SignIn
Kerala Kaumudi Online
Monday, 05 October 2026 6.15 AM IST

ഐഡിയ പൊളിയാണ്; പഴയ വണ്ടികളൊക്കെ പൊളിച്ചടുക്കാൻ കെ.എസ്.ആർ.ടി.സി

ww

തിരുവനന്തപുരം: ടിക്കറ്റിതര വരുമാന വർദ്ധനവിന് വഴി തേടുന്ന കെ.എസ്.ആർ.ടി.സി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സ്വകാര്യ പങ്കാളിത്തത്തോടെ പഴയ വാഹനങ്ങളുടെ പൊളിക്കൽ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് താത്പര്യപത്രം ക്ഷണിച്ചു. ഇതിനോടൊപ്പം ഓട്ടോമാറ്റിക് ടെസ്റ്റിംഗ് കേന്ദ്രങ്ങൾ ആരംഭിക്കാനും ആലോചനയുണ്ട്.

കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സ്ക്രാപ് പോളിസി പ്രകാരം വാണിജ്യവാഹനങ്ങൾക്ക് അടുത്ത ഏപ്രിൽ മുതലും സ്വകാര്യവാഹനങ്ങൾക്ക് 2024 ജൂൺ മുതലും യന്ത്രവത്കൃത ഫിറ്റ്‌നസ് പരിശോധന നിർബന്ധമാണ്. ഇതിൽ പരാജയപ്പെടുന്ന വാഹനങ്ങൾ പൊളിക്കേണ്ടിവരും. എല്ലാ ജില്ലകളിലും മൂന്ന് പൊളിക്കൽ കേന്ദ്രങ്ങൾ വേണമെന്നും കേന്ദ്ര നിർദ്ദേശത്തിലുണ്ട്. പഴയവാഹനങ്ങളുടെ പൊളിക്കൽനയം പ്രഖ്യാപിച്ചശേഷം ടെസ്റ്റിംഗ്, സ്‌ക്രാപ്പിംഗ് കേന്ദ്രങ്ങൾ പൊതുമേഖലയിലോ സ്വകാര്യമേഖലയിലോ ഒരുക്കാൻ കേന്ദ്രം നിർദ്ദേശിച്ചിരുന്നു. ഇതു സംബന്ധിച്ച് ചീഫ് സെക്രട്ടറി വി.പി.ജോയിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് കെ.എസ്.ആർ.ടി.സിയോട് വാഹന പൊളിക്കൽ കേന്ദ്രങ്ങൾ ആരംഭിക്കാൻ നിർദ്ദേശിച്ചത്. പൊതുമേഖലയിൽ അംഗീകൃത പൊളിക്കൽകേന്ദ്രങ്ങൾ വന്നാൽ വാഹന ഉടമകളെ സ്വകാര്യ ഏജൻസികൾ ചൂഷണംചെയ്യുന്നതും ഒഴിവാക്കാനാകും.

സംസ്ഥാനത്ത് 1.40 കോടി വാഹനങ്ങളുള്ളതിൽ 35 ലക്ഷത്തോളം 20 വർഷം പഴക്കമുള്ളവയാണ്.

20 വർഷം പഴക്കമുള്ള സ്വകാര്യവാഹനങ്ങളും 15 വർഷം പഴക്കമുള്ള വാണിജ്യവാഹനങ്ങളും ക്ഷമതയുടെ അടിസ്ഥാനത്തിൽ പൊളിക്കാനാണ് തീരുമാനം.

കെ.എസ്.ആർ.ടി.സിക്ക് സുവർണാവസരം

ഒരു പൊളിക്കൽകേന്ദ്രത്തിന് കുറഞ്ഞത് രണ്ടേക്കർ സ്ഥലമെങ്കിലും വേണ്ടിവരും. വാഹനങ്ങൾ നിറുത്തിയിടാനും പ്ലാന്റ് സ്ഥാപിക്കാനും സൗകര്യം വേണം. മിക്കവാറും എല്ലാ ജില്ലകളിലുമായി കെ.എസ്.ആർ.ടി.സിക്ക് ആകെ 172.86 ഹെക്ടർ ഭൂമിയാണ് കൈവശമുള്ളത്. ഒട്ടേറെ സ്ഥലങ്ങൾ ഉപയോഗശൂന്യമായി കിടക്കുകയാണ്. സ്ക്രാപ്പിംഗ് ഫീസ് കൂടാതെ പൊളിക്കുന്ന വാഹനഘടകങ്ങളുടെ വിൽപ്പനയിലും നിശ്ചിതശതമാനം ലാഭം കിട്ടും.

പൊളിക്കാതിരിക്കാൻ

20 വർഷം പൂർത്തിയായ വാഹനങ്ങൾ തുടർന്നും ഉപയോഗിക്കണമെങ്കിൽ ഓട്ടമേറ്റഡ് ടെസ്റ്റിംഗിനു വിധേയമാക്കണം. ടെസ്റ്റിംഗിൽ എൻജിൻ, ബ്രേക്ക്, സസ്‌പെൻഷൻ, പൊലൂഷൻ തുടങ്ങിയ ഘടകങ്ങൾ പരിശോധിക്കും

ടെസ്റ്റ് വിജയിച്ചാൽ വാഹനങ്ങൾക്കു തുടർന്നും നിരത്തിലിറങ്ങാം. പക്ഷേ, റോഡ് നികുതി കൂടുതലായിരിക്കും. നിശ്ചിത കാലയളവിനുള്ളിൽ വീണ്ടും ടെസ്റ്റ് ചെയ്യേണ്ടി വരും.

നഷ്ടപരിഹാരം ലഭിക്കും

വാഹനം പൊളിക്കാൻ നൽകുമ്പോൾ ആ വാഹനത്തിന് ഒരു നിശ്ചിത വില (ഫെയ്‌സ് വാല്യു) തീരുമാനിച്ച് വാഹന ഉടമയ്ക്കു നൽകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSRTC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA