SignIn
Kerala Kaumudi Online
Tuesday, 26 May 2026 5.15 AM IST

കുതിപ്പിക്കാനെത്തിയ പിറ്റ്‌ലൈൻ കിതയ്ക്കുന്നു

pit-line

പാലക്കാട് റെയിൽവേ ഡിവിഷന്റെ സ്വപ്നയായ പദ്ധതി പിറ്റ്‌ലൈൻ നിർമ്മാണം ഇഴയുകയാണ്. ലക്ഷ്യമിട്ടതിന്റെ പകുതി പോലും ഇതുവരെ പൂർത്തിയാക്കാനാവാതെ കിതയ്ക്കുകയാണ് റെയിൽവേ അധികൃതർ. പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകളുടെ അറ്റകുറ്റപ്പണിക്ക് സൗകര്യമൊരുക്കി പുതിയ ട്രെയിനുകൾക്കു വഴിയൊരുക്കുകയും ചെയ്യുന്ന പദ്ധതി വൈകുന്നതു കരാറുകാരന്റെ വീഴ്ചയാണെന്നാണ് അധികൃതരുടെ വിശദീകരണം. ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടിട്ടും ഫലമുണ്ടാകുന്നില്ലെന്നതാണ് യാഥാർത്ഥ്യം.

61 കോടിയുടെ പിറ്റ്‌ലൈൻ പദ്ധതിക്കു മണ്ണെടുക്കുന്നതും സമയബന്ധിതമായി പണം അനുവദിക്കുന്നതും തടസപ്പെട്ടെങ്കിലും രണ്ടും പിന്നീട് പരിഹരിച്ചു. തുടക്കത്തിൽ സാമ്പത്തിക പ്രതിസന്ധിയും തിരിച്ചടിയായിരുന്നു. പദ്ധതിക്കായി നാലുവർഷം മുമ്പ് കേന്ദ്രബഡ്ജറ്റിൽ ഒൻപത് കോടി പ്രഖ്യാപിച്ചിരുന്നു. എന്നാൽ സാമ്പത്തിക അന്നത്തെ ബാദ്ധ്യത കണക്കിലെടുത്ത് പദ്ധതികൾ മരവിപ്പിച്ച കൂടെ പാലക്കാട് പിറ്റ്‌ലൈനും ഉൾപ്പെടുകയായിരുന്നു. നിലവിൽ തിരുവനന്തപുരത്തും എറണാകുളത്തും മാത്രമാണ് കേരളത്തിൽ പിറ്റ്‌ലൈനുകളുള്ളത്. ഈ രണ്ടിടത്തും ഇപ്പോഴുള്ളതിനേക്കാൾ കൂടുതൽ ട്രെയിനുകൾക്ക് അറ്റകുറ്റപ്പണി നടത്താൻ കഴിയാത്ത അവസ്ഥയാണ്. പാലക്കാട് പിറ്റ്‌ലൈൻ യാഥാർത്ഥ്യമായാൽ കേരളത്തിന് പത്തിലധികം പുതിയ ട്രെയിനുകൾ ലഭിക്കാം.

നിലവിൽ പാലക്കാട് പിറ്റ്ലൈൻ പദ്ധതിക്കാവശ്യമായ ഫണ്ട് കൃത്യമായിട്ടും പണി ഇഴയുന്നതിൽ ഡിവിഷനും അതൃപ്തിയിലാണ്. പദ്ധതി ഈ വർഷം ഡിസംബറിൽ പൂർത്തിയാക്കാനുള്ള റെയിൽവേയുടെ നിർദ്ദേശത്തിനു മെല്ലെപ്പോക്ക് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. ആവശ്യത്തിന് യന്ത്രങ്ങളും തൊഴിലാളികളെയും കരാറുകാരൻ എത്തിക്കുന്നില്ലെന്നാണ് പ്രധാന ആക്ഷേപം. അടുത്തമാസം ലൈൻ സ്ഥാപിച്ച് ജൂണിനു മുമ്പായി കോൺക്രീറ്റ് നടത്തേണ്ടതാണെങ്കിലും ഇതുവരെ 30% മാത്രമാണ് പൂർത്തിയായിട്ടുള്ളത്. ഇനി ട്രാക്കിട്ട് ബന്ധിപ്പിക്കുന്നതുൾപ്പെടെയുള്ള ജോലികൾ ബാക്കിയാണ്. പാലക്കാട്ടു നിന്നു ദീർഘദൂര ട്രെയിൻ സർവീസുകൾക്ക് വഴിതുറക്കുന്ന പിറ്റ്‌ലൈനിന്റെ പ്രധാന ഭാഗമായ ട്രാക്ക് നിർമ്മാണത്തിനുള്ള കരാർ സേലത്തെ ജി.എം ഇൻഫ്രാ ടെക്കിനാണ്.

അറ്റകുറ്റപ്പണി ആവശ്യമായ ട്രെയിനുകൾ പിറ്റ്‌ലൈനിലാണ് പരിശോധിക്കുക. പരിശോധന കഴിഞ്ഞവയ്ക്കു സ്റ്റേബിളിംഗ് ലൈനുണ്ട്. ഗൗരവമായ പണികൾ സിക്ക് ലൈനിലാണു ചെയ്യുക. സിക്ക് ലൈൻ മറ്റൊരു കരാറുകാരനാണു നിർമിക്കുന്നത്. ഇതിനൊപ്പം ടൗൺ സ്റ്റേഷനിലെ രണ്ട്, മൂന്ന് പ്ലാറ്റ്‌ഫോമുകളുടെ നീളം വർദ്ധിപ്പിച്ച് മൂന്നാം പ്ലാറ്റ്‌ഫോ പൊള്ളാച്ചി ലൈനുമായി ബന്ധിപ്പിക്കാനും നീക്കമുണ്ട്. 16 കോച്ചുകളുടെ പ്ലാറ്റ്‌ഫോമും പിറ്റ്‌ലൈനും പൂർണസജ്ജമായാൽ ചെന്നൈ, മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിൻ സർവീസുകൾ ആരംഭിക്കാനാകും.

എന്താണ് പിറ്റ്‌ലൈൻ ?

റെയിൽവേ കോച്ചുകളുടെ അറ്റകുറ്റപ്പണികളും വൃത്തിയാക്കലും നടത്താനുള്ള വർക്ക്‌ഷോപ്പാണ് പിറ്റ്‌ലൈൻ. ഈ വർക്ക്‌ഷോപ്പിലേക്കു ട്രെയിൻ കയറ്റി നിറുത്തി അതിലെ കേടുപാടുകൾ തീർക്കുകയാണ് പതിവ്. പിറ്റ്‌ലൈൻ ഉണ്ടെങ്കിലേ പുതിയ ട്രെയിൻ സർവീസ് ആരംഭിക്കാനാകൂ. പാലക്കാട് ഡിവിഷനിൽ പൂർണതോതിലുള്ള പിറ്റ്‌ലൈൻ മംഗളൂരുവിൽ മാത്രമാണുള്ളത്. ഷൊർണൂരിൽ അഞ്ചോ ആറോ കോച്ച് മാത്രം പണി നടത്താനുള്ള ചെറിയ പിറ്റ്‌ലൈനുണ്ട്. തിരുവനന്തപുരം ഡിവിഷനിൽ നാഗർകോവിൽ, തിരുവനന്തപുരം സെൻട്രൽ, കൊച്ചുവേളി, എറണാകുളം എന്നിവിടങ്ങളിൽ വലിയ പിറ്റ്‌ലൈനുകളുണ്ട്. സേലം ഡിവിഷനിൽ കോയമ്പത്തൂരും ഈ സൗകര്യമുണ്ട്. ദീർഘദൂര ട്രെയിനുകൾക്ക് നിശ്ചിത ദൂര യാത്രയ്ക്കു ശേഷം നിർബന്ധമായും അറ്റകുറ്റപ്പണി നടത്തണം. അതിനാൽ പിറ്റ്‌ലൈൻ സൗകര്യമുള്ള സ്റ്റേഷൻ കേന്ദ്രീകരിച്ചാവും സർവീസ് അനുവദിക്കുക. റെയിൽവേ ഡിവിഷൻ ആസ്ഥാനമായ പാലക്കാട് പിറ്റ്‌ലൈൻ ഇല്ലാതിരുന്നത് ഇതുവരെ ദീർഘദൂര ട്രെയിനുകൾ ആരംഭിക്കാൻ തടസമായിരുന്നു. പാലക്കാട് റെയിൽവേ ഡിവിഷനിൽ ദീർഘദൂര ട്രെയിനുകൾ മംഗളൂരുവിൽ നിന്നായിരുന്നു ആരംഭിച്ചിരുന്നത്.

പോത്തനൂരിൽ 180 കോടി

ചെലവിൽ പിറ്റ് ലൈൻ
പോത്തനൂർ ജംഗ്ഷനിൽ 180 കോടിയോളം ചെലവ് വരുന്ന പുതിയ പിറ്റ്‌ലൈന് റെയിൽവേ ബോർഡ് അനുമതി നൽകി. നിർമ്മാണം പൂർത്തിയാകുന്നതോടെ കോയമ്പത്തൂരിലുള്ള പിറ്റ് നിറുത്തലാക്കും. മൂന്നാംപാത നിർമ്മാണ സർവേയിൽ പോത്തനൂർ പ്രധാന റെയിൽ ജംഗ്ഷനാക്കി വികസിപ്പിക്കാനുള്ള നിർദ്ദേശങ്ങളുണ്ട്. അതിന്റെ മുന്നോടിയാണ് എട്ടു ട്രെയിനുകൾ വരെ ഒരേസമയം അറ്റകുറ്റപ്പണി നടത്താവുന്ന മൂന്ന് ലൈൻപിറ്റ് പദ്ധതി അനുവദിച്ചതെന്നാണ് വിലയിരുത്തൽ. 10 ട്രെയിനുകൾ വരെ ഇവിടെ നിറുത്താനാകും. കോയമ്പത്തൂരിൽ നിലവിൽ രണ്ട് പിറ്റ്‌ലൈനുണ്ട്.

കൂടുതൽ ദീർഘദൂര

ട്രെയിനുകളെത്തും

പദ്ധതി പൂർത്തിയായാൽ പാലക്കാട് ടൗൺ സ്റ്റേഷനിൽ നിന്ന് കുറഞ്ഞത് 3 ദീർഘദൂര ട്രെയിനുകൾ ആരംഭിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. കോയമ്പത്തൂരിൽ നിന്നുള്ള ചില ട്രെയിനുകൾ പാലക്കട്ടേക്കു നീട്ടാനുമാകും. ടൗൺ റെയിൽവേ സ്റ്റേഷന്റെ 8 ഏക്കറോളം സ്ഥലത്ത് ഷോപ്പിംഗ് കോംപ്ലക്സ് അടക്കമുള്ള വികസന സാദ്ധ്യതയും പരിഗണിക്കുന്നു. കൈയേറ്റങ്ങൾ ഒഴിപ്പിച്ച് സ്ഥലത്തിനു ചുറ്റുമതിൽ നിർമ്മിക്കാനും പദ്ധതിയുണ്ട്. ട്രെയിനുകളുടെ അറ്റകുറ്റപ്പണി നടത്താനുള്ള സംവിധാനമാണ് പിറ്റ്‌ലൈൻ. മൂന്നുവർഷം മുൻപ് വി.കെ. ശ്രീകണ്ഠൻ എം.പിയുടെ ശ്രമഫലമായാണ് അന്നത്തെ റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിൽ പിറ്റ്‌ലൈൻ അനുവദിച്ചത്. 19.10 കോടി രൂപയാണ് പദ്ധതിക്കായി മാറ്റിവച്ചത്. ടെൻഡർ നടപടികൾ പൂർത്തീകരിച്ച് ഒരു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാൻ പ്രതീക്ഷിച്ചിരുന്നതെങ്കിലും വർഷങ്ങൾ നീണ്ടു.

സ്വപ്നം ട്രാക്കിലായാൽ

ഗ്വാളിയാറിലെ സെന്റർ ഫോർ അഡ്വാൻസ്ഡ് മെയ്ന്റനൻസ് ടെക്‌നോളജിയുടെ (കാംടെക്) നിർദ്ദേശമനുസരിച്ചുള്ള ആധുനിക പിറ്റ്‌ലൈനാണ് പാലക്കാട്ട് നിർമ്മിക്കുന്നത്. ഇതോടൊപ്പം ഒരു സിക്ക് ലൈൻ, രണ്ട് സ്റ്റേബ്ലിംഗ് ലൈൻ എന്നിവയും നിർമ്മിക്കും. അറ്റകുറ്റപ്പണിക്കിടയിൽ കുഴപ്പം കാണുന്ന കോച്ചുകൾ മാറ്റിയിടാനുള്ള സ്ഥലമാണ് സിക്ക് ലൈൻ. പണിക്കുവരുമ്പോഴും പണി കഴിഞ്ഞും റേക്കുകൾ നിറുത്തിയിടുന്നത് സ്റ്റേബ്ലിംഗ് ലൈനിലാണ്. ഒരു ട്രെയിനിന്റെ പൂർണതോതിലുള്ള അറ്റകുറ്റപ്പണികൾ നടത്താൻ ആറുമണിക്കൂർ വേണ്ടിവരും. പാലക്കാട്ടെ പിറ്റ്‌ലൈൻ പണി പൂർത്തിയായിക്കഴിഞ്ഞാൽ ഇങ്ങനെ ഒരു ദിവസം 24 കോച്ചുള്ള മൂന്ന് ട്രെയിനുകൾ വരെ ഗതാഗതയോഗ്യമാക്കാനാവും. ഓരോ ട്രെയിനിന്റെയും അറ്റകുറ്റപ്പണികൾ രണ്ടോ മൂന്നോ ദിവസത്തിൽ ഒരിക്കൽ മതിയെന്നിരിക്കേ (2000 കിലോമീറ്റർ ഓടിയതിനുശേഷം) പുതുതായി പത്തോളം ട്രെയിനുകൾ പാലക്കാട്ടു നിന്ന് തുടങ്ങാനാവും.

പിറ്റ്ലൈനില്ലാത്തതിന്റെ

നഷ്ടം ചെറുതല്ല

പിറ്റ്‌ലൈൻ ഇല്ലാത്തതുകൊണ്ട് പാലക്കാടിനും ഈ ഡിവിഷനും കേരളത്തിനുമുണ്ടായ നഷ്ടങ്ങൾ ചെറുതല്ല. മംഗളൂരു പിറ്റ്‌ലൈൻ ഓവർ സാച്ചുറേറ്റഡായതിനാൽ വർഷങ്ങളായി അവിടെ നിന്ന് കൂടുതൽ സർവീസ് ആരംഭിക്കാനായിട്ടില്ല. പാലക്കാട്ട് സൗകര്യമില്ലാത്തതിനാൽ കോയമ്പത്തൂരിൽ സർവീസ് അവസാനിപ്പിക്കുന്ന ട്രെയിനുകൾ ഇങ്ങോട്ടു നീട്ടാനുമായിട്ടില്ല. 10 വർഷം മുൻപ് തുടങ്ങിയ മംഗളൂരു കോയമ്പത്തൂർ ഇന്റർസിറ്റി എക്സ്പ്രസാണ് പാലക്കാട് ഡിവിഷന്റെ അവസാനം തുടങ്ങിയ ട്രെയിൻ. പാലക്കാട് കോഴിക്കോട് കണ്ണൂർ മംഗളൂരു റൂട്ടിൽ സമയം ലഭ്യമായിട്ടും ട്രെയിനുകൾ കുറഞ്ഞതിന്റെ കാരണവും ഇതുതന്നെ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: TRAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY