SignIn
Kerala Kaumudi Online
Thursday, 25 June 2026 4.03 AM IST

മുല്ലപ്പെരിയാറിൽ വിട്ടുവീഴ്ചയില്ല

mullapperiyar

130 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ട് സംബന്ധിച്ച വിഷയം ഒരിടവേളയ്ക്ക് ശേഷം വീണ്ടും സജീവമാകുകയാണ്. തമിഴ്നാട്ടിലെ വിജയ്സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിലെ പരാമർശവും ഡാം സുരക്ഷാ പരിശോധന സമിതിയിൽ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ ഒഴിവാക്കിയതുമാണ് വിഷയം വീണ്ടും ചർച്ചയായത്. മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയാൻ അനുവദിക്കില്ലെന്നും 2014ലെ സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് ജലനിരപ്പ് 142 മുതൽ 152 വരെയാക്കുമെന്നും അറ്റകുറ്റപ്പണി നടത്തി ഡാമിനെ ബലപ്പെടുത്തുമെന്നുമാണഅ ടി.വി.കെ സർക്കാരിന്റെ പ്രഖ്യാപനം. മുല്ലപ്പെരിയാർ വിഷയം പുതിയ തമിഴ്നാട് സർക്കാരുമായി ചർച്ച ചെയ്ത് തീരുമാനത്തിലെത്തുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചതിന്റെ പിറ്റേന്നാണ് തമിഴ്നാടിന്റെ നിലപാട്. മുൻ സർക്കാരുകളുടെ അതേ കടുംപിടുത്തം തുടരുന്ന ടി.വി.കെ സർക്കാർ, 2014ലെ സുപ്രീംകോടതി ഉത്തരവ് ഉയർത്തിക്കാട്ടി ജലനിരപ്പ് 152 അടിയായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. തമിഴ്നാട്ടിലെ തെക്കൻ ജില്ലകളുടെ ജീവനാഡിയാണ് മുല്ലപ്പെരിയാർ ഡാമിലെ ജലം. മുല്ലപ്പെരിയാറിൽ നിന്നുള്ള ജലമുപയോഗിച്ച് കൃഷി ചെയ്യുന്ന മധുര,രാമനാഥപുരം,തേനി,ദിണ്ഡുക്കൽ,ശിവഗംഗ തുടങ്ങിയ തെക്കൻ ജില്ലകളിലെ 29 നിയമസഭാ മണ്ഡലങ്ങളിൽ 16 ഇടത്തും വൻ വിജയം നേടിയത് ഭരണകക്ഷിയായ ടി.വി.കെയാണ്. അതുകൊണ്ടുതന്നെ അവിടുത്തെ പ്രാദേശിക വികാരത്തെയും വോട്ട് ബാങ്കിനെയും തൃപ്തിപ്പെടുത്താനാണ് വിജയ് സർക്കാർ ശ്രമിക്കുന്നത്.

നിഷ്‌പക്ഷമല്ല കാര്യങ്ങൾ

2022ലെ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിനെ തുടർന്ന് മുല്ലപ്പെരിയാർ വിഷയം നിലവിൽ കേന്ദ്ര സർക്കാരിന് കീഴിലുള്ള നാഷണൽ ഡാം സേഫ്റ്റി അതോറിട്ടിയുടെ (എൻ.ഡി.എസ്.എ) പരിധിയിലാണ്. മേൽനോട്ട സമിതിയുടെ അധികാരങ്ങൾ എൻ.ഡി.എസ്.എയിലും. മുൻ ചെയർമാൻ അനിൽ ജെയിന്റെ നേതൃത്വത്തിൽ ഡാമിൽ ആദ്യഘട്ട സന്ദർശനം പൂർത്തിയാക്കിയതാണ്. അണക്കെട്ടിന്റെ ബലക്ഷയം പരിശോധിക്കാൻ റോബോട്ടിക് പരിശോധനയും പൂർത്തിയാക്കി. എന്നാൽ ഇതിന്റെ റിപ്പോർട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല. ഇനി അടുത്ത ഘട്ടം നിഷ്പക്ഷ വിദഗ്ദ്ധ സമിതിയുടെ പഠന സന്ദർശനമാണ്. പുതിയ ചെയർമാനായി റീഡിംഗ് ഷിമറി ചുമതലയേറ്റതും ഇരുസംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പുകൾ ഒരേസമയം നടന്നതുമാണ് സന്ദർശനം വൈകാൻ കാരണം. ഇതിനിടെയാണ് ദേശീയ ഡാം സുരക്ഷാ പരിശോധന സമിതിയിൽ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ ഏകപക്ഷീയമായി ഒഴിവാക്കിയത്. സുപ്രീംകോടതി നിർദ്ദേശപ്രകാരം രൂപീകൃതമായ നിഷ്പക്ഷ വിദഗ്ദ്ധരടങ്ങിയ കമ്മിറ്റിയിൽ കേരളത്തിന്റെ പ്രതിനിധിയായി സംസ്ഥാന സർക്കാർ നിർദ്ദേശിച്ച ടി.കെ. ശിവരാജനെയാണ് ഏകപക്ഷീയമായി നീക്കിയത്.

 മുന്നറിയിപ്പില്ലാതെ 'നീക്കം'

കേരളത്തിന്റെ പ്രതിനിധിയായി മൂന്ന് പേരുകളായിരുന്നു സംസ്ഥാന സർക്കാർ നിർദ്ദേശിച്ചിരുന്നത്. അതിൽ നിന്ന് കേന്ദ്ര ജല കമ്മിഷൻ മുൻ ചീഫ് എൻജിനിയർ കൂടിയായ ശിവരാജന്റെ പേര് കമ്മിറ്റിയിൽ ഉൾക്കൊള്ളിച്ചത് എൻ.ഡി.എസ്.എ തന്നെയാണ്. പിന്നീട് യാതൊരു മുന്നറിയിപ്പ് പോലും നൽകാതെ അദ്ദേഹത്തെ തത്‌സ്ഥാനത്തുനിന്ന് മാറ്റി. തമിഴ്നാട് സർക്കാർ നിർദ്ദേശിച്ച പ്രതിനിധി മാറ്റമില്ലാതെ തുടരുകയുമാണ്. കേരളത്തിന്റെ പ്രതിനിധിയെ എന്തുകൊണ്ടാണ് മാറ്റുന്നതെന്ന് സംസ്ഥാന സർക്കാറിനെ അറിയിക്കാൻ എൻ.ഡി.എസ്.എയ്ക്ക് ബാദ്ധ്യതയുണ്ട്. മാറ്റിയാൽ പുതിയ ഒരാളെ നിർദ്ദേശിക്കണ്ടതും കേരള സർക്കാരായിരുന്നു. ഇക്കാര്യത്തിൽ ആ അവസരം പോലും നൽകാതെ എൻ.‌ഡി.എസ്.എ തന്നെ പകരം ആളെ നിർദേശിച്ചിരിക്കുന്നു. തികച്ചും നീതിരഹിതമായ പ്രവർത്തിയിലൂടെ കേരളത്തിന്റെ ഭാഗം പറയാനുള്ള അവസരം ഇല്ലാതായി. ഇത് ഏകപക്ഷീയമായി തമിഴ്നാടിനെ സഹായിക്കുന്ന നടപടിയായിട്ട് മാത്രമേ കാണാനാകു.

 നിലവിൽ ദേശീയ ഡാം സുരക്ഷാ അതോറിട്ടിയും കേന്ദ്ര ജലകമ്മിഷനുമാണ് ഡാമുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങൾ കൈക്കൊള്ളുന്നത്.

പതിറ്റാണ്ടുകളായുള്ള തർക്കം

കേരളവും തമിഴ്നാടും തമ്മിൽ നിലനിൽക്കുന്ന മുല്ലപ്പെരിയാർ അണക്കെട്ട് തർക്കത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് 1887നും 1895നും ഇടയിൽ നിർമ്മിക്കപ്പെട്ട ഈ അണക്കെട്ട് 1895ലാണ് ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കുന്നത്. കേവലം 50 വർഷത്തെ ആയുസ് പ്രവചിച്ച ഈ അണക്കെട്ട് ഇന്ന് 130ലധികം വർഷങ്ങൾ പിന്നിട്ട് നിൽക്കുകയാണ്. കാലപ്പഴക്കം കൊണ്ടുള്ള സുരക്ഷാ ആശങ്കകളെത്തുടർന്ന് 1979ൽ കേന്ദ്ര ജലകമ്മിഷൻ അദ്ധ്യക്ഷനായിരുന്ന കെ.സി. തോമസിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് ഡാമിന്റെ ജലനിരപ്പ് 152 അടിയിൽ നിന്ന് 136 അടിയായി പരിമിതപ്പെടുത്തിയത്. ഇതിനെതിരെ തമിഴ്നാട് സുപ്രീംകോടതിയെ സമീപിച്ചതിനെ തുടർന്ന് 142 അടി വരെ ജലനിരപ്പ് ഉയർത്താമെന്ന് കോടതി ഉത്തരവിട്ടു. കോടതി ഉത്തരവിന് പിന്നാലെ, 2006ൽ കേരള സർക്കാർ 'കേരള ഇറിഗേഷൻ ആൻഡ് വാട്ടർ കൺസർവേഷൻ ആക്ട് " ഭേദഗതി ചെയ്തുകൊണ്ട് മുല്ലപ്പെരിയാറിനെ സുരക്ഷാഭീഷണി നേരിടുന്ന അണക്കെട്ടായി പ്രഖ്യാപിക്കുകയും ജലനിരപ്പ് വീണ്ടും 136 അടിയായി പരിമിതപ്പെടുത്തുകയും ചെയ്തു. തൊട്ടടുത്ത വർഷം തന്നെ ലക്ഷക്കണക്കിന് ജനങ്ങളുടെ സുരക്ഷ മുൻനിറുത്തി പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള നടപടികൾക്ക് കേരള സർക്കാർ തുടക്കം കുറിച്ചെങ്കിലും തമിഴ്നാട് ഇതിനെതിരെ വീണ്ടും നിയമപോരാട്ടം ആരംഭിച്ചു. തുടർന്ന് ഡാം സുരക്ഷയെക്കുറിച്ച് പഠിക്കാൻ 2010ൽ സുപ്രീംകോടതി നിയോഗിച്ച സമിതി 2012ൽ അണക്കെട്ട് സുരക്ഷിതമാണെന്ന റിപ്പോർട്ടാണ് സമർപ്പിച്ചത്. ഈ റിപ്പോർട്ട് കേരളത്തിന് കനത്ത തിരിച്ചടിയായി. പുതിയ ഡാം എന്ന ആവശ്യവുമായി കേരളം കേന്ദ്ര ഇടപെടൽ തേടി. എന്നാൽ 2014ൽ കേസിൽ വീണ്ടും വിധി പ്രസ്താവിച്ച സുപ്രീംകോടതി, കേരളം പാസാക്കിയ 2006ലെ നിയമഭേദഗതി പൂർണമായും റദ്ദാക്കി. തമിഴ്നാടിന് ഡാം ബലപ്പെടുത്തി ജലനിരപ്പ് 142 അടിയായി ഉയർത്താമെന്നും, കൂടുതൽ സുരക്ഷ ഉറപ്പാക്കിയാൽ അത് 152 അടി വരെയാക്കാമെന്നും കോടതി ഉത്തരവിട്ടു. ഒപ്പം സുരക്ഷ പരിശോധിക്കാൻ ഒരു പുതിയ മേൽനോട്ട സമിതിയെയും കോടതി ചുമതലപ്പെടുത്തി. 2021ൽ ജലനിരപ്പ് വീണ്ടും 136 അടിയാക്കണമെന്ന് കേരളം കോടതിയോട് ആവശ്യപ്പെട്ടെങ്കിലും തമിഴ്നാട് തങ്ങളുടെ കടുംപിടുത്തം തുടർന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY