SignIn
Kerala Kaumudi Online
Friday, 31 July 2026 4.02 AM IST

ഇറാൻ യുദ്ധം: അമേരിക്കയുടെ തന്ത്രപരമായ പരാജയം

dd

അമേരിക്കയുടെ നേതൃത്വത്തിൽ ഇറാനെതിരെ 2026 ഫെബ്രുവരി 28നു ആരംഭിച്ച യുദ്ധം ആറാം മാസത്തിലേക്ക് കടക്കുകയാണ്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ സൈനിക വിജയം നേടി ഇറാനെ മുട്ടുകുത്തിക്കാമെന്നായിരുന്നു വാഷിംഗ്ടണിന്റെ കണക്കുകൂട്ടൽ. എന്നാൽ ഇന്ന് യുദ്ധത്തിന്റെ ഗതി പരിശോധിക്കുമ്പോൾ വ്യക്തമാകുന്നത് മറ്റൊന്നാണ്. യുദ്ധം അമേരിക്ക പ്രഖ്യാപിച്ച ലക്ഷ്യങ്ങൾ ഒന്നും കൈവരിച്ചിട്ടില്ലെന്നു മാത്രമല്ല, പശ്ചിമേഷ്യയിലെ സുരക്ഷാരാഷ്ട്രീയ സാഹചര്യങ്ങളെ കൂടുതൽ സങ്കീർണമാക്കുകയും അമേരിക്കയുടെ ആഗോള നേതൃത്വത്തെ ചോദ്യം ചെയ്യുന്ന അവസ്ഥ സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു.

അമേരിക്കൻ ആധിപത്യത്തിന്റെ പരിധികൾ ഈ യുദ്ധം തുറന്നുകാട്ടുകയും ലോകം ബഹുധ്രുവ ശക്തിവ്യവസ്ഥയിലേക്ക് നീങ്ങുകയാണെന്ന യാഥാർത്ഥ്യത്തെ കൂടുതൽ വ്യക്തമാക്കുകയും ചെയ്യുന്നു.


യുദ്ധ ലക്ഷ്യങ്ങൾ
യുദ്ധം ആരംഭിക്കുമ്പോൾ അമേരിക്ക പ്രഖ്യാപിച്ചതും പ്രഖ്യാപിക്കാതിരുന്നതുമായ നിരവധി ലക്ഷ്യങ്ങളുണ്ടായിരുന്നു. ഇറാന്റെ ആണവപദ്ധതി അവസാനിപ്പിക്കുക, മിസൈൽ ശേഷി നശിപ്പിക്കുക, ഇറാന്റെ പ്രാദേശിക സ്വാധീനം ഇല്ലാതാക്കുക, ഇസ്രായേലിന്റെ സുരക്ഷ ഉറപ്പാക്കുക എന്നിവയായിരുന്നു ഔദ്യോഗിക ലക്ഷ്യങ്ങൾ. എന്നാൽ അതോടൊപ്പം ഇറാനിൽ ഭരണമാറ്റം നടപ്പാക്കി അമേരിക്ക അനുകൂല സർക്കാർ സ്ഥാപിക്കുക, പശ്ചിമേഷ്യയിലെ രാഷ്ട്രീയത്തിൽ അമേരിക്കയുടെ മേൽക്കോയ്മ ഉറപ്പാക്കുക, എണ്ണവിഭവങ്ങളിലും ഊർജപാതകളിലും കൂടുതൽ നിയന്ത്രണം നേടുക, ചൈനയുടെയും റഷ്യയുടെയും സ്വാധീനം നിയന്ത്രിക്കുക തുടങ്ങിയ വിശാലമായ ഭൗമരാഷ്ട്രീയ ലക്ഷ്യങ്ങളും അമേരിക്കയ്ക്ക് ഉണ്ടായിരുന്നു.


മാറുന്ന ലക്ഷ്യങ്ങൾ


ആറുമാസം പിന്നിടുമ്പോൾ ഈ ലക്ഷ്യങ്ങളിൽ ഒന്നുപോലും പൂർണമായി കൈവരിക്കപ്പെട്ടിട്ടില്ല. ഇറാന്റെ ആണവപദ്ധതി അവസാനിച്ചിട്ടില്ല. മിസൈൽ ശേഷിയും നിലനിൽക്കുന്നു. ഭരണകൂടം തകർന്നിട്ടില്ല. അമേരിക്ക പ്രതീക്ഷിച്ചതുപോലെ ഭരണമാറ്റവും ഉണ്ടായില്ല. പശ്ചിമേഷ്യയിലെ ഇറാന്റെ സ്വാധീനവും കാര്യമായി കുറഞ്ഞിട്ടില്ല. യുദ്ധത്തിന്റെ തുടക്കത്തിൽ പ്രഖ്യാപിച്ച ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുപകരം, അമേരിക്ക ഇപ്പോൾ സ്വന്തം തന്ത്രപരമായ പിഴവുകളുടെ പ്രത്യാഘാതങ്ങൾ നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ്.


ഇന്ന് അമേരിക്കയുടെ മുൻഗണനകൾതന്നെ മാറിയിരിക്കുകയാണ്. ഇറാനെ പരാജയപ്പെടുത്തുകയോ ഭരണമാറ്റം നടപ്പാക്കുകയോ ചെയ്യുന്നതല്ല ഇപ്പോഴത്തെ പ്രധാന ലക്ഷ്യം. പകരം, ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക്എണ്ണ ഗതാഗതം സുരക്ഷിതമാക്കുക, ആഗോള സമ്പദ് വ്യവസ്ഥയെ യുദ്ധത്തിന്റെ ആഘാതത്തിൽ നിന്ന് സംരക്ഷിക്കുക, പശ്ചിമേഷ്യയിലെ സഖ്യരാജ്യങ്ങളെ കാക്കുക, യുദ്ധം കൂടുതൽ വ്യാപിക്കാതിരിക്കുക എന്നിവയാണ് അമേരിക്കയുടെ പ്രധാന പരിഗണനകൾ. അതായത് യുദ്ധം വിജയിപ്പിക്കുന്നതിൽ നിന്ന് യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ നിയന്ത്രിക്കുന്നതിലേക്കാണ് അമേരിക്കയുടെ തന്ത്രം മാറിയിരിക്കുന്നത്.


അമേരിക്കയുടെ പിഴവ്

അമേരിക്കയുടെ ഏറ്റവും വലിയ തന്ത്രപരമായ പിഴവ് ഇറാന്റെ ശേഷിയെയും മനോവീര്യത്തെയും വിലകുറച്ച് കണ്ടതാണ്. ചെറിയൊരു സൈനിക നീക്കത്തിലൂടെ ഇറാനെ കീഴടക്കാമെന്നാണ് വാഷിംഗ്ടൺ കരുതിയത്. എന്നാൽ യാഥാർത്ഥ്യം അതിന് വിരുദ്ധമായി. യുദ്ധം നീണ്ടുപോയതോടെ അമേരിക്ക തന്നെയാണ് പരിഹാരം തേടുന്ന പക്ഷമായി മാറിയത്. ഇറാനാകട്ടെ, യുദ്ധം അവസാനിപ്പിക്കാനുള്ള വ്യഗ്രത കാണിക്കുന്നില്ല. സമയം കടന്നുപോകുന്നത് അമേരിക്കയ്ക്ക് നഷ്ടവും ഇറാന് നേട്ടവുമായി മാറുകയാണ്.


അമേരിക്കൻ സൈനിക സംവിധാനത്തിന് നേരെയുള്ള സമ്മർദ്ദവും വർദ്ധിച്ചുവരികയാണ്. ഇറാന്റെ മിസൈൽ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ആവശ്യമായ ഇന്റർസെപ്റ്റർ മിസൈലുകളുടെ ലഭ്യത കുറയുന്നതായി റിപ്പോർട്ടുകളുണ്ട്. അതേസമയം, ചൈനയുടെയും റഷ്യയുടെയും രാഷ്ട്രീയവും സാങ്കേതികവുമായ പിന്തുണയും ഇറാന് ലഭിക്കുന്നതും അമേരിക്കയുടെ സമ്മർദ്ദനയത്തെ ദുർബലപ്പെടുത്തുന്നു. കടൽഗതാഗതവുമായി ബന്ധപ്പെട്ട ആക്രമണങ്ങളും മറ്റ് സംഭവവികാസങ്ങളും യുദ്ധത്തെ പശ്ചിമേഷ്യയുടെ അതിർത്തികൾക്കപ്പുറം വ്യാപിപ്പിച്ചിരിക്കുകയാണ്.


ഈ യുദ്ധത്തിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ രാജ്യം ചൈനയാണെന്ന വിലയിരുത്തലും ശക്തമാണ്. ഒരു വെടിയുണ്ടപോലും പൊട്ടിക്കാതെ അമേരിക്കയെ ദീർഘകാല സൈനിക സംഘർഷത്തിൽ കുടുക്കാനും അതിനിടെ സ്വന്തം സാമ്പത്തികനയതന്ത്ര സ്വാധീനം പശ്ചിമേഷ്യയിലും ലോകത്തും വ്യാപിപ്പിക്കുവാൻ ബീജിംഗിന് കഴിഞ്ഞിരിക്കുന്നു.
ഈ യുദ്ധം അമേരിക്കയ്ക്ക് വലിയ തന്ത്രപരമായ നഷ്ടങ്ങളാണ് സമ്മാനിച്ചിരിക്കുന്നത്.

പശ്ചിമേഷ്യയിലെ സുരക്ഷയുടെ പ്രധാന ഉറപ്പുകാരൻ എന്ന അമേരിക്കയുടെ പ്രതിച്ഛായ ദുർബലമായിരിക്കുന്നു. അമേരിക്കയുടെ സഖ്യരാജ്യങ്ങൾ പോലും അമേരിക്കയ്ക്ക് അവരുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയുമോ എന്ന ചോദ്യം ഉണ്ടായിരുന്നു. ദീർഘകാല യുദ്ധം അമേരിക്കയുടെ സാമ്പത്തികസൈനിക വിഭവങ്ങളിൽ വലിയ സമ്മർദ്ദം സൃഷ്ടിക്കുകയും ചൈനയുമായുള്ള ആഗോള മത്സരത്തിൽ നിന്ന് അമേരിക്കയുടെ ശ്രദ്ധ തിരിക്കുകയും ചെയ്തിരിക്കുന്നു. എണ്ണവിലയിലെ അനിശ്ചിതത്വവും കടൽവ്യാപാരത്തിലെ തടസങ്ങളും ലോക സമ്പദ്‌‌വ്യ‌വസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു.


ഇറാനു നേട്ടം


ഇറാൻ സാമ്പത്തികമായും സൈനികമായും വലിയ നാശനഷ്ടങ്ങൾ നേരിട്ടിട്ടുണ്ടെങ്കിലും തന്ത്രപരമായി കൂടുതൽ ശക്തമായ രാജ്യമായി ഉയർന്നുവരികയാണ്. അമേരിക്കയെയും ഇസ്രയേലിനെയും അവരുടെ പ്രാദേശിക സഖ്യങ്ങളെയും ഒരേസമയം വെല്ലുവിളിക്കാൻ കഴിയുന്ന ശക്തിയെന്ന പ്രതിച്ഛായ ഇറാന് ലഭിച്ചിട്ടുണ്ട്. പരമ്പരാഗത സൈനികശേഷിയിൽ വലിയ അസന്തുലിതാവസ്ഥ ഉണ്ടായിട്ടും അസമമായ യുദ്ധരീതികളിലൂടെയും മിസൈൽ പ്രതിരോധശേഷിയിലൂടെയും പ്രാദേശിക സഖ്യങ്ങളിലൂടെയും വലിയ ശക്തികളെ നേരിടാമെന്ന് ഇറാൻ തെളിയിച്ചിരിക്കുകയാണ്.


ഹൂതികളുടെ സജീവ ഇടപെടലും യുദ്ധത്തെ കൂടുതൽ സങ്കീർണമാക്കിയിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് തന്ത്രപരമായ സമ്മർദ്ദായുധമാക്കി മാറ്റാൻ ഇറാന് കഴിഞ്ഞിരിക്കുന്നു. അമേരിക്കയുടെ സൈനിക താവളങ്ങൾ പോലും സുരക്ഷ ഉറപ്പാക്കുന്നതിനേക്കാൾ സഖ്യരാജ്യങ്ങൾക്ക് ബാധ്യതയായി മാറുന്നുവെന്ന ആശങ്ക ഉയർന്നുവരുന്നു.


ഈ യുദ്ധത്തിന്റെ ഏറ്റവും വലിയ പാഠം സൈനിക മേൽക്കോയ്മ മാത്രം രാഷ്ട്രീയ വിജയം ഉറപ്പാക്കില്ല എന്നതാണ്. അത്യാധുനിക ആയുധങ്ങളും വമ്പിച്ച സൈനികശേഷിയും ഉണ്ടായിട്ടും രാഷ്ട്രീയ ലക്ഷ്യങ്ങൾ കൈവരിക്കാൻ അമേരിക്കയ്ക്ക് കഴിഞ്ഞിട്ടില്ല. അതേസമയം, റഷ്യയും ചൈനയും നേരിട്ട് യുദ്ധത്തിൽ ഇടപെടാതെ തന്നെ ഭൗമരാഷ്ട്രീയ നേട്ടങ്ങൾ കൈവരിക്കുകയാണ്. ലോകക്രമം ക്രമേണ ഏകധ്രുവ വ്യവസ്ഥയിൽ നിന്ന് ബഹുധ്രുവ ശക്തിസന്തുലിതാവസ്ഥയിലേക്ക് നീങ്ങുന്നതിന്റെ മറ്റൊരു തെളിവാണ് ഈ യുദ്ധം.


ഇറാൻ യുദ്ധം അമേരിക്കയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ തന്ത്രപരമായ പരാജയങ്ങളിലൊന്നായി വിലയിരുത്തപ്പെടാൻ സാദ്ധ്യതയുണ്ട്. ഇറാനെ ദുർബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച യുദ്ധം, ഒടുവിൽ അമേരിക്കയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്കാണ് എത്തിച്ചിരിക്കുന്നത്. ഇറാന്റെ ആണവപദ്ധതി അവസാനിപ്പിക്കാനോ മിസൈൽ ശേഷി ഇല്ലാതാക്കാനോ ഭരണമാറ്റം നടപ്പാക്കാനോ അമേരിക്കയ്ക്ക് കഴിഞ്ഞില്ല. പകരം, യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ നിയന്ത്രിക്കാനുള്ള പ്രതിരോധ നിലപാടിലേക്കാണ് അമേരിക്ക നീങ്ങിയത്.


ചരിത്രം വീണ്ടും തെളിയിക്കുന്നത് സൈനികശക്തി മാത്രം ഒരു മഹാശക്തിയുടെ വിജയത്തിന് മതിയാകില്ല എന്നതാണ്. രാഷ്ട്രീയ യാഥാർത്ഥ്യങ്ങളെ തെറ്റായി വായിക്കുകയും എതിരാളിയുടെ പ്രതിരോധശേഷിയെ വിലകുറച്ച് കാണുകയും ചെയ്താൽ അത്യന്തം ശക്തരായ രാജ്യങ്ങൾക്കുപോലും തന്ത്രപരമായ പരാജയം സംഭവിക്കാം. ഇറാൻ യുദ്ധം അമേരിക്കയുടെ അത്തരം ഒരു പരാജയത്തിന്റെ സമകാലിക ഉദാഹരണമാണ്.

കേരള യൂണിവേഴ്സിറ്രി യു.ജി.സി, എം.എം.ടി.ടി.സി ഡയറക്ടറും പൊളിറ്റിക്സ് പ്രൊഫസറുമാണ് ലേഖകൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY