SignIn
Kerala Kaumudi Online
Monday, 05 October 2026 2.59 AM IST

സ്ത്രീധന പീഡനം: നവവധു സൗദിയിൽ ക്രൂരതയ്ക്ക് ഇരയായത് ഒരുമാസത്തോളം  ശരീരത്തിൽ 30 ഓളം പാടുകൾ  കുക്കറും ഇടികല്ലും ആയുധം

a

കൊല്ലം: സ്ത്രീധനത്തിന്റെ പേരിൽ സൗദിയിൽ ഒരുമാസത്തോളം ഭർത്താവിന്റെ ക്രൂരപീഡനത്തിന് ഇരയായ നവവധു നാട്ടിൽ മടങ്ങിയെത്തി പൊലീസിൽ പരാതി നൽകി. നീണ്ടകര പുത്തൻതുറ പന്നയ്ക്കൽ തുരുത്ത് അനഘ മന്ദിരത്തിൽ അഞ്ജുവിനെ (24) കുക്കർ, ലാപ്ടോപ്പ് ചാർജർ, ഇടികല്ല് തുടങ്ങിയവകൊണ്ടു മർദ്ദിച്ചെന്നാണ് പരാതി. ശരീരത്തിൽ അടിയേറ്റ മുപ്പതോളം പാടുകളുണ്ട്. പലയിടത്തും രക്തം നീലിച്ചുകിടക്കുകയാണ്. നാട്ടിൽ ചികിത്സ തേടി.

ഭർത്താവ് ചവറ പരിമണം മുണ്ടകത്ത് വീട്ടിൽ നന്ദു (28), ഇയാളുടെ മാതാപിതാക്കളായ ദിനേഷ്, ജഗദമ്മ എന്നിവർക്കെതിരെ ചവറ പൊലീസ് ഗാർഹിക പീഡനത്തിന് കേസെടുത്തു. ജൂലായ് 27നായിരുന്നു വിവാഹം. സൗദിയിൽ മറൈൻ കമ്പനിയിൽ ഓപ്പറേഷൻസ് വിഭാഗം ഉദ്യോഗസ്ഥനായ നന്ദു സെപ്തംബർ 4ന് അഞ്ജുവിനെയും കൊണ്ടുപോയി. ഫ്‌ളാറ്റിൽ വച്ച് സ്ത്രീധനത്തിന്റെ പേരിൽ മർദ്ദനം ആരംഭിച്ചു.

പലരുമായും ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടുണ്ടെന്നും ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ ലഭ്യമാണെന്നും സെക്‌സ് റാക്കറ്റിൽ പ്രവർത്തിക്കാനാണ് താൽപ്പര്യമെന്നും അഞ്ജുവിനെ കൊണ്ടു പറയിച്ചു. കത്തികാട്ടി ഭീഷണിപ്പെടുത്തിയാണ് പറയിച്ചത്. ദൃശ്യങ്ങൾ അഞ്ജുവിന്റെ ഫോണിൽ നിന്ന് ഇരുവരുടെയും ബന്ധുക്കൾക്കും പരിചയക്കാർക്കും അയച്ചു. അഞ്ജുവിന്റെ മാതാപിതാക്കൾ ബന്ധം തുടരാൻ താൽപ്പര്യം ഇല്ലെന്നും മകളെ മടക്കി അയക്കാനും പറഞ്ഞു. സെപ്തംബർ 30 ന് നാട്ടിലെത്തി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഡേറ്റ അനലിറ്റിക്‌സിൽ പി.ജി കഴിഞ്ഞതിന് തൊട്ടുപിന്നാലെയായിരുന്നു വിവാഹം.

മകൾക്ക് കൊടുത്ത സ്ത്രീധനം

മരുമകളിൽ നിന്ന് കിട്ടിയില്ലെന്ന്

25 പവന് പുറമേ അഞ്ചുലക്ഷം രൂപ അഞ്ജുവിന്റെ അക്കൗണ്ടിൽ വീട്ടുകാർ വിവാഹസമയത്ത് നിക്ഷേപിച്ചിരുന്നു. ഇത് പലപ്പോഴായി നന്ദു വാങ്ങിയിരുന്നു. സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞ് ഭർത്തൃവീട്ടുകാർ മാനസിക പീഡനം തുടങ്ങി. ഫോൺ നമ്പർ മാറ്റി പുതിയതെടുപ്പിച്ചു. സുഹൃത്തുക്കളോട് സംസാരിക്കുന്നതും വാട്‌സാപ്പ് ഉൾപ്പെടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിക്കുന്നതും വിലക്കി. മകൾക്ക് കൊടുത്ത സ്ത്രീധന തുക മരുമകളിൽ നിന്ന് കിട്ടിയില്ലെന്ന് പറഞ്ഞ് നന്ദുവിന്റെ മാതാപിതാക്കളും അസഭ്യം പറയാൻ തുടങ്ങി. സ്വന്തം വീട്ടിലേക്ക് പോയ യുവതിയെ ഭർതൃവീട്ടുകാർ അനുനയിപ്പിച്ച് കൂട്ടിക്കൊണ്ടുപോയാണ്

സൗദിയിലേക്ക് കൊണ്ടുപോയത്.

``അഞ്ജുവിന് നിയമസഹായവും സുരക്ഷയും ഉറപ്പാക്കും. ഫോണിൽ നേരിട്ട് സംസാരിച്ചു. കൃത്യമായ നിയമനടപടി സ്വീകരിക്കാനും പ്രതിക്കെതിരെ ശക്തമായ നടപടി ഉറപ്പാക്കാനും സിറ്റി പൊലീസ് കമ്മിഷണർക്ക് നിർദേശം നൽകിയിട്ടുണ്ട്.``

ബിന്ദു കൃഷ്ണ,

വനിതാ ശിശുവികസന വകുപ്പ് മന്ത്രി

( മന്ത്രി ഗുജറാത്തിലാണ്)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA