SignIn
Kerala Kaumudi Online
Wednesday, 27 May 2026 4.08 AM IST

ഭായീ, ആവോ ആവോ

a

ത്തരേന്ത്യൻ ഭായിമാരുടെ ഗൾഫാണ് കേരളം എന്ന് പണ്ടേ പറയാറുണ്ട്. ജോലി ചെയ്താൽ നാട്ടിലേതിനേക്കാൾ ഇരട്ടി കൂലി കേരളത്തിൽ കിട്ടുന്നതുകൊണ്ടാണ് ഭായിമാർ ഇങ്ങോട്ട് ഒഴുകിയത്. അഭിമാനം നോക്കുന്ന മലയാളികൾ ഗൾഫ് രാജ്യങ്ങളിലേക്ക് പോയി മണലാരണ്യങ്ങളിലെ കത്തുന്ന ചൂടിലും എല്ലുമുറിയെ പണിയെടുത്തുകൊണ്ടിരിക്കുന്നു. ബംഗാളിൽ ഒരു ദിവസം പണിക്കൂലി പരമാവധി നാനൂറ് രൂപയാണെങ്കിൽ കേരളത്തിൽ കുറഞ്ഞത് ആയിരം രൂപ കിട്ടും. ദിവസക്കൂലി മാസക്കൂലിയായി വാങ്ങുന്ന ഭായിമാർ, മാസത്തിലൊരിക്കൽ പണം വീടുകളിലേക്ക് അയക്കുന്നു. രാവിലെ പണിക്കിറങ്ങുന്ന മലയാളികളിൽ ചിലരെ വൈകുന്നേരം ബാറുകളിലോ കള്ളുഷാപ്പുകളിലോ കാണാമെന്ന് പരിഹസിക്കുന്നവരുണ്ട്. അതിനെ പൂർണമായി തള്ളാനാവില്ല. വൈകുന്നേരം പണി കഴിഞ്ഞ് സൈറ്റ് വിടുന്ന അന്യസംസ്ഥാന തൊഴിലാളികളിൽ എത്രപേർ ബാറുകളിലും ഷാപ്പുകളിലുമുണ്ടാകും. പത്ത് പേരെയെടുത്താൽ രണ്ടോ മൂന്നോ അന്യസംസ്ഥാനക്കാരെ മാത്രമേ കാണാൻ കഴിയൂ എന്നാണ് ചില എൻ.ജി.ഒകൾ നടത്തിയ അന്വേഷണത്തിലെ നിഗമനം. അതു ശരിയാവാനാണ് സാദ്ധ്യത.

ബിവറേജസ് ഷോപ്പുകളിൽ മലയാളികൾ ക്യൂ നിൽക്കുമ്പോൾ അന്യ സംസ്ഥാന തൊഴിലാളികൾ ബാങ്കുകളുടെ കാഷ് ഡെപ്പോസിറ്റ് കൗണ്ടറുകളിൽ ക്യൂ നിൽക്കുന്നതു കാണാമെന്ന് പറയുന്നത് അതിശയോക്തിയല്ല. ആഴ്ചയുടെയോ മാസത്തിന്റയോ അവസാന ദിവസത്തെ വൈകുന്നേരങ്ങളിൽ കരുതിവച്ച പണം ഡെപ്പോസിറ്റ് ചെയ്യാനും വീടുകളിലേക്ക് അയക്കാനും ഭായിമാരെ പല സി.ഡി.എം കൗണ്ടറിലും കാണാം. കേരളത്തിൽ പണിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികളിൽ പലരും സ്വന്തം നാട്ടിൽ ബഹുനില വീടുകൾ പണിഞ്ഞിട്ടുണ്ടെന്ന് ലേബർ മാനേജർമാർ പറയുന്നു. പത്തനംതിട്ട നഗരത്തിലെ ഒരു പ്രധാന ഹോട്ടലിൽ പൊറോട്ട അടിക്കുന്ന ബംഗാളി അയാളുടെ നാട്ടിൽ നിർമ്മിച്ച വീടിന്റെ ഗൃഹപ്രവേശ ചടങ്ങിന് പോയ ഹോട്ടൽ ഉടമ കണ്ട കാഴ്ചകൾ അതിശയിപ്പിക്കുന്നതായിരുന്നു. ബഹുനില വീട്ടിലെ ചടങ്ങുകൾ രണ്ടു ദിവസം മുൻപേ ആരംഭിച്ചു. രാത്രികളിൽ കണ്ണഞ്ചിപ്പിക്കുന്ന വർണപ്രപഞ്ചവും കലാമേളകളുമായി ചടങ്ങുകൾ ഗംഭീരമാക്കി. ഒരു മാസത്തെ അവധി പറഞ്ഞ് പോയ തൊഴിലാളി പത്തനംതിട്ടയിലേക്ക് മടങ്ങിയെത്തിയില്ല. ഇനി വരുന്നില്ലെന്നാണ് ഹോട്ടലുടമയെ അറിയിച്ചിരിക്കുന്നത്. ഇത് ഒറ്റപ്പെട്ട കാര്യമല്ല.

ബംഗാളിൽ മോഹന വാഗ്ദാനം

ബംഗാളിലും ആസാമിലും അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ പോയ പല തൊഴിലാളികളും കേരളത്തിലേക്ക് മടങ്ങി വരുന്നില്ല. തൊഴിലാളികൾ വൻ തോതിൽ കുറഞ്ഞതിനാൽ ഹോട്ടൽ, നിർമ്മാണ മേഖലകളിൽ തളർച്ച നിലനിൽക്കുകയാണ്. സംസ്ഥാനത്തെ അന്യ സംസ്ഥാന തൊഴിലാളികളിൽ അൻപത്തിയെട്ട് ശതമാനം ബംഗാളികളും ആസാമികളുമാണെന്നാണ് രജിസ്റ്റട്രേഷൻ വകുപ്പിന്റെ കണക്ക്. റോഡ്, കെട്ടിടം നിർമ്മാണങ്ങളിലും ഹോട്ടൽ ജോലികളിലും എഴുപത് ശതമാനം തൊഴിലാളികൾ അന്യ സംസ്ഥാനക്കാരാണ്.

ഇക്കഴിഞ്ഞ ഏപ്രിലിൽ ആയിരുന്നു ബംഗാൾ, ആസാം നിയമസഭാ തിരഞ്ഞെടുപ്പ്. വോട്ടു ചെയ്തില്ലെങ്കിൽ വോട്ടർ പട്ടികയിൽ നിന്ന് പുറത്താകുമെന്ന് നാട്ടിൽ നിന്ന് അറിയിച്ചതിനെ തുടർന്നാണ് പതിവില്ലാതെ തൊഴിലാളികൾ വോട്ടു ചെയ്യാൻ പോയത്. ഫലം വന്ന് പുതിയ സർക്കാരുകൾ അധികാരമേറ്റിട്ടും തൊഴിലാളികൾ തിരിച്ചു വരുന്നില്ല.

അന്യസംസ്ഥാന തൊഴിലാളികൾ മടങ്ങി വരാത്തതിനാൽ നിർമ്മാണ ജോലികൾ മിക്കതും മുടങ്ങി. പലരേയും ഫോണിൽ വിളിച്ചെങ്കിലും കേരളത്തിലേക്ക് വരാൻ താത്പര്യമില്ലെന്ന് അറിയിച്ചെന്ന് കരാറുകാർ പറയുന്നു. പത്തനംതിട്ടയിലെ നിർമ്മാണ മേഖലയിലെ ഒരു കരാറുകാരന് കീഴിൽ ഇരുപത്തിയഞ്ച് ബംഗാളി തൊഴിലാളികളാണ് ഉണ്ടായിരുന്നത്. വോട്ടു ചെയ്യാൻ പോയ ഇവർ മടങ്ങി വരാത്തതിനാൽ ഏറ്റെടുത്ത ജോലികൾ മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്നില്ല. മലയാളികളും തമിഴ്നാട്ടുകാരുമായി ഇപ്പോൾ പന്ത്രണ്ട് പേർ മാത്രമാണ് തൊഴിലാളികളായി ഉള്ളത്. ബംഗാൾ, ആസാം സംസ്ഥാനങ്ങളിൽ തദ്ദേശീയരായ തൊഴിലാളികൾ ലഭിക്കാത്തതിനാൽ അവിടെ നിർമ്മാണ മേഖലയിൽ പ്രതിസന്ധി നിലനിൽക്കുന്നുണ്ട്. ഇതു പരിഹരിക്കാൻ ബംഗാൾ സർക്കാർ തൊഴിലാളികളുടെ ദിവസക്കൂലിയിൽ വർദ്ധന വരുത്തി. ദിവസം നാനൂറ് രൂപ ലഭിച്ചുകൊണ്ടിരുന്ന തൊഴിലാളിക്ക് ഇപ്പോൾ അറുന്നൂറ് രൂപ ലഭിക്കും. കൂലി ഇനിയും വർദ്ധിപ്പിക്കുമെന്ന ഉറപ്പ് സർക്കാർ നൽകിയിട്ടുണ്ട്. സ്വന്തമായി കൃഷി സംരംഭങ്ങൾ തുടങ്ങുന്നതിന് സർക്കാർ സബ്സിഡി പ്രഖ്യാപിച്ചതും തൊഴിലാളികൾക്ക് ആകർഷകമായെന്നാണ് വിലയിരുത്തൽ.

സർക്കാർ ഇടപെടൽ വേണം

തൊഴിൽ മേഖലയിൽ നിലനിൽക്കുന്ന പ്രതിസന്ധി എങ്ങനെ പരിഹരിക്കണമെന്ന് അറിയാതെ ഉഴറുകയാണ് കരാറുകാർ. തൊഴിലാളി ക്ഷാമത്തിനൊപ്പം ഇന്ധന വില വർദ്ധനയെ തുടർന്ന് സാധന വില കുതിച്ചുയർന്നാൽ നിലവിലെ കരാറുകാർക്ക് പണികൾ മുന്നോട്ടു കൊണ്ടുപോകാനാവില്ല. മലയാളികളായ തൊഴിലാളികൾ നിർമ്മാണ, ഹോട്ടൽ മേഖലയിൽ നിന്ന് അകന്നു നിൽക്കുന്ന സാഹചര്യ ഒഴിവാക്കാൻ അടിയന്തര രക്ഷാപ്രവർത്തനം സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നാണ് ഉണ്ടാകേണ്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY