
കമ്മ്യൂണിസ്റ്ര് മാനിഫെസ്റ്റോ അരച്ചുകലക്കി കുടിച്ച ജി. സുധാകരനെ പിണക്കിയതിൽ ഇപ്പോൾ നെഞ്ചുപൊട്ടി സങ്കടപ്പെടുന്നുണ്ടാവും സി.പി.എം. കാരണം പാർട്ടിയുടെ രാഷ്ട്രീയ മുന്നേറ്റത്തിന്റെ അടവും ചുവടുമെല്ലാം ഇത്ര കൃത്യമായി അറിയുന്ന മറ്റേതെങ്കിലും നേതാവുണ്ടോ. ഇന്നലെ നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിന്റെ നന്ദിപ്രമേയ ചർച്ചയ്ക്കിടയിലായിരുന്നു സി.പി.എമ്മുകാർക്കുള്ള സുധാകരന്റെ സൗജന്യ ട്യൂഷൻ.
അടവു നയം വിപ്ളവ പ്രസ്ഥാനങ്ങളെ പഠിപ്പിച്ചത് മഹാനായ ലെനിൻ ആണെന്ന കാര്യം സുധാകരൻ ഓർമ്മിപ്പിച്ചത്, കഴിഞ്ഞ സർക്കാർ സിൽവർ ലൈനിന് വേണ്ടി സ്ഥാപിച്ച മഞ്ഞക്കുറ്റികളുമായി ബന്ധപ്പെടുത്തിയാണ്. ഒരു ചുവട് മുന്നോട്ട്, രണ്ട് ചുവട് പിറകോട്ട് എന്ന അടവ് സി.പി.എം മനസിലാക്കിയിരുന്നെങ്കിൽ മഞ്ഞക്കുറ്റി അവർ തന്നെ ഊരിയേനേ എന്ന കാര്യത്തിലും സുധാകരന് തെല്ലുമില്ല സംശയം.
മുൻ മന്ത്രി സജി ചെറിയാന്റെ വീടിനടുത്ത്, ഒരു വീട്ടമ്മയെ അടുക്കളയ്ക്കുള്ളിൽ വലിച്ചിഴച്ച സംഭവം സുധാകരൻ വളരെ പരത്തി പറഞ്ഞതിന് നല്ല മുള്ളും മുനയും ഉണ്ടായിരുന്നു. സജി ചെറിയാനെപ്പറ്റിയല്ല താൻ പറയുന്നതെന്ന അനുബന്ധവും അദ്ദേഹം ഉൾപ്പെടുത്തി.
സുധാകരൻ പ്രസംഗിക്കാൻ എഴുന്നേറ്റപ്പോഴാണ് പ്രതിപക്ഷത്തെ കെ.എൻ. ബാലഗോപാൽ ക്രമപ്രശ്നവുമായി എഴുന്നേറ്റത്. ഇത് സഖാവിനെ വല്ലാതെ ചൊടിപ്പിച്ചു.
പ്രസംഗിക്കാൻ വിളിച്ചാലുടൻ പോയിന്റ് ഒഫ് ഓർഡർ ഉന്നയിക്കുന്നത് ശരിയല്ലെന്നും ഏതു വകുപ്പു പ്രകാരമാണിതെന്നും ഒട്ടും മയമില്ലാതെ അദ്ദേഹം പറഞ്ഞപ്പോൾ ഭരണപക്ഷ അംഗങ്ങൾ ഡസ്കിലടിച്ച് പിന്തുണ നൽകി. പക്ഷേ, കൈയടിക്ക് വേണ്ടിയല്ല താനിത് പറയുന്നതെന്ന സുധാകരന്റെ പ്രതികരണത്തിൽ ഭരണപക്ഷം അല്പം വിമ്മിഷ്ടത്തിലായി.
'മാനവധർമ്മം വിളംബരം ചെയ്യുന്ന മാവേലി നാടിൻ മധുരശബ്ദങ്ങളേ
നീതി ശാസ്ത്രങ്ങൾ തിരുത്തിക്കുറിക്കുവാൻ നീളെത്തുടിക്കും പ്രതിജ്ഞാങ്കുരളേ' എന്ന വയലാർ ഗാനത്തിലെ വരികൾ സുധാകരൻ ചൊല്ലുമ്പോൾ, അതിന് പിന്നാലെ വരുന്ന പരിഹാസത്തിന്റെ തോത് ആരും കണ്ടില്ല. പുന്നപ്രയിലെയും വയലാറിലെയും രക്തസാക്ഷി മണ്ഡപങ്ങൾക്ക് മുന്നിൽ മൂത്രമൊഴിക്കുന്നവർക്ക് ഇത് വല്ലതും അറിയാമോ എന്ന ചോദ്യം ഒരു ഒന്നൊന്നര ചോദ്യമായിപ്പോയി.
നിയമസഭയിൽ സരസമായി കാര്യങ്ങൾ അവതരിപ്പിക്കുന്നതിൽ മിടുക്കു കാട്ടാറുള്ള തിരുവഞ്ചൂർ രാധാകൃഷ്ണൻ, സ്പീക്കറായപ്പോൾ വല്ലാതെ ഉദാരമനസ്കനുമായി. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന്മേലുള്ള ചർച്ചയ്ക്കിടെ ബി.ജെ.പിയുടെ പുതുമുഖമായ ബി.ബി. ഗോപകുമാർ സംസാരിക്കാനെഴുന്നേറ്റപ്പോഴാണ് അദ്ദേഹത്തിന്റെ വലിയ മനസ് സഭയ്ക്ക് ബോദ്ധ്യമായത്.
ആർ.ജെ.ഡിയുടെ പി.കെ.പ്രവീണിന്റെ പേരു വിളിക്കേണ്ട സന്ദർഭത്തിൽ, ഗോപകുമാർ സംസാരിക്കാൻ തുടങ്ങിയപ്പോൾ പ്രതിപക്ഷം ബഹളംവച്ചു. ഇതിനെ എക്സെപ്ഷണൽ കേസെന്ന് വിശേഷിപ്പിച്ച തിരുവഞ്ചൂർ, തുടങ്ങിവച്ച പ്രസംഗം നിറുത്തിച്ചു എന്ന ആക്ഷേപം കേൾക്കാതിരിക്കാനാണെന്ന ഒരു ന്യായവും നിരത്തി. പക്ഷേ, ഈ ഉദാരമനസ്കത കീഴ്‌വഴക്കങ്ങളിൽ നിന്നുള്ള വ്യതിയാനമാണെന്നത് തന്റെ ശൈലിയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
അനീതിക്ക് മുന്നിലെ മൗനം അനീതിക്ക് കൂട്ടു നിൽക്കലാണെന്ന് താത്വിക ഭാവത്തിൽ പറഞ്ഞ പഴയ കൃഷി മന്ത്രി പി. പ്രസാദിന്, നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിൽ മാറ്റം വരുത്താനുള്ള നീക്കത്തിലാണ് സങ്കടം. വയലുകൾക്ക് വധശിക്ഷ വിധിക്കാനുള്ള നടപടിയാണ് ഇതെന്നാണ് പ്രസാദിന്റെ പക്ഷം.
11 ഘടകകക്ഷികളുമായി തിരഞ്ഞെടുപ്പ് നേരിട്ട എൽ.ഡി.എഫിലെ മൂന്ന് കക്ഷികളെ മാത്രമേ സഭയിൽ കാണാനുള്ളൂ എന്നതാണ് എം.വിൻസെന്റിന്റെ ദുഃഖം. കേരളാ കോൺഗ്രസിനെ സഭയിൽ കാണാത്തതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് കെ.എം. മാണിയുടെ ആത്മാവായിരിക്കുമെന്നും, കോഴ മാണിയെന്ന പഴയ പ്രയോഗം ഉയർത്തി അദ്ദേഹം വിശദമാക്കി. കപ്പൽ ഒന്നാകെ മുങ്ങി, കപ്പിത്താൻ മാത്രം രക്ഷപ്പെട്ട അവസ്ഥയിലാണ് പ്രതിപക്ഷമെന്നായിരുന്നു വിൻസെന്റിന്റെ പരിഹാസം.
ഇടതുപക്ഷത്തിന്റെ ശക്തമായ തിരിച്ചുവരവ് ഉറപ്പെന്ന് സ്ഥാപിക്കാൻ കെ.വി. സുമേഷ് ഓർമ്മിപ്പിച്ചത് ഒൻപത് അംഗങ്ങളുമായി കെ. കരുണാകരൻ നിയമസഭയിൽ ഇരുന്ന പഴയ കാലമാണ്. 102 സീറ്റ് കിട്ടിയിട്ടും യു.ഡി.എഫിലുണ്ടായ അനിശ്ചിതത്വവും ഉമ്മൻചാണ്ടിയുടെ ഫ്ളക്സ് നശിപ്പിച്ചതുമായ ചില ആനുകാലിക രാഷ്ട്രീയ സംഭവങ്ങൾ കൂടി സുമേഷ് ഭരണപക്ഷത്തെ ഓർമ്മിപ്പിച്ചു.
പാർലമെന്ററി രംഗത്ത് കന്നിക്കാരായ റോയ്.കെ. പൗലോസ്, ജ്യോതികുമാർചാമക്കാല, പി.കെ.ഫിറോസ്, മുഹമ്മദ് ഷിയാസ്, സേനാപതി വേണു, അപു ജോൺ ജോസഫ് എന്നിവരെല്ലാം സഭയിലെ അരങ്ങേറ്റം മോശമല്ലാത്ത വിധമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |