SignIn
Kerala Kaumudi Online
Thursday, 13 August 2026 10.43 AM IST

സാമ്പത്തിക അവകാശം ഹനിച്ചാൽ സംസ്ഥാനം നേരിടും: മന്ത്രി ബാലഗോപാൽ

kn-balagopal

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക അവകാശങ്ങളെ കേന്ദ്രം ഹനിച്ചാൽ നിയമപരമായും ഭരണഘടനാപരമായും നേരിടുമെന്ന് മന്ത്റി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. നികുതി സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് അവകാശമുണ്ടെന്ന സുപ്രീംകോടതി ഉത്തരവുണ്ട്. ധനകാര്യ കമ്മിഷന്റെ പരിഗണനാ വിഷയങ്ങൾ ഏകപക്ഷീയമായി ഭേദഗതി വരുത്തിയത് സംബന്ധിച്ച് സംസ്ഥാനത്തിനുള്ള വിയോജിപ്പ് പതിനഞ്ചാം ധനകാര്യ കമ്മിഷന് സമർപ്പിച്ച സപ്ലിമെന്ററി മെമ്മൊറാണ്ടത്തിൽ രേഖപ്പെടുത്തിയതായും പി. നന്ദകുമാറിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്റി മറുപടി നൽകി.

കേന്ദ്രത്തിന്റെ 2021-22 സാമ്പത്തിക വർഷത്തെ ബഡ്ജ​റ്റ് എസ്റ്റിമേ​റ്റിലെ ഭക്ഷ്യ സബ്സിഡി മുൻ വർഷത്തെ 5,41,330 കോടിയിൽ നിന്ന് 2,86,469 കോടിയായി കുറയുമെന്നാണ് കണക്ക്. തൊഴിലുറപ്പ് പദ്ധതിയ്ക്കായി 73,000 കോടി മാത്രമാണ് നീക്കിവച്ചത്. സംസ്ഥാനങ്ങൾക്ക് വീതിച്ച് നൽകേണ്ട നികുതി വിഭവങ്ങളുടെ അനുപാതം പതിന്നാലാം ധനകാര്യ കമ്മിഷനിൽ 42 ശതമാനമായിരുന്നത് ഇപ്പോൾ 41 ശതമാനമായി. പത്താം ധനകാര്യ കമ്മിഷന്റെ സമയത്ത് 3.875 ശതമാനമായിരുന്ന കേരളത്തിന്റെ വിഹിതം ഇപ്പോൾ 1.925 ശതമാനമായി.

പതിനഞ്ചാം ധനകാര്യ കമ്മിഷന്റ റിപ്പോർട്ടനുസരിച്ച് മൊത്തം വരുമാനത്തിന്റെ 62.7ശതമാനം കേന്ദ്രത്തിന് ലഭിച്ചു. എന്നാൽ മൊത്തം ചെലവും ബാദ്ധ്യതയുടെ 62.4ശതമാനവും സംസ്ഥാനങ്ങളുടെ ചുമലിലാണ്. ഇതു ചൂണ്ടിക്കാട്ടി ജി.എസ്.ടി നികുതിവിഹിതം സംസ്ഥാനങ്ങൾക്ക് 60ഉം കേന്ദ്രത്തിന് 40ഉം ശതമാനവുമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 2011-12ൽ 10 ശതമാനമായിരുന്ന സെസ്, സർചാർജ്ജ് എന്നിവ 2021-22ൽ ഇരട്ടിച്ചു. ഇപ്പോൾ ഏകദേശം 5.3 ലക്ഷം കോടി രൂപ വരും. ഈ തുകയിൽ നിന്നുള്ള ആനുപാതിക നഷ്ടവും സംസ്ഥാനത്തിന്റെ വരുമാനത്തിൽ കുറവ് വരുത്തിയെന്നും കെ.എൻ. ബാലഗോപാൽ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KN BALAGOPAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA