SignIn
Kerala Kaumudi Online
Thursday, 30 July 2026 4.34 AM IST

ക്ഷുദ്രം ഹൃദയ ദൗർബല്യം

suicide

കുരുക്ഷേത്ര ഭൂമിയിൽ, ശത്രുപക്ഷത്തെ ഗുരു ഭൂതരെയും ബന്ധു ജനങ്ങളെയും കണ്ട് തളർന്നുവീണ അർജുനനോട് ഭഗവാൻ കൃഷ്ണൻ അരുളി ചെയ്തു 'ക്ഷുദ്രം ഹൃദയ ദൗർബല്യം" എന്ന്. വില്ലാളി വീരനായിട്ട് കൂടി, ധർമ്മാധർമ്മങ്ങൾ ഏറ്റുമുട്ടുന്ന നിർണായക മുഹൂർത്തത്തിൽ, ആയുധം ഉപേക്ഷിച്ച് യുദ്ധഭൂമി വിട്ടോടാൻ പ്രേരിപ്പിച്ച അർജുന വിഷാദത്തിന്റെ മൂല ഹേതു മ്ലേച്ഛമായ ഹൃദയ ദൗർബല്യം അല്ലാതെ മറ്റൊന്നുമല്ലെന്ന് പ്രഖ്യാപിക്കുകയാണ് കൃഷ്ണൻ ഭഗവദ്ഗീതയിൽ ഉടനീളം. സർവകാല പ്രസക്തമാണ് ഗീതോപദേശം. അർജുനന് എന്നല്ല, ആർക്കും എപ്പോൾ വേണമെങ്കിലും ബാധിക്കാവുന്നതുമാണ് വിഷാദവും അതിൽ നിന്നുടലെടുക്കുന്ന വിരക്തിയും. ധർമ്മയുദ്ധാരംഭ വേളയിൽ മാത്രമല്ല, അതിനൊക്കെ വളരെ മുമ്പ് കർമ്മവേളയിൽ ഒരിക്കൽ പാർത്ഥൻ ജീവിതം തന്നെ അവസാനിപ്പിക്കാൻ തുനിഞ്ഞു. നൈരാശ്യം ബാധിച്ച അർജുനൻ അന്ന് അഗ്നികുണ്ഡമൊരുക്കി ആത്മാഹുതിക്ക് ഒരുങ്ങി. അന്നും തടഞ്ഞത് യോഗേശ്വരനായ കൃഷ്ണൻ തന്നെ.

ദ്വാപര യുഗത്തിൽ മാത്രമല്ല, ആധുനിക യുഗത്തിലും വിഷലിപ്തമായ വിഷാദം വ്യക്തികളെ വേട്ടയാടുന്നു. അവരിൽ പലരും അന്തിമമായി അഭയം തേടുന്നത് ആത്മഹത്യയിൽ. വിഷാദത്തിനുള്ള കാരണങ്ങൾ വിഭിന്നമെന്ന് മാത്രം. സാമ്പത്തികം, വൈകാരികം, വിദ്യാഭ്യാസപരം, തൊഴിൽപരം എന്നിങ്ങനെ. എന്തായാലും, അനുദിനം വർദ്ധിച്ച് വരികയാണ് ജീവിത നൈരാശ്യം മൂലമുള്ള ആത്മഹത്യകൾ. പ്രത്യേകിച്ച് 'ദൈവത്തിന്റെ സ്വന്തം നാട്" എന്ന് നാം വിശേഷിപ്പിക്കുന്ന നമ്മുടെ കേരളത്തിൽ. ഭയാനകമാണ് അതു സംബന്ധിച്ചുള്ള സ്ഥിതി വിവര കണക്കുകൾ. ദേശീയ ശരാശരിയേക്കാൾ കൂടുതലാണ് കേരളത്തിലെ ആത്മഹത്യാനിരക്ക്. ഭഗവാൻ കൃഷ്ണൻ ചൂണ്ടിക്കാട്ടിയ ഹൃദയ ദൗർബല്യം അല്ലാതെ, മറ്റൊന്നുമല്ല ആത്മഹത്യകളുടെ അടിസ്ഥാന കാരണം. വൈദ്യശാസ്ത്രം അതിനെ വിഷാദരോഗം എന്ന് വിളിക്കും. വൈകാരിക ഗുണകമെന്നോ വൈകാരിക ഘടകമെന്നോ പരിഭാഷപ്പെടുത്താവുന്ന 'ഇമോഷണൽ കോഷ്യന്റി"ന്റെ ന്യൂനത,​ വിഷാദരോഗത്തിനും വിരക്തിക്കും ഇടയാക്കുന്നു എന്ന് മനഃശാസ്ത്രം. അതുതന്നെയല്ലേ ഭഗവാൻ പറഞ്ഞ 'ക്ഷുദ്രം ഹൃദയ ദൗർലഭ്യം"?

കഴിഞ്ഞയാഴ്ച രാഷ്ട്രത്തെയാകെ അലട്ടിയ ഇരുപത്തിയൊന്ന് വിദ്യാർത്ഥികളുടെ ആത്മഹത്യ ഉയർത്തിയ അലയൊലികൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. അഭൂതപൂർവമായിരുന്നു അവ. അതിന്റെ രാഷ്ട്രീയം ചർച്ച ചെയ്യാൻ ഈയുള്ളവന് തത്കാലം ആവില്ല. പക്ഷെ വ്യക്തികളുടെ ആത്മഹത്യ ഒരു സാമൂഹ്യ പ്രശ്നമാണ്. പരീക്ഷയിലെ പരാജയം ആത്മഹത്യയ്ക്ക് പ്രേരകമാവുന്നത് ഇതാദ്യമല്ല. അതുകൊണ്ട് അതിന്റെ ഗൗരവം അവഗണിക്കാനാവില്ല. പരീക്ഷാ സംവിധാനത്തിലെ പാളിച്ചകൾ പരിഹരിച്ചേ മതിയാവൂ. അല്പം അമാന്തം ഉണ്ടായെങ്കിലും പ്രധാനമന്ത്രി തന്നെ നേരിട്ട് പരീക്ഷാ സമ്പ്രദായവും സംവിധാനവും കുറ്റമറ്റതാക്കാനുള്ള പരിശ്രമം ആരംഭിച്ചു എന്നത് ആശ്വാസകരം, ആശാവഹം.

ഏതാനും ആഴ്ച മുമ്പ്, വീടിനു വാടക കൊടുക്കാൻ നിവൃത്തിയില്ലാതെ, കോതമംഗലത്തെ ഒരു നാലംഗ കുടുംബം പുഴയിൽ ചാടി ജീവിതം അവസാനിപ്പിച്ചത് കേരള മനഃസാക്ഷിയെ ഞെട്ടിച്ചു. കഴിഞ്ഞയാഴ്ചയിലാണ് ഈയുള്ളവൻ തിരുവനന്തപുരത്തെ, ഒരു മലയാള പത്രപ്രവർത്തക സുഹൃത്തിന്റെ ആത്മഹത്യ അറിഞ്ഞ് അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയത്. ആദ്ധ്യാത്മികതയിൽ അതീവ തത്പരനായിരുന്ന അദ്ദേഹത്തെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച കാരണം തികച്ചും ഭൗതികമെന്നത് വിധി വൈപരീത്യം.

സാക്ഷാൽ ശ്രീകൃഷ്ണൻ ആത്മമിത്രം ആയിരുന്നിട്ട് കൂടി അർജുനനെ ഇടയ്ക്കിടെ വിഷാദവും ജീവിത നൈരാശ്യവും ബാധിച്ചിരുന്നെങ്കിൽ ഈയുള്ളവന്റെ കൃഷ്ണ ഭക്തനായ സുഹൃത്ത് വിഷാദരോഗത്താൽ ആത്മഹത്യ ചെയ്യാൻ ഇടയായതിൽ എന്തത്ഭുതം എന്ന് ചിന്തിച്ചു പോവുന്നു. അതേയവസരത്തിൽ ശാസ്ത്രജ്ഞ സമൂഹത്തിലും ഗവേഷണ സ്ഥാപനങ്ങളിലും ആത്മഹത്യകൾ ഒട്ടും കുറവല്ലെന്നതും ഒപ്പം ഓർത്തുപോവുന്നു. വിയറ്റ്‌നാമിലും മറ്റും ഇടക്കാലത്ത് അനേകം ബുദ്ധ ഭിക്ഷുക്കൾ ആത്മാഹുതി ചെയ്തു. സാംസ്കാരിക വിപ്ലവത്തിനിടയിൽ ചൈനയിലും നടന്നു, അസംഖ്യം ആത്മഹത്യകൾ.

പ്രശസ്തിയുടെ പടവുകൾ ഏറെ പിന്നിട്ടിട്ടും ആത്മഹത്യ ചെയ്തവർ എത്രയെത്ര. ഏണസ്റ്റ് ഹെമിംഗ്വേ, വെർജീനിയ വുൾഫ്, വിൻസെന്റ് വാൻ ഗോഗ്, അഡോൾഫ് ഹിറ്റ്ലർ, ക്ലിയോപാട്ര, മെർലിൻ മൺറോ എന്നിങ്ങനെ നീളുന്നു ആഗോള പ്രസിദ്ധി നേടിയിട്ടും ആത്മഹത്യ ചെയ്യേണ്ടി വന്നവർ. നമ്മുടെ മലയാള സിനിമയിലെ ശോഭ, ശ്രീനാഥ,​ ക്രിക്കറ്റ് താരം ചന്ദ്രശേഖർ, ഫുട്ബാൾ താരം വി.പി.സത്യൻ, മലയാള സാഹിത്യരംഗത്തെ നന്ദനാർ, ഇടപ്പിള്ളി രാഘവൻ പിള്ള, രാജലക്ഷ്മി തുടങ്ങിയവരും നൈരാശ്യത്താൽ ജീവിതം അവസാനിപ്പിച്ചവരാണ്. കേരള ചരിത്രത്തിലെ ധീര ദേശാഭിമാനികളായ വേലുത്തമ്പി ദളവയും പഴശ്ശിരാജയും ശത്രുവിനു പിടി കൊടുക്കാതെ സ്വയം ജീവനൊടുക്കി. ആത്മഹത്യ അങ്ങേയറ്റത്തെ ഭീരുത്വം മൂലമാണെന്നും അതല്ല അസാമാന്യ ധൈര്യം ഉള്ളവരുടെ അതിസാഹസികതയാണെന്നും വിരുദ്ധ വാദങ്ങളുണ്ട്.

ആൽബേർ ക്യാമു ആണ് പണ്ട് പറഞ്ഞ് വച്ചത്- 'ആത്മഹത്യ ഒരു ദാർശനിക പ്രശ്നമാണ്" എന്ന്. മറ്റൊരു ഫ്രഞ്ച് ചിന്തകൻ സാർത്രെ അതിനോട് യോജിച്ചില്ല. പുരാതന ഗ്രീസിലും റോമിലും ആത്മഹത്യ പാപമായിരുന്നില്ലത്രെ.

പക്ഷേ പിൽക്കാലത്ത് പൈതഗോറസും അരിസ്റ്റോട്ടിലും ആത്മഹത്യയെ എതിർത്തു. എന്നാൽ തോമസ് മോർ 'ഉട്ടോപ്യ"യിൽ ആത്മഹത്യയെ, രോഗപീഡയിൽ നിന്നും വേദനയിൽ നിന്നുമുള്ള മോചന മാർഗമായി വാഴ്ത്തി. ലിത്വേനിയയിൽ ആത്മഹത്യ പവിത്രമാണെന്ന് വിശ്വസിച്ചിരുന്നു. പണ്ട് ഭാരതത്തിൽ, വിധവകൾ തീ കൂട്ടിയിട്ട് അതിൽ ആത്മാഹുതി ചെയ്തിരുന്ന 'സതി" എന്ന അനുഷ്ടാനം പുണ്യമായി കരുതിയിരുന്നത് പോലെ.

എഴുതാതെ വയ്യ ഇതൊക്കെ. എന്നാൽ ചിലതൊക്കെ എഴുതാനും വയ്യ. ആമുഖമായി അവതരിപ്പിച്ച ഗീതാശ്ലോകം ഉദ്ധരിച്ച് കൊണ്ട് അവസാനിപ്പിക്കട്ടെ.

ക്ഷുദ്രം ഹൃദയ ദൗർബല്യം

ത്യക്‌തോത്തിഷ്ഠ ഭാരത!

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUICIDE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY