SignIn
Kerala Kaumudi Online
Wednesday, 17 June 2026 11.04 AM IST

സ്കൂൾ സമയം രാവിലെ 8 മുതൽ ഉച്ചവരെയാക്കാൻ ശുപാർശ, എം.എ. ഖാദർ കമ്മിറ്റി റിപ്പോർട്ട് രണ്ടാം ഭാഗം സമർപ്പിച്ചു

students

തിരുവനന്തപുരം: സ്കൂൾ വിദ്യാഭ്യാസ സമയത്തിലും അദ്ധ്യാപക പരിശീലനത്തിലും മാറ്റങ്ങൾ നിർദ്ദേശിച്ചുകൊണ്ടുള്ള ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ രണ്ടാം ഭാഗം മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയാണ് പഠനത്തിന് ഉചിതമായ സമയമെന്നാണ് റിപ്പോർട്ടിലുള്ളത്. പൊതുചർച്ചകളിലൂടെ ഉണ്ടാകുന്ന സമവായത്തിന്റെ അടിസ്ഥാനത്തിലാകണം ഇത്തരം കാര്യങ്ങൾ നടപ്പാക്കേണ്ടതെന്നും ശുപാർശയിൽ പറയുന്നു.

ഉച്ചയ്ക്കുശേഷമുള്ള സമയം കായിക പഠനത്തിനും മറ്റുമായി നീക്കിവയ്ക്കാം. പ്രായത്തിനനുഗുണമായ വിദ്യാഭ്യാസമാണ് നിലവിൽ സ്‌കൂളുകളിലുള്ളത്. അത് തുടരുന്നതിനൊപ്പം കഴിവുകളെ പരിഗണിച്ചുള്ള വിദ്യാഭ്യാസത്തിലേക്ക് മുന്നേറേണ്ടതുണ്ട്. അതിനാൽ കഴിവിന് അനുഗുണമായ വിദ്യാഭ്യാസം ഉറപ്പാക്കണം. വിപുലമായ തയ്യാറെടുപ്പുകൾ ഇതിന് അനിവാര്യമാണെന്നും റിപ്പോർട്ടിലുണ്ട്.

വിദഗ്ദ്ധ സമിതി ചെയർമാൻ പ്രൊഫ. എം.എ. ഖാദർ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. മന്ത്രി വി. ശിവൻകുട്ടി, സമിതി അംഗങ്ങളായ ജി. ജ്യോതിചൂഢൻ, ഡോ. സി. രാമകൃഷ്ണൻ,പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻബാബു കെ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

മറ്റ് പ്രധാന നിർദ്ദേശങ്ങൾ

അദ്ധ്യാപക പരിശീലന കോഴ്സുകൾ ഇന്റഗ്രേറ്റഡ് മാസ്റ്റർ കോഴ്സായി മാറണം

(അദ്ധ്യാപക യോഗ്യത, അദ്ധ്യാപകരാകാൻ ഉള്ള സ്‌പെഷ്യലൈസേഷൻ കോഴ്സുകൾ ഉൾപ്പെടെ)

കുട്ടികളിൽ തൊഴിൽ മനോഭാവം വളർത്തുന്നതിനാവശ്യമായ പരിശീലനം ലഭ്യമാക്കണം

സ്‌കൂൾ വിദ്യാഭ്യാസ ഘട്ടം മാതൃഭാഷയിലാകണം. മൂല്യനിർണയ രീതിയിൽ സമൂല മാറ്റം വേണം.

കൊവിഡ് 19 ന് ശേഷമുണ്ടായ പഠന വിടവിന് പരിഹാരമായി മെന്ററിംഗ് പദ്ധതി ശക്തിപ്പെടുത്തണം.

കുട്ടികളുടെ നേതൃശേഷി വികസിപ്പിക്കാൻ സ്‌കൂൾ പാർലമന്റുകളെ പ്രയോജനപ്പെടുത്തണം.

മുതിർന്നവർ എല്ലാം തീരുമാനിച്ച് കുട്ടികളിലേക്ക് അടിച്ചേൽപ്പിക്കുന്ന രീതി മാറണം.

അദ്ധ്യാപക സംഘടനകൾക്ക് റഫറണ്ടം നടത്തണം

. ഖാദർ കമ്മിറ്റി

സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ നാനാവശങ്ങൾ പരിശോധിച്ച് നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനായി 2017 ഒക്ടോബർ 19ന് പൊതുവിദ്യാഭ്യാസവകുപ്പ് മൂന്നംഗ വിദഗ്ദ്ധസമിതി രൂപീകരിച്ചു. 2018 മാർച്ച് 3ന് വിദഗ്ദ്ധസമിതി ചെയർമാനായി ഡോ. എം.എ. ഖാദറിനെ നിയോഗിച്ചു. 2019 ജനുവരിയിൽ റിപ്പോർട്ടിന്റെ ഒന്നാം ഭാഗം സമർപ്പിച്ചു. ഒന്നു മുതൽ പ്ളസ് ടു വരെ യോജിപ്പിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കീഴിലാക്കിയത് ആദ്യ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA