ലാൻസ്ഡൗൺ. പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച നാട്. മഞ്ഞും പച്ചപ്പും നിറഞ്ഞ സുന്ദരഗ്രാമം. ശാന്തമായ ഒരു അവധി ആഘോഷിക്കാൻ തിരഞ്ഞെടുക്കാവുന്ന മികച്ച സ്ഥലമാണ് ഉത്തരാഖണ്ഡിലെ പുരി ഗർവാൾ ജില്ലയിലെ ലാൻസ് ഡൗൺ എന്ന ഹിൽസ്റ്റേഷൻ. സമുദ്രനിരപ്പിൽ നിന്ന് 1706 മീറ്റർ ഉയരത്തിലുള്ള ഈ സ്ഥലം നമ്മുടെ മൂന്നാറിന്റെ കാലാവസ്ഥയെ ഓർമിപ്പിക്കുന്നു.
ഇന്ത്യൻ ആർമിയുടെ ഗർവാൾ റൈഫിൾസിന്റെ ആസ്ഥാനം കൂടിയാണ് ലാൻസ്ഡൗൺ. ബ്രിട്ടീഷ് ഭരണകാലം മുതൽ പട്ടാളത്തിന്റെ പരിശീലന കേന്ദ്രമായിരുന്നു ഇവിടം. ഓക്കുമരങ്ങളും പൈൻ മരങ്ങളും നിറഞ്ഞ കാടുകളാൽ ചുറ്റപ്പെട്ട പ്രദേശം ഏതൊരു സഞ്ചാരിയുടെയും മനസിനെയും ശരീരത്തെയും കുളിർപ്പിക്കുന്നതാണ്. 1887ൽ അന്നത്തെ വൈസ്രോയ് ആയിരുന്ന ലോർഡ് ലാൻസ്ഡൗൺ ആണ് ഈ പട്ടണം സ്ഥാപിച്ചത്. പട്ടണം എന്നു പറഞ്ഞാൽ വളരെ ചെറിയൊരു സ്ഥലമാണ്. നമ്മൾ കണ്ടു പരിചയിച്ച പട്ടണങ്ങളിൽ നിന്ന് വളരെ വ്യത്യസ്തം. ഏതാനും ചില കടകളും ഒന്നോ രണ്ടോ ഹോട്ടലുകളും മാത്രമുള്ളയിടം. ഇവിടെ എല്ലാത്തിനും ഒരു പട്ടാളച്ചിട്ടയുണ്ട്. വൃത്തിയുടെ കാര്യത്തിലും അതേ. മാലിന്യങ്ങളില്ലാത്ത റോഡുകളും പാതയോരങ്ങളും മഞ്ഞിൻ പുതപ്പണിഞ്ഞ ലാൻസ്ഡൗണിന്റെ പ്രത്യേകതയാണ്.
ഗർവാൾ റൈഫിൾസ് റെജിമെന്റിന്റെ യുദ്ധ സ്മാരകവും ഗർവാലി മെസ്സും ഇവിടുത്തെ പ്രധാന കാഴ്ചയാണ്. 1923ൽ അന്നത്തെ സൈന്യാധിപനായിരുന്ന ലോർഡ് റാവ്ലിൻസൺ ആണ് യുദ്ധ സ്മാരകം സ്ഥാപിച്ചത്. ഗർവാലി മെസ്സ് ബ്രട്ടീഷുകാർ ഇന്ത്യയിൽ നിർമ്മിച്ച ഏറ്റവും പഴയ കെട്ടിടങ്ങളിൽ ഒന്നാണ്. 1888ൽ ആയിരുന്നു ഇതിന്റെ നിർമ്മാണം. ഏഷ്യയിലെ അറിയപ്പെടുന്ന മ്യൂസിയം എന്ന ഖ്യാതിയും ഗർവാലി മെസ്സിന് അവകാശപ്പെട്ടതാണ്. വന്യമൃഗങ്ങളുടെ തോലിന്റെ വൻശേഖരം ഇവിടെയുണ്ട്. നന്ദാദേവി, ചൗഖമ്പ, കാമെറ്റ് തുടങ്ങിയ ഹിമാലയത്തിലെ വിവിധ കൊടുമുടികളിലേക്ക് വഴി കാട്ടുന്ന ഒരു ഡയലും മ്യൂസിയത്തിലുണ്ട്. റോയൽ എൻജിനിയേഴ്സിലെ കേണൽ എ. എച്ച്. ബി ഹ്യൂം 1895ൽ നിർമ്മിച്ച സെന്റ് മേരീസ് പള്ളിയും സന്ദർശകരെ ആകർഷിക്കുന്നു. മറ്റൊരാകർഷണം സെന്റ് ജോൺസ് പള്ളിയാണ്. ലാൻസ്ഡൗൺ മാൾ റോഡിൽ സ്ഥിതി ചെയ്യുന്ന സെന്റ് ജോൺസ് പള്ളി ആരാധനാലയം എന്ന നിലയിലും ശിൽപ്പചാരുതയാലും സഞ്ചാരികളെ ആകർഷിക്കുന്നു. ആരാധനയുള്ള ലാൻസ്ഡൗണിലെ ഒരേയൊരു ക്രിസ്ത്യൻ പള്ളിയാണിത്. 1936ലാണ് പള്ളി സ്ഥാപിച്ചത്. ആഗ്ര അതിരൂപതയുടെ കീഴിലായിരുന്നു പള്ളി. പുരോഹിതൻമാർ ഇല്ലാതായതോടെ പള്ളിയുടെ പ്രവർത്തനം ഇടയ്ക്ക് നിർത്തിവയ്ക്കേണ്ടി വന്നു. 1951ൽ പള്ളി സർക്കാരിന് കൈമാറി. എന്നാൽ 1980ൽ പള്ളി തിരികെ വിശ്വാസികൾക്ക് കൈമാറാൻ തീരുമാനിച്ചു. തർക്കേശ്വർ മഹാദേവ ക്ഷേത്രമാണ് മറ്റൊരു പ്രധാന ആരാധനാലയം. സമുദ്രനിരപ്പിൽ നിന്ന് 2092 മീറ്റർ ഉയരത്തിൽ ഒരു കുന്നിൻ മുകളിലാണ് ക്ഷേത്രം.
സമുദ്രനിരപ്പിൽ നിന്ന് 1700 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഒരു കുന്നിൻ പ്രദേശമാണ് ലാൻസ്ഡൗണിലെ ടിപ് ഇൻ ടോപ്പ്. ഗർവാൾ കുന്നുകളുടെയും ഹിമാലയൻ പർവത നിരകളുടെയും മനോഹര കാഴ്ച ഇവിടെ നിന്നാൽ ലഭിക്കും. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് കാനനയാത്ര നടത്താം. ട്രെക്കിംഗിനും സൗകര്യമുണ്ട്. ഇവിടത്തെ ഏറ്റവും പ്രശസ്തമായ ട്രെക്കിംഗ് പാതയാണ് ലവേഴ്സ് ലെയ്ൻ.ഭുല്ല തടാകമാണ് ലാൻസ്ഡൗണിലെ മറ്റൊരു പ്രധാന ആകർഷണം. ഗർവാൾ റൈഫിൾസിലെ യുവ സൈനികർക്ക് സമർപ്പിച്ചിരിക്കുന്ന ഒരു കൃത്രിമ തടാകമാണ് ഭുല്ല. തടാകത്തിൽ ബോട്ടിംഗ് സൗകര്യമുണ്ട്.
ജനുവരി മുതൽ മാർച്ച് വരെയും ഒക്ടോബർ മുതൽ ഡിസംബർ വരെയുമുള്ള മാസങ്ങളാണ് ലാൻസ്ഡൗൺ സന്ദർശിക്കുന്നതിന് അനുയോജ്യമായ സമയം. ന്യൂഡൽഹിയിൽ നിന്ന് ഏകദേശം 250 കിലോമീറ്റർ അകലെയാണ് ലാൻസ്ഡൗൺ. ഗാസിയാബാദ്, മീററ്റ്, മവാന, ബിജ്നോർ, നജിബാബാദ്, ദൊഗദ്ദ വഴി റോഡ് മാർഗം ലാൻസ്ഡൗണിലെത്താം. ട്രെയിനിൽ വരുന്നവർ കോട്വാർ റെയിൽവേ സ്റ്റേഷനിലിറങ്ങണം. ഡെറാഡൂണിലെ ജോളി ഗ്രാൻഡ് ആണ് തൊട്ടടുത്തുള്ള വിമാനത്താവളം.
(ലേഖകന്റെ ഫോൺ:9447313001)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |