തിരുവനന്തപുരം: സർവകലാശാലാ ഭരണത്തിൽ കൈകടത്താനും പിൻവാതിൽ നിയമനങ്ങൾ സുഗമമാക്കാനുമാണ് വൈസ് ചാൻസലർ നിയമനകാര്യത്തിൽ സർക്കാർ പുതിയ ബിൽ കൊണ്ടുവരുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി ആരോപിച്ചു. കഴിവും പ്രാപ്തിയുമുള്ളവരെ പടിക്ക് പുറത്തുനിറുത്തി അടിസ്ഥാനയോഗ്യതയില്ലാത്ത സി.പി.എം നേതാക്കളുടെ ബന്ധുക്കളെ വഴിവിട്ട് നിയമിക്കുകയാണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യയെ കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറാക്കാൻ വഴിവിട്ട ഇടപെടലുകളുണ്ടായി. വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ അദ്ധ്യക്ഷതയിലുള്ള സെലക്ഷൻ കമ്മിറ്റി മുൻവിധിയോടെയാണ് ഇന്റർവ്യൂ നടത്തിയതെന്ന ആക്ഷേപവുമുണ്ട്. സർവകലാശാലകളിൽ ചട്ടവിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജം നൽകുന്നതും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുന്നതുമായിരിക്കും സർക്കാരിന്റെ പുതിയ ബിൽ. ഉന്നതനിലവാരത്തിന് പുകൾപെറ്റ കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖല ഇന്ന് നാലാംകിട അദ്ധ്യാപകരുടെയും അഞ്ചാംകിട വൈസ് ചാൻസലർമാരുടെയും ലാവണമായി. സർവകലാശാലകളിൽ അഴിമതിയും സ്വജനപക്ഷപാതവും കൊടികുത്തി വാണിട്ടും ഗവർണർ കുറ്റകരമായ മൗനമാണ് തുടർന്നതെന്നും സുധാകരൻ കുറ്റപ്പെടുത്തി.
പിണറായിയുടെ മുന്നിൽ കാനം അടിയറവ് പറഞ്ഞു: ചെന്നിത്തല
വീരവാദം പറഞ്ഞിരുന്ന സി.പി.ഐയും കാനം രാജേന്ദ്രനും ലോകായുക്ത വിഷയത്തിൽ പിണറായി വിജയനുമുന്നിൽ അടിയറവ് പറഞ്ഞെന്നും സി.പി.ഐ ജനങ്ങളെ വഞ്ചിച്ചെന്നും രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ലോകായുക്ത നിയമഭേദഗതി, പുതിയ സർവകലാശാലാ നിയമം എന്നിവയെ നിയമസഭയിൽ യു.ഡി.എഫ് എതിർക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. ലോകായുക്ത നിയമഭേദഗതിയിലൂടെ അഴിമതി നടത്താനുള്ള ലൈസൻസ് നൽകുകയാണ് ഇടതുസർക്കാർ. നിയമഭേദഗതിയിലൂടെ ലോകായുക്ത പല്ലില്ലാത്ത ജീവിയായെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐയുടെ ന്യായീകരണം അംഗീകരിക്കാനാവില്ല. പുതിയ സർവകലാശാല നിയമത്തിലൂടെ ചാൻസലറുടെ അധികാരം വെട്ടിക്കുറച്ച് സർക്കാരിന്റെ ചൊൽപ്പടിക്ക് നിറുത്താനാണ് ശ്രമം. മുഖ്യമന്ത്രിയായ ഇ.എം.എസ് വി.സിയെ വീട്ടിൽ ചെന്നുകണ്ട ചരിത്രമുണ്ട്. വൈസ് ചാൻസലർമാർ ഏറാൻ മൂളികളാകരുത്. ഉന്നതവിദ്യാഭ്യാസ രംഗം പൂർണമായും സി.പി.എമ്മിന്റെയും സർക്കാരിന്റെയും കൈകളിലൊതുങ്ങുമെന്നും ചെന്നിത്തല പറഞ്ഞു. വാർത്താസമ്മേളനത്തിൽ എ.എ. ഷുക്കൂർ, സുനിൽ ജോർജ്, സിറിയക് ജേക്കബ്, മാത്യു ചെറുപറമ്പൻ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |