തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസിലെ ഗാന്ധിജിയുടെ ചിത്രം നിലത്തിട്ട സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്റി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ജൂൺ 24ന് വൈകിട്ട് 3.54ന് ഓഫീസിൽ അതിക്രമിച്ച് കയറിയവരെ പുറത്താക്കിയിരുന്നു. 4.04ന് പൊലീസ് ഫോട്ടോഗ്രാഫർ പകർത്തിയ ചിത്രങ്ങളിൽ ഗാന്ധിജിയുടെ ചിത്രം യഥാസ്ഥാനത്തുണ്ട്. ചാനലുകളുടെ വീഡിയോയിലും ചിത്രം യഥാസ്ഥാനത്താണ്. വിദ്യാർത്ഥി സംഘടനാ പ്രവർത്തകരെ പുറത്താക്കിയശേഷം കോൺഗ്രസ് പ്രവർത്തകരാണ് ഓഫീസിൽ ഉണ്ടായിരുന്നത്. വൈകിട്ട് 4.29ന് ചിത്രമെടുത്തപ്പോൾ ഗാന്ധിജിയുടെ ചിത്രം ചില്ലുകൾ തകർന്ന നിലയിൽ നിലത്ത് വീണുകിടക്കുന്നതായി പൊലീസ് ഫോട്ടോഗ്രാഫറുടെ മൊഴിയുണ്ടെന്നും വി.ജോയിയുടെ സബ്മിഷന് മുഖ്യമന്ത്രി മറുപടി നൽകി.
ഉന്നതവിദ്യാഭ്യാസം ലോകനിലവാരത്തിലാക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: വിദേശ വിദ്യാർത്ഥികളെക്കൂടി ആകർഷിക്കത്ത വിധത്തിൽ ഉന്നതവിദ്യാഭ്യാസം ലോകനിലവാരത്തിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സർവകലാശാലകളിൽ സൗകര്യങ്ങൾ വർദ്ധിപ്പിച്ചും കോഴ്സുകളുടെ ഘടന മാറ്റിയും ഉന്നതവിദ്യാഭ്യാസ രംഗത്തെ മാറ്റണം. ഇതിനായി വലിയ തുക ചെലവഴിക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രമാക്കുമെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു. പുതുതലമുറ കോഴ്സുകളടക്കം ആരംഭിക്കും. ദേശീയ റാങ്കിംഗായ എൻ.ഐ.ആർ.എഫിലെ ആദ്യ നൂറു റാങ്കിൽ കേരളത്തിലെ നാല് സർവകലാശാലകളുണ്ട്. 18- 23 പ്രായത്തിലുള്ളവരുടെ ഉന്നതവിദ്യാഭ്യാസ കോഴ്സുകളിലെ പ്രവേശന നിരക്ക് കേരളത്തിൽ 38.8% ആണ്. ദേശീയ ശരാശരി 27.1മാത്രമാണെന്നും എൽദോസ് പി. കുന്നിപ്പിള്ളിലിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.
പൊതു വിദ്യാലയങ്ങളിലെ
ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്തും
തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ ഇംഗ്ലീഷ് ഭാഷാ പഠനം മെച്ചപ്പെടുത്താൻ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇംഗ്ലീഷിന്റെ പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു. റസിഡൻഷ്യൽ പരിശീലനവും സംഘടിപ്പിക്കും. സംസ്ഥാനത്തെ ഡയറ്റുകളിൽ പ്രവർത്തിക്കുന്ന ഡിസ്ട്രിക് സെന്റർ ഫോർ ഇംഗ്ലീഷ് പുന:സംഘടിപ്പിക്കും.
ഇംഗ്ലീഷിന് മാത്രമായി അദ്ധ്യാപകരില്ലാത്ത ഹൈസ്കൂളുകളിൽ കെ.ഇ.ആറിൽ അനുശാസിക്കുന്നവിധം എച്ച്.എസ്.എ (ഇംഗ്ലീഷ്) തസ്തിക അനുവദിക്കുന്ന കാര്യം പരിശോധിച്ച് വരികയാണ്. പൊതുവിദ്യാലയങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിന് കർമ്മപദ്ധതി ആവിഷ്കരിക്കും. ക്ലാസ് മുറികൾ ഹൈടെക് ആക്കി മാറ്റും. മുഴുവൻ കുട്ടികൾക്കും ഗുണമേന്മ വിദ്യാഭ്യാസം ഉറപ്പുവരുത്തും. ഭിന്നശേഷി കുട്ടികൾക്ക് സൗഹൃദമായ അക്കാഡമിക് ഭൗതിക സാഹചര്യം ഉറപ്പാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |