SignIn
Kerala Kaumudi Online
Sunday, 16 August 2026 3.41 AM IST

കഠിനം തിരുനെല്ലിയിലെ പിതൃതർപ്പണവും ഗുണ്ടൽപ്പേട്ടിലെ പൂപ്പാട യാത്രയും

ss

തെക്കൻകാശി എന്നറിയപ്പെടുന്ന വയനാട്ടിലെ തിരുനെല്ലി പാപനാശിനിയിലെ ബലിതർപ്പണവും കേരള കർണ്ണാടക അതിർത്തിയിലെ ഗുണ്ടൽപ്പേട്ട് ചെണ്ട് മല്ലിയടക്കമുള്ള പൂപ്പാടത്തേക്കുള്ള യാത്രയും അതികഠിനം. തിരുനെല്ലി പാപനാശിനിയിൽ ബലിതർപ്പണം നടത്തിയാൽ ഗയാശ്രാദ്ധം ഊട്ടിയ ഫലം ലഭിക്കുമെന്നാണ് വിശ്വാസം. കേരളത്തിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നുമൊക്കെയായി വിശ്വാസികൾ അത് കൊണ്ടാണ് തിരുനെല്ലിയിലേക്ക് പ്രവഹിക്കുന്നത്. കാനനഭൂമിയിലെ പാപനാശിനിയിൽ ബലിതർപ്പണം നടത്താൻ ഓരോ വർഷവും വിശ്വാസികളുടെ ഒഴുക്ക് വർദ്ധിക്കുന്നു.സംസ്ഥാനത്ത് നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നുമായി തലേന്ന് തന്നെ വിശ്വാസികൾ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. പക്ഷെ കെ.എസ്.ആർ.ടി.സി എട്ടിന്റെ പണി തന്നെ വിശ്വാസികൾക്ക് കൊടുത്തു.അതേ പോലെ കർണ്ണാടകയിലെ ഗുണ്ടൽപ്പേട്ടിലെ പൂപ്പാടത്തേക്കുളള പ്രിയദർശിനി യാത്രക്കും. കെ.എസ്.ആർ.ടി.സിയാണ് രണ്ടിടങ്ങളിലും വിലങ്ങ് തടിയായി മാറിയത്. വിളിച്ചുണർത്തിയിട്ട് (സ്ത്രീകളെ) ഊണില്ലെന്ന് പറഞ്ഞത് പോലെയായി ഇത്.പ്രിയദർശിനി സർവീസുള്ളതിനാൽ സ്ത്രീകളുടെ വലിയൊരു ഒഴുക്ക് തിരുനെല്ലി പാപനാശിയിലേക്കും ഗുണ്ടൽപ്പേട്ടിലേക്കും ഉണ്ടായി.

തിരുനെല്ലി പാപാനാശിനിയിൽ ബലിതർപ്പണത്തിന് തലേന്ന് തന്നെ നിരവധി വിശ്വാസികൾ എത്തിയിരുന്നു.കർക്കിടക വാവ് ദിവസം പുലർച്ചെ മൂന്ന് മണി മുതലാണ് പാപനാശിനിയിൽ ബലിതർപ്പണം ആരംഭിച്ചത്. കാലാവസ്ഥ അനുകൂലമായിരുന്നു. കർക്കിടക വാവ് ദിവസം പുലർച്ചെ മൂന്ന് മണിയോടെ തന്നെ മാനന്തവാടിയിൽ വിശ്വാസികൾ ബസ് കാത്ത് നിന്നു.എന്നാൽ കെ.എസ്.ആർ.ടി.സി പ്രിയദർശിനി ഉൾപ്പെടെ സ്പെഷ്യൽ സർവീസ് നടത്തിയില്ല.മണിക്കൂറുകളോളം ബസിന് കാത്ത് നിന്നിട്ടും ഫലം ഉണ്ടായില്ല. ക്ഷമ കെട്ട സ്ത്രീകൾ ഉൾപ്പെടെയുള്ള വിശ്വാസികൾ അമിത ചാർജ്ജ് നൽകി ടാക്സിയിലും മറ്റുമായി തിരുനെല്ലിയിലേക്ക് പോയി.ബസ് സർവീസ് ഇല്ലാത്തതിനാൽ പലരും വീട്ടിലേക്കും.ചിലർ മറ്റ് ക്ഷേത്രങ്ങളിലേക്ക് ബലിതർപ്പണത്തിനായി പോയി.തിരുനെല്ലിയിൽ നിന്ന് ബലിതർപ്പണത്തിന് ശേഷവും മാനന്തവാടിയിലേക്ക് കെ.എസ്. ആർ.ടി.സി സ്പെഷ്യൽ ബസ് സർവീസ് അനുവദിച്ചില്ല.പതിനായിരക്കണക്കിന് വിശ്വാസികൾ ബലിതർപ്പണത്തിന് എത്തിയ ഇടത്തേക്കാണ് കെ.എസ്. ആർ.ടി.സയുടെ ഈ ക്രൂര നടപടി.ഒരിക്കൽ വൃതമെടുത്ത് കർമ്മം ചെയ്യാനായി എത്തിയവരെ കെ.എസ്.ആർ.ടി.സി ശരിക്കും വലച്ചു. ഒടുവിൽ ഡി.വൈ.എഫ്.ഐ സമരവുമായി രംഗത്ത് ഇറങ്ങിയപ്പോഴാണ് കെ.എസ്. ആർ.ടി.സി അധികൃതർ അൽപ്പമെങ്കിലും കരുണ കാണിക്കാൻ തയ്യാറായത്. ആകെ അനുവദിച്ചത് അഞ്ച് ഫാസ്റ്റ് സർവീസ് അടക്കം ഒമ്പത് സർവീസുകൾ!. കാനനഭൂമിയിലെ ബലിതർപ്പണത്തിന് ശേഷം ജലപാനം പോലുമില്ലാതെ ബുദ്ധിമുട്ടിയാണ് മണിക്കൂറുകളോളം ഇല്ലാത്ത ബസുകൾക്കായി റോഡിൽ കാത്ത് നിൽക്കേണ്ടി വന്നത്. ഒടുവിൽ തിരുനെല്ലി ദേവസ്വം അധികൃതർ യാത്ര ചെയ്യാനായി അഞ്ച് വാഹനങ്ങൾ ഏർപ്പാട് ചെയ്തു. തിരുനെല്ലി കർക്കിടക വാവിന് വേണ്ടി മാസങ്ങൾക്ക് മുമ്പ് തന്നെ ഒരുക്കങ്ങൾ ആരംഭിച്ചതാണ്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കൊണ്ടുള്ള പ്രവർത്തനമാണ് നടത്തിയിരുന്നത്. സബ് കളക്‌ടർ അതുൽസാഗറിന്റെ നേതൃത്വത്തിൽ പലതവണ യോഗവും ചേർന്നു.രണ്ട് വർഷം മുമ്പുവരെ തിരുനെല്ലി പാപനാശിനിയിലെ ബലിതർപ്പണത്തിന് സ്വകാര്യ വാഹനങ്ങളിൽ എത്തുന്നവരെ കാട്ടിക്കുളത്ത് വച്ച് പൊലീസ് തടഞ്ഞിരുന്നു.വനത്തിലെ ഗതാഗത കുരുക്ക് കണക്കിലെടുത്താണിത്.പകരം കാട്ടിക്കുളത്ത് നിന്ന് കെ.എസ്. ആർ.ടി.സി ബസിലാണ് വിശ്വാസികളെ തിരുനെല്ലിയിലേക്ക് അയച്ചിരുന്നത്. ഈ തീരുമാനത്തോടെ തിരുനെല്ലി പാപനാശിയിൽ ബലിതർപ്പണത്തിന് എത്തുന്നവരുടെ എണ്ണം കുറഞ്ഞു.വിശ്വാസികളെ നേരെ തിരുനെല്ലിയിലേക്ക് സ്വകാര്യ വാഹനങ്ങളിലും കർമ്മം ചെയ്യാൻ അനുവദിക്കണമെന്ന ആവശ്യം കണക്കിലെടുത്താണ് രണ്ട് വർഷമായി കാട്ടിക്കുളത്ത് തടയാതെ നേരെ തിരുനെല്ലിയിലേക്ക് കടത്തി വിടാൻ തുടങ്ങിയത്. അധിക ചാർജ്ജ് ഈടാക്കാതെ യാത്രക്കാരെ തിരുനെല്ലിയിൽ എത്തിക്കാൻ കെ.എസ്.ആർ.ടി.സി തയ്യാറാകണമെന്ന് ദേവസ്വം ആവശ്യപ്പെട്ടിരുന്നു.എന്നാൽ ഈ തീരുമാനം നടപ്പിലാക്കാനൊന്നും ഏതായാലും കെ.എസ്.ആർ.ടി.സി തയ്യാറായില്ല. ഇതിന്റെ ബുദ്ധിമുട്ട് ശരിക്കും വിശ്വാസികൾ അനുഭവിക്കുകയും ചെയ്തു.

# തിക്കും തിരക്കും

കർണ്ണാടക ഗുണ്ടൽപ്പേട്ടിലെ പൂപ്പാടം കാണാൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്ത്രീകൾ അടക്കമുള്ളവരുടെ ഒഴുക്കാണ്.ഓണം അവധി കൂടി വരുമ്പോൾ സന്ദർശക പ്രവാഹം ഇനിയും വർദ്ധിക്കും. ദേശീയപാതക്ക് ഇരുവശത്തുമുള്ള ഗുണ്ടൽപ്പേട്ട് ഗ്രാമം വിവിധ വർണങ്ങളാലുള്ള ചെണ്ടുമല്ലി അടക്കമുള്ള പൂക്കളാൽ മനോഹരമാണ്.കണ്ണഞ്ചിപ്പിക്കുന്ന അതിമനോഹര വിരുന്ന്.ഇത് കാണാനും സെൽഫിയെടുക്കാനും റീൽസെടുക്കാനുമായാണ് സന്ദർശക പ്രവാഹം.ഓരോ വർഷവും ഇവിടേക്ക് ജനതിരക്ക് കൂടി വരികയാണ്.ഇത്തവണ മലയാളിയുടെ അതിവിശാലമായ മുന്തിരി തോട്ടവും ഇവിടെ പുതുമയാണ്.സുൽത്താൻ ബത്തേരിയിൽ നിന്ന് കെ.എസ്.ആർ.ടി.സിയുടെ പ്രിയദർശിനി സർവീസ് ഗുണ്ടൽപ്പേട്ടിലേക്ക് സർവീസ് നടത്തുന്നുണ്ട്.അത് കൊണ്ട് തന്നെ ഗുണ്ടൽപ്പേട്ടിലേക്ക് അവധി ദിവസങ്ങളിൽ ജനങ്ങൾ ഒഴുകിയെത്തുന്നു.ഇതിൽ നല്ലൊരു ശതമാനം സ്ത്രീകളാണ്.കഴിഞ്ഞ ബുധനാഴ്ച മുന്നൂറോളം പേരാണ് പൂപ്പാടം കാണാൻ സുൽത്താൻ ബത്തേരി കെ.എസ്.ആർ.ടി സ്റ്റാൻഡിൽ എത്തിയത്.ഒരു ബസിൽ ഇരുന്നൂറോളം പേർ തിക്കിതിരക്കി കയറിപ്പറ്റി.നിന്ന് തിരിയാൻ പറ്റാത്ത അവസ്ഥ.ബസ് മുന്നോട്ടെടുക്കാൻ ഡ്രെെവർ തയ്യാറായില്ല.ആകെ ബഹളമായി.

സുൽത്താൻ ബത്തേരി ഗുണ്ടൽപ്പേട്ട് യാത്രയിൽ ഒരു ഡസനിലേറെ ഹമ്പുകൾ ഉള്ളതിനാൽ നിറയെ യാത്രക്കാരെയുമായി പോകാൻ കഴിയില്ലെന്ന ആവശ്യത്തിൽ ഡ്രൈവർ ഉറച്ച് നിന്നു. ഒടുവിൽ 146 യാത്രക്കാരെയും കൊണ്ട് സർവീസ് നടത്താൻ ചർച്ചയിലൂടെ തയ്യാറായി.വഴിയിൽ നിന്ന് ആരെയും കയറ്റില്ലെന്നും തീരുമാനമെടുത്തു.പ്രിയദർശിനി ബസ് സർവീസ് നടപ്പിലാക്കിയതോടെ സ്ത്രീ യാത്രക്കാരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. എന്നാൽ അതിന് അനുസരിച്ച് ബസുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ അധികൃതർ തയ്യാറായിട്ടില്ല.പകരം ഉള്ള സർവീസുകൾ വെട്ടിക്കുറക്കുകയും ഫാസ്റ്റ് പാസഞ്ചറിന്റെ എണ്ണം കൂട്ടുകയുമാണ് ചെയ്യുന്നത്.പ്രിയദർശിനി സൗജന്യയാത്രയുമായി ബത്തേരി ഡിപ്പോയിലെ മൂന്ന് ഓർഡിനറി ബസുകളാണ് ഗുണ്ടൽപ്പേട്ടിലേക്ക് സർവീസ് നടത്തുന്നത്. രാവിലെ 6,7,9, 10.20,12.,ഉച്ചക്ക് 1, 2.20, വൈകിട്ട് 4.20 എന്നീ സമയങ്ങളാണിത്.ഇത് എല്ലാ ദിവസവും തന്നെ ഇത് ഫുള്ളാണ്. ഗുണ്ടൽപ്പേട്ടിൽ നിന്ന് മടങ്ങാനും ഇതേ ബസുകൾ തന്നെ ആശ്രയം.ഗുണ്ടൽപ്പേട്ടിലെ പൂപ്പാടം ഇപ്പോൾ വൈറലാണ്. റീൽസുമായി ഓരോരുത്തരും ദിനവും രംഗത്ത് വരുന്നുണ്ട്.ഗുണ്ടൽപ്പേട്ട് പൂപ്പാടവും ഗോപാൽസ്വാമി ബെട്ടയും കാണാൻ ഏറെയും വരുന്നത് മലയാളികളാണ്.

വാൽക്കഷ്ണം:

ചികിത്സ വൈകിയത് കാരണം മനുവിനും മാധവനും പിന്നാലെ നൂൽപ്പുഴ പഞ്ചായത്തിലെ മുത്തങ്ങ കോളൂർ ഊരിലെ ശേഖര (68)നും മരിച്ചു.രക്തസമ്മർദ്ദം കുറഞ്ഞ് വീട്ടിൽ തളർന്ന് വീണ ശേഖരനെ വഴിയില്ലാത്തതിനാൽ ചുമന്നാണ് നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചത്.ഒടുവിൽ ആ ജീവനും രക്ഷിക്കാനായില്ല.സിസ്റ്റം തകരാർ.കഷ്ടം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY