SignIn
Kerala Kaumudi Online
Thursday, 25 June 2026 4.03 AM IST

ആരോഗ്യ കേരളത്തിൽ രോഗം പടരാതെ കാക്കാം

ss

ഓരോ മഴക്കാലവും മലയാളിക്ക് സമ്മാനിക്കുന്നത് മാരകമായ രോഗങ്ങളായതിനാൽ കേരളത്തിൽ ആരോഗ്യത്തിന്റെ കാര്യത്തിൽ ആശങ്കകളും വർദ്ധിക്കുന്നു. ഡെങ്കിപ്പനിക്കും എലിപ്പനിക്കും പുറമെ നിപയും ഷിഗല്ലയും പോലെയുള്ള മാരക രോഗങ്ങൾ നമ്മെ നിരന്തരം ഭീതിയിലാഴ്ത്തുകയാണ്. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ഷിഗല്ല കേസുകൾ വർദ്ധിക്കുന്നത് എന്നതും ആശങ്കാജനകമാണ്. ആശുപത്രികളിലെ ഐ.സി.യു വാർഡുകൾ നിറയുമ്പോഴും, മരണക്കണക്കുകൾ ഉയരുമ്പോഴും നാം ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു എവിടെയാണ് നമുക്ക് പിഴച്ചത്?

അടുത്ത കാലത്തെ കണക്കുകൾ പരിശോധിച്ചാൽ കേരളത്തിലെ അവസ്ഥ എത്രത്തോളം ഗുരുതരമാണെന്ന് മനസ്സിലാക്കാം. പ്രതിവർഷം ലക്ഷക്കണക്കിന് ആളുകളാണ് പനി ബാധിച്ച് ആശുപത്രികളിൽ എത്തുന്നത്. ഡെങ്കിപ്പനി ബാധിതരുടെ എണ്ണം പതിനായിരങ്ങൾ കടക്കുമ്പോൾ, മരണസംഖ്യയും ആശങ്കാജനകമായി ഉയരുകയാണ്. നിപ ബാധ ഉണ്ടാകുമ്പോഴെല്ലാം മരണനിരക്ക് 70%ത്തിന് മുകളിലാകുന്നത് വലിയ ഭീതിയാണ് സൃഷ്ടിക്കുന്നത്. കുട്ടികളിൽ പടർന്നുപിടിക്കുന്ന ഷിഗല്ലയും, ശുചീകരണ തൊഴിലാളികളെയും കർഷകരെയും ബാധിക്കുന്ന എലിപ്പനിയും ഉയർത്തുന്ന മരണനിരക്ക് പ്രതിരോധ പ്രവർത്തനങ്ങളുടെ പോരായ്മകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.

പ്ലാസ്റ്റിക് മാലിന്യങ്ങളും ജൈവമാലിന്യങ്ങളും പൊതുസ്ഥലങ്ങളിൽ കുന്നുകൂടുന്നു. കെട്ടിക്കിടക്കുന്ന ഈ വെള്ളവും മാലിന്യങ്ങളുമാണ് കൊതുകുകളുടെയും എലികളുടെയും പ്രജനന കേന്ദ്രം. കൃത്യമായ ആസൂത്രണമില്ലാത്ത നഗരവത്കരണം മൂലം വെള്ളം ഒഴുക്കിപ്പോകാനുള്ള ഓടകൾ അടയുകയും കൃത്രിമ വെള്ളപ്പൊക്കമുണ്ടാകുകയും ചെയ്യുന്നു. ഇത് ഷിഗല്ല പോലുള്ള ബാക്ടീരിയൽ രോഗങ്ങൾ പടരാൻ കാരണമാകുന്നു. ശുചിത്വമില്ലാത്ത ഭക്ഷണത്തിലൂടെയും മലിനമായ വെള്ളത്തിലൂടെയുമാണ് ഷിഗല്ല ബാധിക്കുന്നത്.


 രോഗത്തിലേക്ക് നയിക്കുന്ന ഘടകങ്ങൾ

ശാസ്ത്രീയമായ മാലിന്യസംസ്‌കരണത്തിന്റെ അഭാവമാണ് പകർച്ചവ്യാധികൾ വർധിക്കുന്നതിന്റെയും മരണങ്ങൾ സംഭവിക്കുന്നതിന്റെയും പ്രധാന വില്ലൻ. ആരോഗ്യകാര്യങ്ങളിൽ മലയാളിക്ക് അമിതമായ ആത്മവിശ്വാസമുണ്ട്. ചെറിയൊരു പനി വരുമ്പോൾ ഡോക്ടറെ കാണുന്നതിന് പകരം മെഡിക്കൽ സ്റ്റോറിൽ നിന്ന് സ്വയം ഗുളിക വാങ്ങി കഴിക്കുന്ന ശീലം പലരിലുമുണ്ട്. ഇത് രോഗനിർണയം വൈകിക്കാനും എലിപ്പനി, ഡെങ്കിപ്പനി എന്നിവ മൂലമുള്ള മരണങ്ങൾ വർധിക്കാനും ഇടയാക്കുന്നു.

 'എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം'
മാരകമായ പകർച്ച വ്യാധികളിൽ നിന്ന് നമ്മുടെ നാടിനെ രക്ഷിക്കാൻ യുദ്ധകാലാടിസ്ഥാനത്തിലുള്ള ഇടപെടലുകൾ ആവശ്യമാണ്.'എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം' എന്ന ബോധം ഓരോ പൗരനിലും ഉണ്ടാകണം. ആഴ്ചയിലൊരിക്കൽ വീടുകളിലും സ്ഥാപനങ്ങളിലും 'ഡ്രൈ ഡേ' ആചരിച്ച് കൊതുകിന്റെ ഉറവിടങ്ങൾ നശിപ്പിക്കണം. ഷിഗല്ല പോലുള്ള രോഗങ്ങളെ തടയാൻ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കണം. ഹോട്ടലുകളിലും തട്ടുകടകളിലും കർശനമായ ഫുഡ് സേഫ്ടി ഓഡിറ്റിംഗ് നടത്തണം.പക്ഷികളും ജീവികളും ഭക്ഷിച്ചതും കേടായതുമായ പഴങ്ങളും മറ്റും കഴിക്കാതിരിക്കുക എന്നിങ്ങനെയാണ് നമുക്കെടുക്കാൻ പറ്റിയ മുൻകരുതലുകൾ.മാത്രമല്ല ആരോഗ്യവകുപ്പ് 'വൺ ഹെൽത്ത്' സമീപനത്തിലൂടെ മൃഗങ്ങളിലെ രോഗബാധയും മനുഷ്യരിലെ രോഗബാധയും ഒരേപോലെ നിരീക്ഷിക്കണം.

 മികച്ച ആശുപത്രികളും മിടുക്കരായ ഡോക്ടർമാരും നമുക്കുണ്ടെന്നത് ശരിയാണ്, എന്നാൽ രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് അത് വരാതെ നോക്കുന്നതാണ്. നിയമങ്ങളും ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പുകളും പാലിക്കാൻ പൊതുജനങ്ങൾ തയാറാകണം. വ്യക്തിശുചിത്വവും പരിസരശുചിത്വവും നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാകുമ്പോൾ മാത്രമേ പകർച്ചവ്യാധികളില്ലാത്ത, മരണഭയമില്ലാത്ത ഒരു പുതിയ കേരളം നമുക്ക് കെട്ടിപ്പടുക്കാൻ സാധിക്കൂ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY