചിൽ പൂർത്തിയാക്കുമെന്ന് മന്ത്രി വീണാജോർജ് നിയമസഭയിൽ പറഞ്ഞു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി.

റോഡുകൾ വീതികൂട്ടി നവീകരിക്കൽ, മേൽപ്പാല നിർമ്മാണം, പാർക്കിംഗ് സൗകര്യം വിപുലീകരിക്കൽ എന്നിവയാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്. മൾട്ടി ലെവൽ പാർക്കിംഗ് ആറുമാസത്തിനകം പൂർത്തിയാക്കും. പുതിയ ഓപ്പറേഷൻ തിയേറ്ററുകൾ, വാർഡുകൾ എന്നിവയ്ക്കുള്ള 194.32 കോടിയുടെ പദ്ധതിക്കും സാമ്പത്തികാനുമതി ലഭിച്ചിട്ടുണ്ട്.

2 018 സെപ്തംബറിൽ ഭരണാനുമതി ലഭിച്ച റോഡ് നവീകരണ പദ്ധതികളുടെ 90 ശതമാനവും മേൽപ്പാലത്തിന്റെ 60 ശതമാനവും നിർമ്മാണം പൂർത്തിയായി. മൾട്ടി ലെവൽ പാർക്കിംഗ് പദ്ധതിയുടെ ടെൻഡർ നടപടികൾ ആരംഭിച്ചിട്ടില്ല. പദ്ധതിയുടെ രൂപരേഖ തയ്യാറാക്കി വർക്ക് ഓർഡർ ലഭ്യമാകുന്ന മുറയ്ക്ക് ആറുമാസത്തിനകം നിർമ്മാണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് നിർവഹണ ഏജൻസി അറിയിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

രണ്ടാംഘട്ടം രണ്ട് വർഷത്തിനുള്ളിൽ

തിരുവനന്തപുരം മെഡിക്കൽ കോളേജ് വികസന മാസ്​റ്റർ പ്ലാനിന്റെ രണ്ടാംഘട്ടം രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കും. കിഫ്ബിയിൽ ഉൾപ്പെടുത്തി ഓപ്പറേഷൻ തിയേ​റ്റർ കം സർജിക്കൽ വാർഡ് ബ്ലോക്ക്, എസ്.എ.ടി പീഡിയാട്രിക് ബ്ലോക്ക്, എം.എൽ.ടി ബ്ലോക്ക് എന്നിവയാണ് നിർമ്മിക്കുന്നത്. ഇതിനുള്ള അനുമതി നൽകുന്നത് സാങ്കേതിക സമിതിയുടെ പരിഗണനയിലാണ്. ഓപ്പറേഷൻ തിയേ​റ്റർ കം സർജിക്കൽ വാർഡ് ബ്ലോക്കിന്റെ നിർമ്മാണത്തിന് എയർപോർട്ട് അതോറി​റ്റിയുടെ നിരാക്ഷേപപത്രം ലഭ്യമാക്കാനുള്ള നടപടിയും സ്വീകരിച്ചു

ആകെ നാലുഘട്ടം

717.29 കോടി രൂപ ചെലവിൽ നാലു ഘട്ടമായാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് വികസന മാസ്​റ്റർ പ്ലാൻ നടപ്പാക്കുന്നത്. ഇത് സമയബന്ധിതമായി പൂർത്തിയാക്കാൻ മേൽനോട്ടത്തിനായി നോഡൽ ഓഫീസറേയും ആരോഗ്യ വകുപ്പിലെ കിഫ്ബി പദ്ധതികളുടെ നടത്തിപ്പിനായി സ്‌പെഷ്യൽ ഓഫീസറേയും നിയമിച്ചിട്ടുണ്ട്.

മാസ്റ്റർ പ്ളാൻ: 04 ഘട്ടങ്ങളായി

ആകെ ചെലവ്: 717.29 കോടി രൂപ

ഒന്നാംഘട്ടത്തിന്: 8.38 കോടി രൂപ

റോഡ്,​ മേൽപ്പാലം എന്നിവയ്ക്ക്:33.88 കോടി രൂപ

കാർ പാർക്കിംഗിനായി: 24.49 കോടി രൂപ

"വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് നോഡൽ ഓഫീസർ, സ്പെഷ്യൽ ഓഫീസർ, നിർവഹണ ഏജൻസിയായ ഇൻകെൽ, കരാറുകാർ എന്നിവരെ ഉൾപ്പെടുത്തി കൃത്യമായ ഇടവേളകളിൽ മാസ്​റ്റർ പ്ലാൻ അവലോകന യോഗങ്ങൾ ചേരും."

വീണാജോർജ്, ആരോഗ്യമന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL