SignIn
Kerala Kaumudi Online
Wednesday, 19 August 2026 4.59 AM IST

താലിബാന് ആഘോഷം: ഇന്ത്യയ്ക്ക് അപ്രതീക്ഷിത നേട്ടം

ss

ഓഗസ്റ്റ് 15ന് ഇന്ത്യയുടെ മറ്റൊരു അയൽരാജ്യം അഞ്ച് വർഷത്തെ ഭരണത്തിന്റെ പൂർത്തീകരണം അടയാളപ്പെടുത്തി വിജയദിനം ആഘോഷിച്ചു. താലിബാന്റെ ഭാഷയിൽ പറഞ്ഞാൽ, ജനാധിപത്യത്തിന്റെ മറ നീക്കി ഇസ്ലാമിക ഭരണത്തിന്റെ പതാക-അഫ്ഗാനിസ്ഥാന്റെ ആകാശത്ത് പാറുകയാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, നേരത്തെ ഉണ്ടായിരുന്ന പ്രതീക്ഷകൾക്കും ഭീതികൾക്കും വിരുദ്ധമായി, താലിബാൻ ഇന്ന് പാകിസ്ഥാനെതിരായ ഒരു വിലപ്പെട്ട തന്ത്രപരമായ ആസ്തിയായി മാറിയിരിക്കുകയാണ്.

താലിബാൻ 'ഇന്ത്യയ്ക്ക് സ്വാതന്ത്ര്യദിനാശംസകൾ' നേർന്നതും അഫ്ഗാനികൾ ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതും മാറ്റമാണ്. എന്നാൽ അഫ്ഗാനിസ്ഥാനിൽ എല്ലാം ശുഭകരമല്ല. സ്ഥിരതയും സുരക്ഷയും ഒരു പരിധിവരെ തിരിച്ചെത്തിയിട്ടുണ്ടെങ്കിലും, രാജ്യം ഇപ്പോഴും നിരവധി വെല്ലുവിളികൾക്കും ദൗർബല്യങ്ങൾക്കും വിധേയമാണ്.


നേട്ടങ്ങൾ
താലിബാൻ ഭരണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട നേട്ടം സ്ഥിരതയും സുരക്ഷയും പുനഃസ്ഥാപിക്കാൻ കഴിഞ്ഞതാണ്. സോവിയറ്റ് അധിനിവേശത്തിന്റെ അവസാനത്തിനുശേഷം പതിറ്റാണ്ടുകളോളം ആഭ്യന്തര സംഘർഷവും യുദ്ധവും അനുഭവിച്ച അഫ്ഗാനിസ്ഥാനിൽ ഇത് നവയുഗമാണ്. ഭരണസംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി താലിബാൻ നികുതി പിരിവ് കാര്യക്ഷമമാക്കുകയും റോഡുകൾ, അണക്കെട്ടുകൾ, കനാലുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യുന്നു.

യൂറോപ്പിലും മറ്റു രാജ്യങ്ങളിലും അഭയംതേടിയ അഫ്ഗാൻ കുടിയേറ്റക്കാരെയും അഭയാർത്ഥികളെയും തിരിച്ചെത്തിക്കുന്നതിനു ശ്രമിക്കുന്നു. അതോടൊപ്പം മദ്ധ്യേഷ്യൻ രാജ്യങ്ങളുമായുള്ള വ്യാപാരബന്ധം വിപുലീകരിക്കാനും അമേരിക്കയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനും കൂടുതൽ രാജ്യങ്ങളുമായി നയതന്ത്രബന്ധം സ്ഥാപിക്കാനും ആഗ്രഹിക്കുന്നു. അഭയാർത്ഥി പ്രവാഹത്തിന്റെയും മയക്കുമരുന്നിന്റെയും ഭീകരവാദത്തിന്റെയും കേന്ദ്രമല്ലാത്ത, സ്ഥിരതയുള്ള ഒരു അഫ്ഗാനിസ്ഥാൻ എന്ന പ്രതിച്ഛായയാണ് അവർ അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുന്നത്.


എന്നാൽ തൊഴിലില്ലായ്മയും സാമ്പത്തിക അവസരങ്ങളുടെ അഭാവവും വലിയ വെല്ലുവിളിയായി തുടരുന്നു. പ്രത്യേകിച്ച് തൊഴിലില്ലാത്ത യുവാക്കൾ തീവ്രവാദത്തിലേക്കും സാമൂഹിക അസംതൃപ്തിയിലേക്കും വഴുതിപ്പോകാനുള്ള സാദ്ധ്യത നിലനിൽക്കുന്നു. പാകിസ്ഥാനുമായുള്ള ബന്ധം വഷളാകുന്നതും താലിബാന്റെ പ്രാദേശിക സുരക്ഷയെ കൂടുതൽ സങ്കീർണമാക്കുന്നു. അതേസമയം അന്താരാഷ്ട്ര അംഗീകാരം ഇപ്പോഴും പരിമിതമാണ്. അതിനാൽ, ആഭ്യന്തര നിയന്ത്രണം ശക്തമാക്കിയെങ്കിലും, സാമ്പത്തിക ഒറ്റപ്പെടലും സാമൂഹിക പ്രതിസന്ധിയും നയതന്ത്രപരമായ പരിമിതികളും കാരണം അഫ്ഗാനിസ്ഥാൻ ഇപ്പോഴും ഒരു 'ഒറ്റപ്പെട്ട രാഷ്ട്രമാണ്'.


വെല്ലുവിളികൾ
താലിബാൻ ഭരണത്തിനെതിരായ ആഭ്യന്തര പ്രതിരോധവും പാകിസ്ഥാനുമായുള്ള രൂക്ഷമായ സംഘർഷവും വടക്കൻ, കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പുതിയ അസ്ഥിരതയ്ക്ക് വഴിയൊരുക്കുന്നു. ബദഖ്ഷാനിലെ താലിബാൻ വിരുദ്ധ ആക്രമണങ്ങൾ ഭരണകൂടത്തിന്റെ പൂർണ നിയന്ത്രണമെന്ന അവകാശവാദത്തെ ചോദ്യം ചെയ്യുന്നു. ഏകാധിപത്യഭരണം, തൊഴിലില്ലായ്മ, പ്രകൃതിവിഭവങ്ങളുടെ നിയന്ത്രണം എന്നിവയിലുള്ള ജനങ്ങളുടെ അസംതൃപ്തിയും പ്രതിരോധത്തിന് വളക്കൂറാകുന്നു.


ഇതിനിടെ, പാകിസ്ഥാനുമായുള്ള ബന്ധവും വഷളായി. പാകിസ്ഥാനെതിരെ പ്രവർത്തിക്കുന്ന ഭീകരസംഘടനകളെ നിയന്ത്രിക്കുന്നതിൽ താലിബാൻ പരാജയപ്പെട്ടുവെന്നാരോപിച്ച് പാകിസ്ഥാൻ അഫ്ഗാനിസ്ഥാനിൽ വ്യോമാക്രമണം നടത്തി. മറുവശത്ത്, പാകിസ്ഥാൻ താലിബാൻ വിരുദ്ധ ശക്തികളെ പിന്തുണയ്ക്കുന്നതായി താലിബാൻ സംശയിക്കുന്നു. ഇത്തരം പരസ്പര അവിശ്വാസം തന്നെ സംഘർഷം കൂടുതൽ രൂക്ഷമാക്കുന്നു.


അഫ്ഗാനിസ്ഥാന്റെ ആഭ്യന്തര സാഹചര്യം ഇപ്പോഴും അതീവ ഗുരുതരമാണ്. അന്താരാഷ്ട്ര സഹായത്തിൽ ഉണ്ടായ വെട്ടിക്കുറവുകൾ ഭക്ഷ്യസുരക്ഷയെ കൂടുതൽ ദുർബലമാക്കുകയും വിവിധ പ്രവിശ്യകളിൽ കടുത്ത പട്ടിണി വ്യാപിക്കുകയും ചെയ്തിട്ടുണ്ട്. താലിബാൻ പെൺകുട്ടികളുടെ സെക്കൻഡറി, സർവകലാശാല വിദ്യാഭ്യാസം നിരോധിച്ചതോടെ ഏകദേശം 24 ലക്ഷം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നഷ്ടപ്പെട്ടു. ഇത് അഫ്ഗാനിസ്ഥാന്റെ ഭാവിയിലെ മനുഷ്യവിഭവശേഷിയെയും സാമ്പത്തിക വികസനത്തെയും ഗുരുതരമായി ബാധിക്കുന്നു.


ഇന്ത്യയുടെ അപ്രതീക്ഷിത ആസ്തി
താലിബാനുമായുള്ള ഇന്ത്യയുടെ ഇപ്പോഴത്തെ ഇടപെടൽ അഫ്ഗാനിസ്ഥാൻ നയത്തിലെ ശ്രദ്ധേയമായ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. പതിറ്റാണ്ടുകളായി ന്യൂഡൽഹി താലിബാനെ ഒരു ഭീകരസംഘടനയായാണ് കണക്കാക്കിയിരുന്നത്. 'നല്ല താലിബാനും മോശം താലിബാനും' എന്ന വേർതിരിവ് അംഗീകരിക്കാനാവില്ല എന്നതായിരുന്നു ഇന്ത്യയുടെ നിലപാട്.


2021ൽ അമേരിക്ക അഫ്ഗാനിസ്ഥാനിൽ നിന്ന് പിന്മാറുകയും താലിബാൻ അധികാരം തിരിച്ചുപിടിക്കുകയും ചെയ്തപ്പോൾ ഇന്ത്യയുടെ ആശങ്ക സ്വാഭാവികമായിരുന്നു. താലിബാനും പാകിസ്ഥാനും തമ്മിലുള്ള അടുത്ത സഹകരണം കാശ്മീരിൽ ഉൾപ്പെടെ ഇന്ത്യയ്‌ക്കെതിരായ അതിർത്തി കടന്നുള്ള ഭീകരവാദം വർദ്ധിപ്പിക്കുമെന്നായിരുന്നു ഭയം. അതോടൊപ്പം അമേരിക്കൻ പിന്തുണയുള്ള അഫ്ഗാൻ സർക്കാരിന്റെ കാലത്ത് ഇന്ത്യ നടത്തിയ വൻ വികസന നിക്ഷേപങ്ങൾ നഷ്ടപ്പെടുമെന്നും ന്യൂഡൽഹി ആശങ്കപ്പെട്ടു.

എന്നാൽ ഇന്ന് സാഹചര്യം മാറിയിരിക്കുന്നു. താലിബാനും ഇസ്ലാമാബാദും തമ്മിലുള്ള ബന്ധം കടുത്ത സംഘർഷത്തിലേക്ക് നീങ്ങിയിരിക്കുന്നു. ഇന്ത്യ ഈ അവസരം പ്രായോഗിക നയതന്ത്രത്തിലൂടെ ഉപയോഗപ്പെടുത്തുകയാണ്.


വ്യാപാര, സാമ്പത്തിക

സഹകരണം
ഇന്ത്യ മാനവിക സഹായം തുടരുന്നതിനൊപ്പം വികസന സഹകരണവും വ്യാപാരവും കണക്ടിവിറ്റിയും പുനഃസ്ഥാപിക്കാൻ ശ്രമിച്ചു. ഇന്ത്യ-അഫ്ഗാനിസ്ഥാൻ എയർ ഫ്രെയ്റ്റ് കോറിഡോർ പുനരുജ്ജീവിപ്പിക്കാനും ഖനനം, അടിസ്ഥാനസൗകര്യം, ആരോഗ്യ മേഖലകൾ എന്നിവയിൽ ഇന്ത്യൻ നിക്ഷേപം ആകർഷിക്കാനും ഇരുരാജ്യങ്ങളും നീക്കം നടത്തി.


2025ൽ അഫ്ഗാനിസ്ഥാന്റെ ഇന്ത്യയിലേക്കുള്ള കയറ്റുമതി 2024ലെ 612 മില്യൺ ഡോളറിൽ നിന്ന് 755 മില്യൺ ഡോളറായി ഉയർന്നു. ഇതോടെ പാകിസ്ഥാനെ മറികടന്ന് താലിബാൻ ഭരണത്തിലുള്ള അഫ്ഗാനിസ്ഥാന്റെ ഏറ്റവും വലിയ കയറ്റുമതി വിപണിയായി ഇന്ത്യ മാറി.

2025ലെ ഉഭയകക്ഷി വ്യാപാരം ഏകദേശം 992 മില്യൺ ഡോളറിലെത്തി. കൂടാതെ, ഇറാനിലെ ചബഹാർ തുറമുഖവും അഫ്ഗാനിസ്ഥാനുമായുള്ള കണക്ടിവിറ്റിയും വഴി ഇന്ത്യക്ക് മദ്ധ്യേഷ്യ, ഇറാൻ, റഷ്യ എന്നിവയുമായി കൂടുതൽ വിശാലമായ വ്യാപാരബന്ധം വികസിപ്പിക്കാനുള്ള അവസരവും ലഭിക്കുന്നു.


തന്ത്രപരമായ ആസ്തി
ഒരിക്കൽ പാകിസ്ഥാന്റെ തന്ത്രപരമായ ആഴത്തിന്റെ ഭാഗമായി കണക്കാക്കപ്പെട്ടിരുന്ന താലിബാൻ ഇന്ന് പാകിസ്ഥാനുമായി കടുത്ത സംഘർഷത്തിലാണ്. ഇന്ത്യ ഈ വിള്ളലിനെ ഒരു പുതിയ തന്ത്രപരമായ അവസരമായി കാണുന്നു. ഇന്ത്യ താലിബാനുമായി സഖ്യമുണ്ടാക്കുകയല്ല ചെയ്യുന്നത്. മറിച്ച്, താലിബാനും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം സൃഷ്ടിച്ച ഭൗമരാഷ്ട്രീയ അവസരം പ്രയോജനപ്പെടുത്തുകയാണ്.

ഇതിലൂടെ ഇന്ത്യക്ക് കാബൂളിൽ കൂടുതൽ നയതന്ത്ര സാന്നിദ്ധ്യം, സാമ്പത്തിക അവസരങ്ങൾ, മദ്ധ്യേഷ്യയിലേക്കുള്ള കണക്ടിവിറ്റി, പാകിസ്ഥാന്റെ സ്വാധീനം പരിമിതപ്പെടുത്താനുള്ള സാദ്ധ്യത എന്നിവ ലഭിക്കുന്നു. അതുകൊണ്ട് ഒരിക്കൽ ഇന്ത്യയുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയായി കണക്കാക്കപ്പെട്ടിരുന്ന താലിബാൻ ഇന്ന് ഇന്ത്യയുടെ അപ്രതീക്ഷിത തന്ത്രപരമായ ആസ്തിയായി മാറിയിരിക്കുന്നു. ഇത് ഇന്ത്യ പിന്തുടരുന്ന സൂക്ഷ്മമായ റിയൽപൊളിറ്റിക്കാണ്. ഈ നേട്ടത്തിന്റെ ദീർഘകാല സ്ഥിരത പ്രവചനാതീതമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY