SignIn
Kerala Kaumudi Online
Sunday, 16 August 2026 3.42 AM IST

മുത്തങ്ങ: ഈ രക്തത്തിൽ പങ്ക് ആർക്കൊക്കെ?

dd

സ്വതന്ത്രഭാരതത്തിൽ മണ്ണിന്റെ മക്കളായ ആദിമ നിവാസികൾ ഭരണഘടനയ്ക്ക് മുൻപും പിൻപും രോദനത്തിന്റെ നീർചുഴിയിലാണെന്നത് ചരിത്രസത്യം.

1998 ഒക്ടോബർ 15 ന് ആദിവാസിഭൂമി അന്യാധീനപ്പെടാതിരിക്കാനും അന്യാധീനപ്പെട്ടത് തിരിച്ചെടുത്ത് കൊടുത്ത് ആദിവാസികളെ പുനരധിവസിപ്പിക്കാനും അന്നത്തെ സർക്കാർ വിളിച്ചുകൂട്ടിയ ആദിവാസി സംഘടന ചർച്ചായോഗത്തിൽ 1975ലെ 31-ാം നമ്പർ ആദിവാസി ഭൂനിയമം യാതൊരു മാറ്റവുമില്ലാതെ നടപ്പാക്കണമെന്ന് ഏകസ്വരത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ വെളിച്ചത്തിൽ സംഘടനയുടെ നിലപാടുകൾ വിശദമായി തയ്യാറാക്കി രേഖാമൂലം സർക്കാരിനെ അറിയിച്ചു.

ആദിവാസിഭൂമി അന്യാധീനപ്പെടാതിരിക്കാനും അന്യാധീനപ്പെട്ടത് തിരിച്ചെടുത്ത് ആദിവാസികളെ പുനരധിവസിപ്പിക്കാനും 1975-ൽ കേന്ദ്രനിർദ്ദേശപ്രകാരം നിയമസഭ ഏകകണ്ഠമായി പാസാക്കിയതാണ് 1975-ലെ 31-ാം നമ്പർ ആദിവാസി ഭൂനിയമം. പിൽക്കാലത്ത് നിയമത്തിൽ എന്തെങ്കിലും ഭേദഗതിയുണ്ടെങ്കിൽ കാതലായ വകുപ്പുകൾ മാറ്റരുതെന്ന അടിക്കുറിപ്പോടുകൂടിയാണ് ഭരണഘടനയുടെ 9-ാം പട്ടികയിൽ 150-ാം നമ്പരായി ഉൾപ്പെടുത്തിയിരുന്നത്.

1975-ലെ 31-ാം നമ്പർ ആദിവാസി ഭൂനിയമം നിയമസഭ ഏകകണ്ഡമായി പാസാക്കി. ഭരണഘടനയിൽ ഉൾപ്പെടുത്തിയ നിയമം 1975-ൽ പാസാക്കിയപ്പോൾ പ്രതിപക്ഷ നേതാവ് ഉൾപ്പെടെ പാർട്ടിനേതാക്കന്മാർ നടത്തിയ അനുമോദന പ്രസംഗങ്ങളും, ഏതു കൊലകൊമ്പന്മാരുടെ കൈകളിലായാലും ആദിവാസിഭൂമി പിടിച്ചെടുത്ത് നൽകുകതന്നെ ചെയ്യും എന്നുള്ള അന്നത്തെ റവന്യൂമന്ത്രിയുടെ പ്രഖ്യാപനവും നിയമസഭാരേഖകളിൽ തങ്കലിപികളാൽ രേഖപ്പെടുത്തിയിട്ടുണ്ട്. നിയമം നടപ്പാക്കാനുള്ള വിധങ്ങളും വ്യവസ്ഥകളും ഉൾപ്പെടുത്തി സർക്കാർ ഉത്തരവിട്ടിരുന്നു.

പിൽക്കാലത്ത് നിയമത്തിനെ അട്ടിമറിക്കാൻ സംഘടനാശക്തികൾക്ക് കരുക്കളും കുതന്ത്രങ്ങളും തയ്യാറാക്കാനാണ് ഇതു നടപ്പാക്കാൻ ചട്ടങ്ങൾ തയ്യാറാക്കി അംഗീകരിക്കാൻ 11 വർഷം മനഃപൂർവം താമസിപ്പിച്ചതും. 1960നും 1986 നും മദ്ധ്യേയാണ് ആദിവാസിഭൂമി കൂടുതലും അന്യാധീനപ്പെട്ടത്. സാധുക്കളായ ആദിവാസികളെ സംഘടിത ശക്തികൾ ലഹരിയും മറ്റും കൊടുത്ത് പാട്ടത്തിന്ഭൂമി വാങ്ങി. അവരെ സ്വാധീനിച്ച് വസ്തുക്കൾ, ആദായങ്ങൾ, വീടോടുകൂടിയുള്ള വസ്തു മുതലായവയുടെ വാക്കാൽ ജാമ്യത്തിൽ പലിശയ്ക്ക് പണം കടം കൊടുത്തു. ഒന്നും രണ്ടും വർഷം കഴിയുമ്പോൾ ആദിവാസികളുടെ വസ്തു, വധഭീഷണി മുഴക്കിയും മറ്റും സംഘടിതശക്തികൾ സ്വന്തമാക്കുകയായിരുന്നു.

ഇതെല്ലാം കേന്ദ്രസർക്കാരിന് അറിയാമായിരുന്നു. അതുകൊണ്ടാണ് ആദിവാസിഭൂമി സംരക്ഷിക്കാനും അന്യാധീനപ്പെട്ടതു തിരിച്ചെടുത്തുകൊടുക്കാനും നിയമം കൊണ്ടുവരുന്നതിന് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചത്. 1975-ലെ 31-ാം നമ്പർ ആദിവാസി ഭൂനിയമം നടപ്പാക്കാൻ ചട്ടങ്ങളും രീതികളും ഉൾക്കൊള്ളിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതിന്റെ വെളിച്ചത്തിൽ ആദിവാസികൾ സമർപ്പിച്ചിരുന്ന ഓരോ അപേക്ഷയും റെക്കാഡ് ചെയ്ത് കേസാക്കി ആർ.ഡി.ഒയുടെ സാന്നിദ്ധ്യത്തിൽ ഭൂമി കൈവശക്കാർക്കും ആദിവാസികൾക്കും നോട്ടീസുകൾ നൽകി വിളിച്ചുവരുത്തി വിചാരണകളും ഹിയറിംഗുകളും നടത്തി വസ്തുക്കൾ ഒഴിപ്പിക്കുന്നതിന് വിധികൾ നൽകിയതിനെതിരെ ഭൂമി കൈവശക്കാരായ സംഘടിത ശക്തികൾ ജില്ലാ കളക്ടർക്ക് അപ്പീലുകൾ നൽകി. കളക്ടർ അപ്പീലുകളിൽ വിചാരണകൾ, ഹിയറിംഗ് മുതലായ നടപടികളിലൂടെ വസ്തു ഒഴിപ്പിക്കുന്നതിന് ഫൈനൽ വിധികൾ നൽകി. കളക്ടറുടെ വിധികളുടെ വെളിച്ചത്തിലാണ് വസ്‌തുക്കൾ ഒഴിപ്പിക്കാൻ നടപടി ആരംഭിച്ചതും.

 കണ്ണീരോടെ ആദിവാസികൾ

ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി ഒഴിപ്പിച്ചുകൊടുക്കാനുള്ള കേരള ഹൈക്കോടതിയുടെ വിധിയെ മരവിപ്പിക്കുന്നതിന് ഭരണഘടനയിൽ ഉൾപ്പെടുത്തിയിരുന്ന 1975-ലെ 31-ാം നമ്പർ ആക്ടിനു പകരം റവന്യൂമന്ത്രി പുതിയ ആദിവാസി ഭൂനിയമം 1996-ലും 1999-ലും രണ്ടും ഭേദഗതി ബില്ലുകൾ നിയമസഭയിൽ അവതരിപ്പിച്ചു. രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയച്ചുകൊടുത്തു. ആ നിയമം ഭരണഘടനാവിരുദ്ധവും 1975-ലെ 31-ാം നമ്പർ ആക്ടിൽ അടിക്കുറിപ്പായി രേഖപ്പെടുത്തിയിരിക്കുന്ന വ്യവസ്ഥകൾക്ക് വിരുദ്ധവും ആദിവാസികളെ ഒന്നടങ്കം ദോഷപ്പെടുത്തുകയും ചെയ്തതിന്റെ പേരിലാണ് 2001-ൽ കുടിൽകെട്ടി സമരം ആരംഭിച്ചത്.

ആദിവാസികൾക്ക് കരാർ വ്യവസ്ഥകളുടെ 1 ഏക്കർ മുതൽ 5 ഏക്കർ വരെയുള്ള വാഗ്ദാനങ്ങളും മാസ്റ്റർപ്ളാനും കൊണ്ടുവന്നു. അതൊന്നും നടപ്പിലാക്കാതെ വന്നപ്പോഴായിരുന്നു 2003-ലെ മുത്തങ്ങ സമരം. നിയമങ്ങളും ചട്ടങ്ങളും നടപ്പാക്കാൻ ആരുടെ വീഴ്ചയാണ് ഉണ്ടായത്. ഇതിന്റെയൊക്കെ പരിണിതഫലമാണ്

2026 ജൂലായ് 31ന് കോടതിവിധിയുടെ ദുഃഖത്തിൽ പാവപ്പെട്ട ജനതയുടെ തീരാക്കണ്ണീരായത്.

(സംസ്ഥാന ആദിവാസി ഏകോപനസമിതി ചെയർമാനാണ് ലേഖകൻ )

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION