SignIn
Kerala Kaumudi Online
Sunday, 31 May 2026 3.17 AM IST

കുമ്പളങ്ങിയിൽ മദ്ധ്യവയസ്‌കൻ വെട്ടേറ്റുമരിച്ചു; ഒരാൾ കസ്റ്റഡിയിൽ

mayavan
മായവൻ

കൊച്ചി: കുമ്പളങ്ങി കംസേയി മാർക്കറ്റിലെ പച്ചക്കറി കടയ്ക്കുള്ളിൽ മദ്ധ്യവയസ്‌കനെ വെട്ടേറ്റുമരിച്ചനിലയിൽ കണ്ടെത്തി. തമിഴ്‌നാട് പഴനി സ്വദേശി മായവനാണ് (മായിൻ-53) കൊല്ലപ്പെട്ടത്. ശനിയാഴ്ച പുലർച്ചെയാണ് രക്തത്തിൽ കുളിച്ചനിലയിൽ മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കുമ്പളങ്ങി സ്വദേശിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

കുമ്പളങ്ങി മാർക്കറ്റിലെ പച്ചക്കറിക്കടയ്ക്ക് സമീപം കുട നന്നാക്കുന്ന ജോലിചെയ്തുവരികയായിരുന്നു മായവൻ. കടയോട് ചേർന്നുള്ള ചെറിയ മുറിയിലായിരുന്നു താമസിച്ചിരുന്നത്. രാവിലെ പച്ചക്കറി കടയിലെത്തിയ തൊഴിലാളികളാണ് മൃതദേഹം ആദ്യംകണ്ടത്. തുടർന്ന് കുമ്പളങ്ങി പൊലീസ് ഒ‌ൗട്ട്പോസ്റ്റിൽ അറിയിച്ചു.

കഴുത്തിനും ദേഹത്തുമെല്ലാം ആഴത്തിൽ മുറിവേറ്റിരുന്നു. ചോരവാർന്നാണ് മരണമെന്നാണ് നിഗമനം. കൊച്ചി സിറ്റി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ദ്ധരുമെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. സി.സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുമ്പളങ്ങി സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ മായവൻ താമസിച്ചിരുന്ന കടയിലേക്ക് കടക്കുന്ന ദൃശ്യം ലഭിച്ചിട്ടുണ്ട്.

കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്. മോഷണശ്രമമാണോ അതോ മുൻവൈരാഗ്യമാണോ കൊലപാതകത്തിന് പിന്നിലെന്ന് പരിശോധിക്കുന്നു. അതേസമയം മായവൻ മദ്യപിക്കാറില്ലെന്ന വിവരം ലഭിച്ചതോടെ മദ്യലഹരിയിലുണ്ടായ തർക്കമാകാനുള്ള സാദ്ധ്യത പൊലീസ് തള്ളി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT, ERNAKULAM, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY