SignIn
Kerala Kaumudi Online
Saturday, 17 October 2026 8.35 PM IST

സ്ത്രീധന മരണം: വിസ്മയ കേസിൽ വിധി ഇന്ന്

vismaya

കൊല്ലം: സ്ത്രീധനത്തിനായി ഭർത്താവ് കിരൺകുമാർ നിരന്തരം പീഡിപ്പിച്ചതിനെ തുടർന്ന് ആയുർവേദ വിദ്യാർത്ഥിനി നിലമേൽ കൈതോട് കുളത്തിൻകര മേലേതിൽ പുത്തൻവീട്ടിൽ ത്രിവിക്രമൻ നായരുടെയും സരിതയുടെയും മകൾ വിസ്മയ (24) ജീവനൊടുക്കിയെന്ന കേസിൽ കൊല്ലം ഒന്നാം അഡിഷണൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. സ്ത്രീധന മരണം, സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, ഉപദ്രവിക്കൽ, ഭീഷണിപ്പെടുത്തൽ, സ്ത്രീധനം ആവശ്യപ്പെടൽ എന്നീ കുറ്റങ്ങളാണ് കിരണിനെതിരെ ചുമത്തിയിരിക്കുന്നത്. ആത്മഹത്യയിലേക്ക് തള്ളിവിടുകയെന്ന ലക്ഷ്യത്തോടെ കിരൺ വിസ്മയയെ നിരന്തരം പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷൻ വാദം.

2021ജൂൺ 21നാണ് വിസ്മയയെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായിരുന്ന കിരൺകുമാറിന്റെ വീടായ പോരുവഴി അമ്പലത്തുംഭാഗം ചന്ദ്രവിലാസത്തിലെ കിടപ്പുമുറിയോട് ചേർന്നുള്ള ടോയ്‌ലെറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പീഡനങ്ങളെക്കുറിച്ച് വിസ്മയ സഹപാഠിക്കും സഹോദരഭാര്യയ്ക്കും അയച്ച വാട്സ്ആപ്പ് സന്ദേശങ്ങളും ചിത്രങ്ങളും പുറത്തുവന്നിരുന്നു. വിസ്മയയെ ആശുപത്രിയിൽ എത്തിച്ചശേഷം ഒളിവിൽ പോയ കിരൺകുമാർ 21ന് രാത്രി എട്ടരയോടെ ശാസ്താംകോട്ട സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.

കിരണിനെ പിന്നീട് സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ഐ.ജി ഹർഷിത അട്ടല്ലൂരിയുടെ മേൽനോട്ടത്തിൽ 90 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി സെപ്തംബർ 10ന് കുറ്റപത്രം സമർപ്പിച്ചു. വിചാരണ തുടങ്ങിയത് ജനുവരി 10ന്. ഈ മാസം 18ന് പൂർത്തിയായി. വിചാരണ അന്തിമഘട്ടത്തിലെത്തിയിരുന്ന സാഹചര്യത്തിൽ സുപ്രീംകോടതി ഒരുമാസം മുമ്പ് കിരണിന് ജാമ്യം അനുവദിച്ചു.

കാറിനെച്ചൊല്ലിയും പീഡനം

2019 മേയ് 31നായിരുന്നു ഇവരുടെ വിവാഹം. സ്ത്രീധനമായി നൽകിയ കാറിനെ ചൊല്ലിയായിരുന്നു പീഡനമെന്നാണ് പ്രോസിക്യൂഷൻ വാദം. വീട്ടിൽ വച്ചുള്ള ആക്രമണങ്ങൾക്ക് പുറമേ 2020 ആഗസ്റ്റ് 29ന് ചിറ്റുമലയിൽ പൊതുജനമദ്ധ്യത്തിലും 2021 ജനുവരി 3ന് വിസ്‌മയയുടെ നിലമേലുള്ള വീട്ടിൽ വച്ചും കാർ മാറ്റി നൽകണമെന്ന് പറഞ്ഞ് കിരൺകുമാർ പ്രശ്നം ഉണ്ടാക്കിയെന്ന് സാക്ഷിമൊഴികളുണ്ട്. സ്ത്രീധന തർക്കം സംബന്ധിച്ച ഫോൺ സംഭാഷണങ്ങളും കോടതി തെളിവായി സ്വീകരിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VISMAYA CASE, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA