
കോഴിക്കോട് : മൂന്നു ദിവസം കോഴിക്കോട് നടന്ന സി.പി.എം വിപുലീകൃത സംസ്ഥാന സമിതി സർവത്ര തിരുത്തലോടെയാണ് അവസാനിച്ചത്. ശാസന, തലോടൽ, ചിവിട്ടി ഉഴിച്ചിൽ തുടങ്ങി പാർട്ടിയെ അടിമുടി അഴിച്ചു പണിയാനുള്ള നിർദ്ദേശമുണ്ടായി. സമിതിക്ക് ശേഷം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ കേരളകൗമുദിയോട് സംസാരിക്കുന്നു.
ചവിട്ടി ഉഴിഞ്ഞത് സംസ്ഥാന സെക്രട്ടറിയെയാണോ..?
അതൊക്കെ നിങ്ങൾ മാദ്ധ്യമങ്ങളുടെ വിലയിരുത്തൽ. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാർട്ടിയെ തോൽപ്പിക്കാൻ ബഹുഭൂരിപക്ഷം മാദ്ധ്യമങ്ങളും കൂട്ട് നിന്നില്ലേ. ഈ പാർട്ടി ആരെയും പേടിക്കുന്നില്ല. പ്രത്യേകിച്ച് മാദ്ധ്യമങ്ങളെ. വർഷങ്ങളായി കൂടെ നിന്ന പാർട്ടി പ്രവർത്തകരോടും ജനത്തോടുമാണ് ഉത്തരവാദിത്വം. അവിടെ ആവശ്യമായ തിരുത്തലുണ്ടാകും. ഒരു ഉത്കണ്ഠയുമില്ല.
താങ്കളെ ശാസിച്ചെന്നാണല്ലോ ..?
അതാണ് ഞാൻ ആദ്യം പറഞ്ഞത്. വാർത്തകളല്ലേ. നിങ്ങൾക്ക് ഇഷ്ടം പോലെ കൊടുത്തോളൂ. സി.പി.എം എന്നു പറഞ്ഞാൽ ഒരു കുടുംബമാണ്. ശാസന എനിക്ക് മാത്രമല്ല, പലർക്കുമുണ്ടായിട്ടുണ്ട്. ഞാനാണല്ലോ നിങ്ങളുടെ ഇര. അപ്പോൾ തോന്നും പോലെ പറഞ്ഞോളൂ.
സെക്രട്ടറി എന്താണ് തിരുത്താൻ പോകുന്നത്...?
സെക്രട്ടറി എന്തു തിരുത്തുമെന്നല്ല. പാർട്ടി അടിമുടി തിരുത്തും. അതിനുള്ള ചർച്ചകളും തീരുമാനങ്ങളുമാണ് സമിതിയിലുണ്ടായത്. വിപുലീകൃത ജില്ലാ കമ്മിറ്റികൾ ചേരാൻ പോവുകയാണ്. ഒക്ടോബർ 18ന് മുമ്പ് പൂർത്തിയാവും. തുടർന്ന് വിപുലീകൃത ഏരിയ-ലോക്കൽ-ബ്രാഞ്ച് കമ്മിറ്റികളും ചേരും. നല്ല ഷാർപ്പായ വിമർശനങ്ങളും തിരുത്തലുമായിരിക്കും എല്ലായിടത്തും.
സ്വത്തു വിവരങ്ങളുടെ കാര്യത്തിലാണല്ലോ പ്രധാന വിമർശനം..?
പാർട്ടി മെമ്പറായ കാലം മുതലുള്ള സ്വത്തു വിവരങ്ങളുടെ പട്ടിക തയ്യാറാക്കും. ജനങ്ങൾക്കിടയിൽ പാർട്ടി മെമ്പർമാർ മാതൃകയാകണം. അവമതിപ്പുണ്ടാക്കുന്ന ഒരു പ്രവൃത്തിയും അനുവദിക്കില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |