SignIn
Kerala Kaumudi Online
Thursday, 13 August 2026 7.55 AM IST

ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദം; വരും ദിവസങ്ങളിൽ കേരളത്തിലുള്ളവർ കരുതിയിരിക്കണം, വീണ്ടും മഴ കനക്കും

rain
തിരുവനന്തപുരം നഗരത്തിൽ മഴ പെയ്‌തപ്പോൾ റോഡ് മുറിച്ചുകടക്കുന്ന സ്‌ത്രീകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ വീണ്ടും മഴ കനക്കും. കാസർകോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ്. ബംഗാൾ ഉൾക്കടലിന് മുകളിൽ രൂപപ്പെട്ട ന്യൂനമർദത്തെ തുടർന്നാണ് കേരളത്തിൽ മഴ ശക്തമാകുന്നത്. കഴിഞ്ഞയാഴ്ച്ച കേരളത്തിൽ മഴ സജീവമായിരുന്നു. അതിന് ശേഷം മഴമുന്നറിയിപ്പുകളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദം രൂപപ്പെട്ടതോടെ വീണ്ടും ശക്തമായ മഴയ്ക്ക് സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലെ തീരങ്ങളിൽ ഇന്ന് ഒന്ന് മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു. കടലാക്രമണത്തിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ജാഗ്രതാ നിർദേശം

1. കടൽക്ഷോഭം രൂക്ഷമാകാൻ സാദ്ധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.

3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാദ്ധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

4. മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്.

5. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാദ്ധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

6. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

7. തീരശോഷണത്തിനു സാദ്ധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.

English Summary

Kerala is bracing for intensified rainfall starting today, attributed to a low-pressure area formed over the Bay of Bengal. Authorities have issued a Yellow Alert for Kasaragod and Kannur districts. This forecast follows a period without rain warnings, indicating a renewed spell of strong downpours across the state.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA RAIN ALERT, RAIN, YELLOW ALERT, HEAVY RAIN IN KERALA, RAIN SCHOOL HOLIDAYS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA