SignIn
Kerala Kaumudi Online
Tuesday, 21 April 2026 3.41 PM IST

ആണവ വൈദ്യുതിയിലെ പുതിയ അദ്ധ്യായം

Increase Font Size Decrease Font Size Print Page
d

പരമാണുവിലും ചെറുതായൊന്ന് ഇല്ലാത്തതുപോലെ,​ ഊർജ്ജത്തിന്റെ അളവിൽ അതിലും വലുതായും മറ്റൊന്നില്ല എന്നത് ഊർജ്ജതന്ത്രത്തിന്റെ അടിസ്ഥാന രഹസ്യമാണ്! ഈ പരമാർത്ഥം തിരിച്ചറിഞ്ഞാണ് ആണവ വൈദ്യുതിയുടെ സാദ്ധ്യതകളിലേക്ക് വമ്പൻ രാഷ്ട്രങ്ങൾ ഉറ്റുനോക്കുന്നത്. ആണവോർജ്ജത്തിന്റെ സംഹാരാത്മക രൂപത്തിന്റെയത്ര ആഘോഷിക്കപ്പെടാറുള്ളതല്ല,​ അതിന്റെ സൃഷ്ട്യുന്മുഖമായ സംഭാവനകൾ. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ മൂലകാരണംതന്നെ 'ആണവം" ആണെന്നോർക്കണം. ഈ ആണവ മത്സരങ്ങൾക്കിടയിലാണ് ഇന്ത്യ ആണവ വൈദ്യുതി ഉത്പാദനത്തിൽ പുതിയൊരു നാഴികക്കല്ല് സ്ഥാപിച്ച്,​ തമിഴ്നാട്ടിലെ കൽപ്പാക്കം ആണവോർജ്ജ നിലയത്തിൽ 500 മെഗാവാട്ട് പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ പ്രവർത്തനസജ്ജമാക്കിയത്. ഇറക്കുമതി ചെയ്യുന്ന യുറേനിയത്തിന് ഒപ്പം രാജ്യത്ത് വലിയ തോതിൽ ലഭ്യമായ തോറിയം ഇന്ധനമായി ഉപയോഗിക്കാമെന്നതാണ് പുതിയ റിയാക്ടറിന്റെ സവിശേഷത.

ലോകത്തുതന്നെ തോറിയം നിക്ഷേപം ഏറ്റവും കൂടുതലുള്ളത് കേരളത്തിൽ,​ കൊല്ലം ജില്ലയുടെ കടൽത്തീരത്താണ് എന്നത് ഭാവിയിൽ ഊർജ്ജമേഖലയിൽ സംസ്ഥാനത്തിനു മുന്നിലുള്ള അനന്തസാദ്ധ്യതകളിലേക്ക് വഴിതുറക്കുന്നതാണ്! ലോകത്ത് റഷ്യയ്ക്കു മാത്രമാണ് നിലവിൽ ഫാസ്റ്റ് ബ്രീഡിംഗ് റിയാക്ടർ ഉള്ളത്. ഇന്ത്യ മൂന്നു ഘട്ടമായി കൈവരിക്കാനിരിക്കുന്ന ആണവപദ്ധതിയുടെ രണ്ടാംഘട്ടമാണ് ഇപ്പോൾ കൽപ്പാക്കത്തെ ഫാസ്റ്ര് ബ്രീഡർ റിയാക്ടറിലൂടെ പ്രവർത്തനസജ്ജമായിരിക്കുന്നത്. തോറിയം ഇന്ധനമായി ഉപയോഗിക്കുന്ന മൂന്നാംഘട്ടം കൂടി പൂർത്തിയാകുന്നതോടെ ചെലവു കുറഞ്ഞ വൈദ്യുതി എന്ന നമ്മുടെ സ്വപ്നം വലിയ അളവിൽ യാഥാർത്ഥ്യമാവുക തന്നെ ചെയ്യും. ഊർജ്ജപ്രതിസന്ധിയാണ് ഭാവിയിൽ ഏതു രാജ്യവും നേരിടാനിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി എന്നിരിക്കെ,​ ഇന്ത്യയുടെ 'ഭാവിനി" റിയാക്ടർ ഈ രംഗത്ത് രചിക്കുക 'തോറിയം വിപ്ളവം" ആയിരിക്കുമെന്ന് തീർച്ച.

നിലവിൽ കൽപ്പാക്കവും കൂടങ്കുളവും ഉൾപ്പെടെ നമ്മുടെ ഏഴ് ആണവോർജ്ജ കേന്ദ്രങ്ങളിലെ 24 റിയാക്ടറുകളിൽ നിന്ന് ലഭ്യമാകുന്നത് രാജ്യത്താകെയുള്ള വൈദ്യുതി ഉത്പാദനത്തിന്റെ വെറും മൂന്ന് ശതമാനം മാത്രമാണ്. ആണവ റിയാക്ടറുകളിലെ അടിസ്ഥാന ഇന്ധനമായ യുറേനിയത്തിന്റെ ദൗർലഭ്യം തന്നെയാണ് ആണവോർജ്ജ മേഖലയിൽ ഇതുവരെയുള്ള നമ്മുടെ പരിമിതി. 2035 വരെയുള്ള കാലയളവിൽ 10,​000 ടൺ യുറേനിയം വാങ്ങുന്നതുമായി ബന്ധപ്പെട്ട് കാനഡയുമായി 200 കോടിയിലധികം ഡോളറിന്റെ കരാറിൽ ഇന്ത്യ ഒപ്പുവച്ചത് ഇക്കഴിഞ്ഞ മാർച്ചിലാണ്. അടുത്ത പത്തുവർഷത്തിനിടെ ആണവ വൈദ്യുതിയിൽ ഭാരതത്തിന്റെ പ്രതീക്ഷ 27,​500 മെഗാവാട്ട് ഉത്പാദനമാണ്. ആ ലക്ഷ്യം കൈവരിക്കുന്നതിനുള്ള പ്രയത്നങ്ങൾക്ക് ഉത്തേജനം പകരുന്നതാവും,​ കൽപ്പാക്കത്തെ 'ഭാവിനി" ഫാസ്റ്റ് ബ്രീഡർ റിയാക്ടർ. ഇപ്പോൾ റഷ്യ ഏകപക്ഷീയ സാന്നിദ്ധ്യം കൈയാളുന്ന ഫാസ്റ്റ് ബ്രീഡർ റിയാക്ടർ മേഖലയിൽ ഭാവിയിൽ ശക്തമായ മത്സരം ഉറപ്പിക്കാൻ കൂടി ഇത് ഇന്ത്യയ്ക്ക് കരുത്താകും.

റഷ്യയിൽ നിന്നാണ് ആണവ ആവശ്യത്തിനുള്ള യുറേനിയത്തിന്റെ നല്ല പങ്കും ഇപ്പോൾ ഇന്ത്യ വാങ്ങുന്നത്. കാനഡ,​ കസാക്കിസ്ഥാൻ,​ ഉസ്ബക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുമുണ്ട്, ഇറക്കുമതി. നമ്മുടെ ആണവ റിയാക്ടറുകളിൽ ഇന്ധനമായി ഉപയോഗിക്കാൻ വേണ്ടത്ര യുറേനിയം രാജ്യത്തുതന്നെ ലഭ്യമാകാതിരിക്കുന്ന സാഹചര്യത്തിൽ ബദൽ മാർഗത്തിനായി നടത്തിയ ദീർഘകാല പരീക്ഷണങ്ങളാണ് തോറിയം ഉപയോഗിക്കാവുന്ന റിയാക്ടർ വികസിപ്പിച്ചെടുക്കുന്നതിൽ എത്തിയത്. ആണവ റിയാക്ടറുകൾ ഉയർത്തുന്ന ഏറ്റവും വലിയ ഭീഷണി,​ അതിൽ നിന്നുള്ള റേഡിയോ ആക്ടീവ് മാലിന്യങ്ങളാണ്. യുറേനിയത്തിനു പകരം തോറിയം ഉപയോഗിക്കുന്ന ഇന്ത്യയുടെ തദ്ദേശീയ റിയാക്ടർ ഉത്പാദനം തുടങ്ങുന്നതോടെ ആ ഭീഷണക്കും വലിയ അളവിൽ പരിഹാരമാകും. ഇന്ത്യയുടെ ആണവ വൈദ്യുതി ഉത്പാദനത്തിൽ ഏറ്റവും വലിയ നേട്ടം കൈവരിക്കാൻ പോകുന്നത് തോറിയത്തിന്റെ അക്ഷയഖനി കൈവശമുള്ള കേരളം ആയിരിക്കുകയും ചെയ്യും.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.