
സാമ്പത്തിക അനിശ്ചിതത്വം നേട്ടമാകും
കൊച്ചി: ഹ്രസ്വകാലത്തെ ഇടവേളയ്ക്ക് ശേഷം സ്വർണ വില വീണ്ടും കുതിപ്പിലേക്ക്. യു.എസ് സാമ്പത്തിക അനിശ്ചിതത്വം, പലിശ ഉയർത്താനുള്ള സാദ്ധ്യത കുറഞ്ഞത്, ഡോളറിന്റെ ദൗർബല്യം എന്നിവ സ്വർണത്തിലേക്ക് നിക്ഷേപകരെ ആകർഷിക്കുന്നു. ആഗസ്റ്റ് 12ന് സ്വർണ വില രണ്ടു മാസത്തെ ഉയർന്ന തലമായ 4,406 ഡോളറിലെത്തിയിരുന്നു. ജൂലായിൽ നാണയപ്പെരുപ്പം പ്രതീക്ഷിച്ച തലത്തിൽ തുടർന്നതിനാൽ സെപ്തംബറിൽ ഫെഡറൽ റിസർവ് പലിശ വർദ്ധിപ്പിക്കില്ലെന്നാണ് വിലയിരുത്തൽ. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലും പവൻ വില തിരിച്ചുകയറി. ഇന്നലെ പവന് വില 160 രൂപ ഉയർന്ന് 1,14,320 രൂപയായി. ജൂൺ 30ന് പവൻ വില 1,02,760 രൂപ വരെ ഇടിഞ്ഞിരുന്നു. ഒന്നര മാസത്തിനിടെ പവൻ വില 11,560 രൂപയാണ് കൂടിയത്.
വാങ്ങൽമൂഡിൽ കേന്ദ്ര ബാങ്കുകൾ
ജൂണിന് ശേഷം വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളുടെ സ്വർണം വാങ്ങൽ ശക്തമായി തുടരുന്നു. വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കുകളനുസരിച്ച് ജൂണിൽ കേന്ദ്ര ബാങ്കുകൾ 51 ടൺ നെറ്റ് സ്വർണം വാങ്ങി. മേയിൽ 41 ടൺ വാങ്ങിയിരുന്നു. ഇക്കാലയളവിൽ 19 ടൺ സ്വർണം വാങ്ങിയ പോളണ്ടാണ് ഒന്നാമത്. ചൈനയിലെ കേന്ദ്ര ബാങ്ക് 15 ടൺ വാങ്ങി. ഉസ്‌ബെക്കിസ്ഥാൻ 9 ടണ്ണും ഖസാക്ക്സ്ഥാൻ, സിംഗപ്പൂർ എന്നിവ 7 ടൺ വീതവും ശേഖരം വർദ്ധിപ്പിച്ചു. ജോർദാൻ, ചെക്ക് റിപ്പബ്ളിക് എന്നിവയും സ്വർണം വാങ്ങി.
വിറ്റൊഴിച്ച് റഷ്യ
വിദേശ നാണയ പ്രതിസന്ധി മറികടക്കാൻ റഷ്യ സ്വർണ വിൽപ്പന ശക്തമാക്കി. ജൂണിൽ ഒൻപത് ടൺ സ്വർണമാണ് റഷ്യ വിറ്റുമാറിയത്. തുർക്കി രണ്ട് ടൺ സ്വർണമാണ് വിറ്റഴിച്ചത്. നടപ്പുവർഷം ആദ്യ ആറ് മാസങ്ങളിൽ റഷ്യയും തുർക്കിയും ചേർന്ന് 127 ടൺ സ്വർണമാണ് വിൽപ്പന നടത്തിയത്.
കരുത്താകുന്നത്
പലിശ കൂടാനുള്ള സാദ്ധ്യത മങ്ങുന്നത്
അമേരിക്കൻ ഡോളറിന്റെ ദൗർബല്യം
കേന്ദ്ര ബാങ്കുകൾ ശേഖരം ഉയർത്തുന്നു
സുരക്ഷിത നിക്ഷേപ ആവശ്യമേറുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |