SignIn
Kerala Kaumudi Online
Wednesday, 27 May 2026 4.08 AM IST

നോക്കുവിൻ സഖാക്കളേ നമ്മൾ വന്ന വീഥിയിൽ...

s

'നവരസങ്ങളും മുഖത്ത് മാറി മറിയുന്നു. എന്താ.. അഭിനയം.. നല്ല സംവിധായകന്റെ കൈയിൽ കിട്ടിയപ്പോൾ എന്തൊരു മാറ്റം.' ഉദയനാണ് താരം എന്ന ചിത്രത്തിലെ അവസാന രംഗം. സിനിമയിലെ തന്റെ അഭിനയം തിയേറ്ററിൽ കണ്ട് അന്തംവിടുന്ന രാജപ്പനെന്ന സരോജ് കുമാറിനോട് (ശ്രീനിവാസൻ) സഹായിയായ പച്ചാളം ഭാസി (ജഗതി ശ്രീകുമാർ) പറയുന്നതാണിത്.

ഏതാണ്ട് അതേ അവസ്ഥയിലാണ് കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ ഓരോ ചെയ്തികൾക്കും ഇപ്പോൾ മുഖ്യമന്ത്രി വി.ഡി.സതീശൻ നേതൃത്വം നൽകുന്ന സർക്കാർ ഞൊടിയിടയിൽ പരിഹാരം ചെയ്യുന്നതുകണ്ട് സഖാക്കൾ നെടുവീർപ്പിടുന്നത്. അവർ തലയിൽ കൈവച്ച് ചോദിക്കുന്നു 'ഇത് നമുക്കും ചെയ്യാമായിരുന്നില്ലേ?.

പ്രസവ ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റിൽ വച്ചതിനെത്തുടർന്ന് ഹർഷീന എന്ന യുവതി അനുഭവിച്ച ദുരിതം കരളലിയിപ്പിക്കുന്നതായിരുന്നു.കുറ്റക്കാരെ കണ്ടുപിടിച്ച് മാതൃകാപരമായി ശിക്ഷിക്കണമെന്നും അർഹമായ നഷ്ടപരിഹാരം നൽകണമെന്നും പറഞ്ഞ് സെക്രട്ടേറിയറ്റിനു മുന്നിൽവരെ വന്ന് അവർ സമരം നടത്തി. പക്ഷേ, അന്നത്തെ മന്ത്രിയുടെ മാത്രം കരളലിഞ്ഞില്ല. എന്തൊരു പിടിവാശിയായിരുന്നു.

അതേ ഹർഷീന ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ജോലിക്കു കയറി. നഷ്ടപരിഹാരമടക്കം എല്ലാ സഹായങ്ങളും നൽകുമെന്നും മുഖ്യമന്ത്രി

വി.ഡി.സതീശൻ പറ‌ഞ്ഞു. ജോലിയും നൽകി. എല്ലാം അഞ്ച് മിനിറ്റിനുള്ളിൽ കഴിഞ്ഞു.ഇത് നമുക്കും ചെയ്യാമായിരുന്നില്ലേയെന്നാണ് സഖാക്കൾ പരസ്പരം ചോദിക്കുന്നത്.

ആശമാരുടെ സമരത്തെ പുച്ഛിച്ചും പരിഹസിച്ചും ജനങ്ങളുടെ മുഴുവൻ വെറുപ്പ് ഏറ്റുവാങ്ങിയത് എന്തിനായിരുന്നു. വി.ഡി സർക്കാരിന്റെ ആദ്യ തീരുമാനംതന്നെ ആശമാരുടെ ഓണറേറിയം വർദ്ധിപ്പിക്കുന്നതായിരുന്നു.

രക്ഷാപ്രവർത്തനമെന്ന പേരിൽ യുവാക്കളെ തല്ലിച്ചതച്ച ഗൺമാനടക്കം എല്ലാവരും ഇന്നലെ സസ്പെൻഷനിലായി. അന്നത്തെ മുഖ്യമന്ത്രി 'രക്ഷാപ്രവർത്തനം' എന്ന് വിശേഷിപ്പിച്ചത് മാത്രം ശരിയായി.അന്ന് അടികൊണ്ട എ.ഡി.തോമസ് എം.എൽ.എയായി (ശരിക്കും രക്ഷിച്ചുവെന്ന് പറയുന്നതല്ലേ ശരി.) ഗൺമാനും പി.എയ്ക്കും മുന്നിൽ സകല പൊലീസ് ഏമാൻമാരും ഓച്ഛാനിച്ചു നിന്ന കാലമാണ് അപ്രത്യക്ഷമാകുന്നത്. ഇതിനായിരിക്കും കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് പറയുന്നത്.

ആരോഗ്യവകുപ്പു മന്ത്രി കെ.മുരളീധരന്റെ പ്രൈവറ്റ് സെക്രട്ടറിയായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ന്യൂറോ വിദഗ്ദ്ധനെയാണ് നിയമിച്ചത്. തനിക്ക് സബ്ജക്ട് പഠിക്കാൻ സഹായകമാകുമെന്നാണ് മന്ത്രി അതേക്കുറിച്ച് പറഞ്ഞത്. കഴിഞ്ഞ ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി മുമ്പ് എ.കെ.ജി സെന്ററിലെ ഓഫീസ് സെക്രട്ടറിയായിരുന്നു. ആരോഗ്യമന്ത്രിയുടെ ഓഫീസ് അദ്ദേഹമാണ് ഭരിച്ചതെന്നും, അതല്ല സെക്രട്ടറി പറ‌ഞ്ഞാൽ മന്ത്രി കേൾക്കില്ലായിരുന്നുവെന്നുമൊക്കെ ദോഷൈകദൃക്കുകൾ ഇപ്പോൾ പറയുന്നുണ്ട്. എന്തരോ എന്തോ..?

പാർട്ടി തിരിച്ചടി നേരിട്ടെങ്കിലും നേതൃത്വത്തെ മാറ്റില്ലെന്നാണ് സി.പി.എം ജനറൽ സെക്രട്ടറി ബേബി സഖാവ് പറയുന്നത്. മാറ്റരുത്. പയ്യന്നൂരിൽ കുഞ്ഞികൃഷ്ണൻ ഉന്നയിച്ച രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് ആരോപണത്തിന് മറുപടി പറയാൻ ജില്ലാ സെക്രട്ടറി നടത്തിയ പത്രസമ്മേളനം കേരളം മറന്നിട്ടില്ല. അങ്ങനെയുള്ളവർ തുടരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മറ്റാരേക്കാളുംബേബി സഖാവിന് നന്നായി അറിയാം. ഇനിയിപ്പോൾ കേരള സർക്കാരിന്റെ ഡൽഹിയിലെ ഉപദേഷ്ടാവ്പണി നഷ്ടമായ തോമസ് മാഷിന് തമിഴ്നാട്ടിലെങ്കിലും പാർട്ടി അക്കൗണ്ടിൽ ഒരു ഉപദേശക സ്ഥാനം നേടിക്കൊടുക്കാൻ സുഹൃത്തായ ബേബി സഖാവ് ശ്രമിക്കാതിരിക്കില്ലെന്നാണ് വിഭാഗീയ ചിന്തകർ അടക്കം പറയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY