SignIn
Kerala Kaumudi Online
Thursday, 21 May 2026 2.33 AM IST

ഗർഭിണി വെന്തുമരിച്ച സംഭവം ബാഹ്യ ഇടപെടലില്ലെന്ന് പൊലീസ് നിഗമനം

p

കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് ഗർഭിണി വെന്തുമരിച്ച സംഭവത്തിൽ ബാഹ്യ ഇടപെടലില്ലെന്ന് പൊലീസ് നിഗമനം. സംഭവദിവസം മാതൃസഹോദരിയുടെ മകൾക്കൊപ്പം ടൗണിൽ ഷോപ്പിംഗിനുപോയ സോന (27) ലെെറ്റർ വാങ്ങിയതായി കണ്ടെത്തി. ഷോപ്പിംഗിനിടെ കുറച്ചുനേരം സോനയെ കാണാതായിരുന്നു. ഈസമയം ഇവർ എവിടെയൊക്കെ പോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

യുവതി പെട്രോൾ ബങ്കിൽ നിന്ന് കന്നാസിൽ പെട്രോൾ വാങ്ങുന്ന ദൃശ്യം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. കെെയിലുണ്ടായിരുന്ന കറുത്ത ബാഗിലൊളിപ്പിച്ചാണ് പെട്രോൾ കൊണ്ടുവന്നതെന്നും പൊലീസ് കണ്ടെത്തി. കന്നാസിന്റെ അടപ്പും സോനയുടെ കെെയിലുണ്ടായിരുന്ന ബാഗിന്റെ ഭാഗങ്ങളും കത്തിയ കാറിൽ നിന്ന് കണ്ടെത്തിയിരുന്നു.

16ന് രാത്രി 7.30ഓടെയാണ് ഭർത്താവ് രജിൻലാൽ സോനയെ മാതൃസഹോദരിയുടെ വീട്ടിൽ നിന്ന് കാറിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇറങ്ങുമ്പോൾ സോനയുടെ കെെയിൽ കന്നാസടങ്ങുന്ന ബാഗുണ്ടായിരുന്നതായാണ് പൊലീസ് നിഗമനം. രാത്രി 9.15ഓടെയാണ് സോന കാറിൽ വെന്തുമരിച്ചത്.

മറ്റൊരു സ്ത്രീയുമായി രജിൻലാലിനു ബന്ധമുണ്ടെന്ന് സോനയ്ക്ക് സംശയമുണ്ടായിരുന്നു. ഇതേച്ചൊല്ലി പലപ്പോഴും തർക്കമുണ്ടായിട്ടുണ്ട്. ഭർത്താവിന്റെ കുടുംബാംഗങ്ങളിൽ ചിലരിൽ നിന്ന് മാനസിക പീഡനവുമുണ്ടായിരുന്നുവെന്ന് സോനയുടെ ബന്ധുക്കൾ ആരോപിക്കുന്നു. തന്റെ ജീവിതം തകർത്തതിൽ രജിൻലാലിനോടും സോനയ്ക്ക് പകയുണ്ടായിരുന്നു. പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിലുള്ള രജിൻലാലിന്റെ മൊഴിയെടുക്കാനായിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA