രണ്ടുവർഷത്തിനുശേഷം മിയ വീണ്ടും
മിയയുടെ കുഞ്ഞു ലൂക്കയോടൊപ്പമാണ് വിക്രം നായകനായ കോബ്ര സിനിമ വളർന്നത്.
കൊവിഡിന് മുൻപാണ് തമിഴ് ചിത്രമായ കോബ്രയിൽ മിയ അഭിനയിക്കുന്നത്. ലോക് ഡൗണിനെ തുടർന്ന് മാർച്ചിൽ ഷൂട്ടിംഗ് നിറുത്തി. വിവാഹം കഴിഞ്ഞ് വീണ്ടും കോബ്രയുടെ ചിത്രീകരണം. അതുകഴിഞ്ഞ് ഇടവേള. അഞ്ചുമാസം ഗർഭിണിയായിരിക്കുന്ന സമയത്തും കോബ്രയുടെ കാമറയ്ക്ക് മുൻപിൽ. ലൂക്കോ ഏഴുമാസമായപ്പോഴാണ് കോബ്ര പൂർത്തിയാവുന്നത്. നവാഗതനായ ഉണ്ണി മാധവ് സംവിധാനം ചെയ്യുന്ന പ്രൈസ് ഒഫ് പൊലീസ് എന്ന ചിത്രത്തിലൂടെ മിയ രണ്ടു വർഷത്തെ ഇടവേളക്കുശേഷം മലയാളത്തിലേക്ക് വരുന്നു. പുതിയ വിശേഷങ്ങളുമായി മിയ മനസ് തുറന്നു സംസാരിച്ചു.
വിവാഹശേഷം സിനിമ എത്ര വട്ടം വിളിച്ചു ?
വിളികൾ വന്നിരുന്നു. കഥ ഇഷ്ടപ്പെടാത്തതിനാൽ സ്വീകരിച്ചില്ല. ഗർഭിണിയായ സമയത്ത് ചാനൽ പരിപാടി, പരസ്യചിത്രങ്ങൾ എന്നിവ ചെയ്തു. സത്യത്തിൽ ഗർഭിണിയാണെന്ന വിവരം ഞാൻ പുറത്തു പറയാഞ്ഞതിനാൽ ആരും അറിഞ്ഞില്ല. ലൂക്കോ ജനിച്ച ശേഷം ആദ്യം അഭിനയിക്കുന്നത് തമിഴിൽ തൃഷയോടൊപ്പം ദ് റോഡ് എന്ന ചിത്രത്തിലാണ്. രണ്ടാമത്തെ ഷെഡ്യൂൾ വൈകാതെ ആരംഭിക്കും.
ജീവിതത്തിലെ ഭാര്യയുടെയും അമ്മയുടെയും വേഷം എങ്ങനെയുണ്ട് ?
രണ്ടും നല്ല രീതിയിൽ കൊണ്ടുപോവാൻ കഴിയുന്നുവെന്നാണ് കരുതുന്നത്. ഒരേപോലെ ആസ്വദിക്കുന്നു. ദൈവാനുഗ്രഹംകൊണ്ട് രണ്ടും സന്തോഷം തരുന്നു. അഭിനയവും ഒപ്പം കൊണ്ടുപോവാൻ കഴിയുന്നുണ്ട്.വീണ്ടും മലയാളത്തിൽ അഭിനയിക്കാൻ പോവുന്നു. എന്നാൽ ഇത് രണ്ടാം വരവല്ല.
അഭിനയമല്ലാതെ മറ്റൊന്നും ആഗ്രഹിച്ചില്ലേ ?
ഇല്ല. അഭിനയരംഗത്ത് തുടരാനാണ് ആഗ്രഹം. ഇഷ്ടമുള്ളത് ചെയ്യുമ്പോൾ ജോലിയായി തോന്നില്ല. അതിൽ മുഴുകുമ്പോഴാണ് സന്തോഷം. പ്രൈസ് ഒഫ് പൊലീസ് നല്ല സിനിമയായി മാറുമെന്ന് പ്രതീക്ഷിക്കുന്നു.പുതിയ സംവിധായകൻ, പുതിയ തിരക്കഥാകൃത്ത്. കഥ കേട്ടപ്പോൾ തന്നെ അഭിനയിക്കണമെന്ന് ആദ്യമായി സ്വയം തീരുമാനിച്ച സിനിമയാണ്. അത്രമാത്രം ഇഷ്ടപ്പെട്ടു. ഒരു ത്രില്ലർ ചിത്രം.ബാക്കി സ്ക്രീനിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |